Friday, June 14, 2013

ഫോണ്‍കിട്ടിയാല്‍ ഉമ്മന്‍ചാണ്ടി വിളിക്കും, തിരുവഞ്ചൂര്‍ ചോര്‍ത്തും

മന്ത്രിസഭയുടെ തലപ്പത്തിരിക്കുന്ന രണ്ടുപേര്‍ക്ക് ടെലിഫോണ്‍ വല്ലാത്ത ദൗര്‍ബല്യമാണ്. ഒന്ന് മുഖ്യമന്ത്രിയും മറ്റൊന്ന് ആഭ്യന്തരമന്ത്രിയും. മറുതലയ്ക്കല്‍ കള്ളനോ കൊള്ളക്കാരനോ എന്നൊന്നും നോക്കില്ല, ഫോണ്‍ കിട്ടിയാല്‍ ഉമ്മന്‍ചാണ്ടി വിളിച്ചിരിക്കും.

തിരുവഞ്ചൂരിന്റെ കാര്യം മറിച്ചാണ്. നാട്ടില്‍ കൊള്ളാവുന്ന ആരെങ്കിലും ഫോണ്‍ വിളിക്കുന്നുണ്ടെന്നറിഞ്ഞാല്‍ ഉറപ്പായും അദ്ദേഹം ചോര്‍ത്തിയിരിക്കും. ഈ ദുശീലം ഇരുവര്‍ക്കും ചില്ലറ നേട്ടങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ടാവാം. പക്ഷേ ഇവരുടെ ഈ ഹോബി ഇന്നലെ സഭയെ ഇളക്കി മറിച്ചു.

കോടികളുടെ വെട്ടിപ്പുകേസില്‍ ചെങ്ങന്നൂരില്‍ പിടിയിലായ യുവതിയുമായി മുഖ്യമന്ത്രിക്ക് എന്തുബന്ധം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. ഏതു യുവതി, എന്തു യുവതി എന്ന മട്ടില്‍ എല്ലാം സുതാര്യമാണെന്ന് ഉമ്മന്‍ചാണ്ടി വിശദീകരിച്ചപ്പോള്‍ ഫോണ്‍വിളികളുടെ സി ഡി അടക്കമുള്ള രേഖകളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആദ്യ അമ്പെയ്തു.

ക്ലിഫ് ഹൗസില്‍ നിന്ന് തട്ടിപ്പുറാണിയെ എഴുപതു തവണ എന്തിനു വിളിച്ചുവെന്ന ആരോപണത്തിനു മുന്നില്‍ ഉമ്മന്‍ചാണ്ടി പതറി. ''എല്ലാം അന്വേഷിക്കുകയാണ്. അതു കഴിയട്ടെ'' എന്നുമാത്രമായിരുന്നു ആവര്‍ത്തിച്ചുള്ള മറുപടി. സ്വന്തമായി മൊബൈല്‍ ഫോണ്‍പോലുമില്ലാത്ത പാവത്താനാണെന്ന രീതിയില്‍ മുഖ്യമന്ത്രി കൈകഴുകിയപ്പോള്‍ ഇറങ്ങിപ്പോക്കല്ലാതെ പ്രതിപക്ഷത്തിനു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു.

ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷത്തേക്കാള്‍ വീറോടെയാണ് കോണ്‍ഗ്രസിലെ സി പി മുഹമ്മദ് പൊലീസിനെ ആക്രമിച്ചത്. പാമ്പിന്റെ വായില്‍ പെടുന്ന തവളയെപ്പോലെയാണ് പൊലീസിന്റെ കയ്യില്‍പെടുന്ന പാവങ്ങളുടെ അവസ്ഥയെന്നാണ് മുഹമ്മദ് പറഞ്ഞുവച്ചത്. എല്ലാം കഴിഞ്ഞ് തിരുവഞ്ചൂരിന് അഭിനന്ദനവും! സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി രമേശ് ചെന്നിത്തല കേരളയാത്ര നടത്തിയത് പൊലീസ് ഭരണത്തില്‍ സഹികെട്ടിട്ടാണെന്നാണ് പി തിലോത്തമന്റെ പക്ഷം.

ആര്‍ എസ് പി യിലെ കോവൂര്‍ കുഞ്ഞുമോന്‍ അല്‍പ്പനേരം സഭയില്‍ 'വൈദ്യകലാനിധി'യായി മാറി. മന്ത്രിസഭയ്ക്കാകെ ഡെങ്കിപ്പനി പിടിച്ചിരിക്കുകയാണെന്നും മന്ത്രിമാരുടെ കൗണ്ട് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നുമാണ് കുഞ്ഞുമോന്‍ കണ്ടെത്തിയത്.

പപ്പായയുടെ തളിരില ഇടിച്ചു പിഴിഞ്ഞ് കഷായം വെയ്ക്കുന്ന ചികിത്സാവിധി ആയുര്‍വേദത്തിലുണ്ടത്രെ. പക്ഷേ, ഡെങ്കി മാറ്റാന്‍ ചെന്നിത്തലയുടെ കൂമ്പിടിച്ചു വാട്ടി കഷായമുണ്ടാക്കി ഉമ്മന്‍ചാണ്ടി സേവിച്ചുകൊണ്ടിരിക്കുകയാണെന്ന രഹസ്യമാണ് കുഞ്ഞുമോന്‍ വെളിപ്പെടുത്തിയത്.

കറുത്തവര്‍ക്ക് അവഗണനയാണെന്നും തൊലിവെളുത്തവരെ കണ്ടാല്‍ സല്യൂട്ടടിക്കുന്ന പൊലീസാണ് ഇവിടെയുള്ളതെന്നും ഇന്റലിജന്‍സ് മേധാവി പറഞ്ഞത് എളമരം കരീം ചൂണ്ടിക്കാണിച്ചെങ്കിലും ആഭ്യന്തര മന്ത്രിക്കു മറുപടിയുണ്ടായില്ല.

മുഖ്യമന്ത്രി 24 മണിക്കൂറും ഓഫീസ് സുതാര്യമായി തുറന്നുവെക്കുന്നത് തട്ടിപ്പുകാരായ സരിതമാരെ വിളിക്കാന്‍ വേണ്ടിയാണോ എന്നായിരുന്നു സി ദിവാകരന്റെ ചോദ്യം.പി സി ജോര്‍ജിന്റെ വിപ്പ് അനുസരിക്കേണ്ടി വരുമോ എന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന കെ ബി ഗണേഷ് കുമാര്‍ ഏതായാലും രക്ഷപ്പെട്ടു. മീശ വടിക്കാതെ തന്നെ ഇനി നാട്ടിലിറങ്ങി നടക്കാം. ജോര്‍ജ് കഴിഞ്ഞ ദിവസം സഭയില്‍ നടത്തിയ 'മൊട്ടത്തല' പരാമര്‍ശം സ്പീക്കര്‍ സഭാരേഖകളില്‍ നിന്നു നീക്കം ചെയ്തു. തിരുവഞ്ചൂരിനെ ആധുനിക ഹിറ്റ്‌ലര്‍ ആയാണ് കെ കെ ജയചന്ദ്രന്‍ വിശേഷിപ്പിച്ചത്. ''രമയെ കാണാന്‍ പലവട്ടം താങ്കള്‍ പോയില്ലെ. തൃശൂരില്‍ വെട്ടേറ്റുമരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് മധുവിന്റെ ഭാര്യയുടെ പേരുപോലും നിങ്ങള്‍ക്കറിയില്ലല്ലോ'' എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

അഡീഷണല്‍ ഡി ജി പി ബി സന്ധ്യ കവിതയെഴുത്ത് തല്‍ക്കാലം നിര്‍ത്തേണ്ടിവരില്ല. പൊലീസിലെ സാഹിത്യരോഗമുള്ളവര്‍ക്ക് അച്ചടക്ക ചികിത്സ നല്‍കണമെന്ന് കെ മുരളീധരന്‍ വാദിച്ചെങ്കിലും കവിതകള്‍ ആദ്യമൊന്നു പഠിക്കട്ടെ എന്ന നിലപാടാണ് ആഭ്യന്തരമന്ത്രി സ്വീകരിച്ചത്. ജയിലില്‍ ചപ്പാത്തിയും ചിക്കനുമുണ്ടാക്കുന്ന ചുമതലയിലേയ്ക്ക് ഉദ്യോഗസ്ഥരെ മാറ്റിയതാണ് റിപ്പര്‍ ജയാനന്ദന് ജയില്‍ ചാടാന്‍ സാഹചര്യമൊരുക്കിയതെന്ന് മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരി ഇതിനിടെ പറഞ്ഞു.മലയാളത്തിനു ശ്രേഷ്ഠ പദവി കിട്ടിയ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിന്റെ പേര് 'ഉ' ഗ്രൂപ്പെന്ന് മാറ്റണമെന്ന് കോടിയേരി നിര്‍ദേശിച്ചു. കോണ്‍ഗ്രസിലെ സര്‍വ ശക്തനായ ചെന്നിത്തലയ്ക്ക് റവന്യൂപോലെയുള്ള വകുപ്പുകള്‍ നല്‍കാനുള്ള നീക്കം ബിരിയാണി ചെമ്പില്‍ കഞ്ഞിവെച്ചതുപോലെയാവുമെന്ന് കളിയാക്കാനും അദ്ദേഹം മറന്നില്ല.

തട്ടിപ്പുകാരിയെ നൂറുവട്ടം വിളിച്ച പ്രൈവറ്റ് സെക്രട്ടറിയെ പിരിച്ചുവിടാമോ എന്നു ചോദിച്ചാല്‍ പരിശോധിക്കാമെന്നു മുഖ്യമന്ത്രി പറയുന്നതുപോലെയായിരുന്നു ഫോണ്‍ ചോര്‍ത്തലില്‍ മന്ത്രി തിരുവഞ്ചൂരിന്റെയും വിശദീകരണം. ജി സുകുമാരന്‍ നായരുടെയും ചെന്നിത്തലയുടെയും ഫോണ്‍ ചോര്‍ത്തിയോ എന്നു പ്രതിപക്ഷം ചോദിച്ചപ്പോള്‍ ''ഞങ്ങളത് എന്തിനു ചെയ്യണം'' എന്ന മട്ടിലായിരുന്നു മറുപടി. രാജ്യരക്ഷയ്ക്ക് വിരുദ്ധമായി നില്‍ക്കുന്നവരുടെ ഫോണ്‍ മാത്രമേ ചോര്‍ത്താറുള്ളു എന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിന് വ്യാഖ്യാനങ്ങള്‍ പലതായിരുന്നു.

മുഖ്യമന്ത്രിയുടെയും തിരുവഞ്ചൂരിന്റെയും ഒത്തുകളി മറുപടികള്‍ പ്രതിപക്ഷത്തെ പലവട്ടം ചൊടിപ്പിച്ചു. വി എസ് സുനില്‍കുമാര്‍, ഇ എസ് ബിജിമോള്‍, ഗീതാഗോപി, കോവൂര്‍ കുഞ്ഞുമോന്‍, ബാബു എം പാലിശ്ശേരി, ജി എസ് ജയലാല്‍, കെ കെ ലതിക തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേയ്ക്ക് നീങ്ങാനൊരുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് സ്പീക്കര്‍ ശാന്തരാക്കിയത്.

കോടതികളുടെ മഹത്വത്തെക്കുറിച്ച് പി സി ജോര്‍ജ് വാചാലനായതിനെ ചാരിത്ര്യ പ്രസംഗമായാണ് ഇ ചന്ദ്രശേഖരന്‍ വിശേഷിപ്പിച്ചത്. ഉമ്മന്‍ചാണ്ടി ഭരണം ഗുണ്ടകളുടെയും തട്ടിപ്പുകാരുടെയും സുവര്‍ണ കാലമാണെന്നു പറഞ്ഞ അദ്ദേഹം പൊലീസ് സേനയിലെ നല്ലൊരു പങ്കും സംശയത്തിന്റെ നിഴലിലാണെന്നും ചൂണ്ടിക്കാട്ടി.
(ജി ബാബുരാജ്)

janayugom

No comments:

Post a Comment