Sunday, June 16, 2013

സൗരോര്‍ജം: മന്ത്രിസഭയേയും സ്വാധീനിച്ചു

 സംസ്ഥാനത്ത് മൂന്നുറ്റി മുപ്പതു മെഗാവാട്ട് സൗരോര്‍ജം ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി ദക്ഷിണകൊറിയയിലെ ഹാന്‍ജോംഗ് എന്ന കറക്കു കമ്പനിയെ ഏല്‍പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നില്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ ചുഴലിക്കാറ്റു വിതച്ച തട്ടിപ്പു രാജ്ഞി സരിത എസ് നായരാണെന്ന് വിശ്വസനീയ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ആദ്യഘട്ടമായി പാലക്കാട് ആറുമാസത്തിനുള്ളില്‍ 30 മെഗാവാട്ടിന്റെ സൗരോര്‍ജ ഉല്‍പാദനം തുടങ്ങുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരെ അറിയിച്ചിരുന്നു. ദക്ഷിണകൊറിയയിലെ ഹാന്‍ജോംഗ് എനര്‍ജി ആന്‍ഡ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് പദ്ധതി ഏല്‍പിക്കുന്നതെന്നും അവര്‍ യൂണിറ്റിന് 3.25 രൂപയ്ക്ക് ഇപ്രകാരം ഉല്‍പാദിപ്പിക്കുന്ന സൗരോര്‍ജം വൈദ്യുതി ബോര്‍ഡിനു നല്‍കുമെന്നുമായിരുന്നു കരാറെന്നും അദ്ദേഹം വിശദീകരിച്ചു. വൈദ്യുതി റഗുലേറ്ററി കമ്മിഷനും പദ്ധതിയും നിരക്കും അംഗീകരിച്ചിട്ടുണ്ട്. കൊറിയന്‍ കമ്പനിയുമായി ധാരണാപത്രം താമസിയാതെ ഒപ്പുവയ്ക്കും. പദ്ധതിയുടെ വിശദാംശങ്ങളിലേക്കു കടക്കാതെ മുഖ്യമന്ത്രി അടുത്ത മന്ത്രിസഭാ തീരുമാനത്തിലേക്കു കടക്കുകയും ചെയ്തു.

തിരക്കിട്ട ഈ മന്ത്രിസഭാ തീരുമാനത്തില്‍ സംശയം തോന്നിയ 'ജനയുഗം' ഇതേക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ പാലക്കാട് ഒലവക്കോട് റയില്‍വേസ്റ്റേഷന്‍ റോഡിലെ ഐശ്വര്യ ബിസിനസ് കോംപ്ലക്‌സില്‍ കരി ഓയില്‍ കച്ചവടക്കാരനായ ശശി പാലാഴിയാണ് മന്ത്രിസഭാ തീരുമാനത്തിനു ചരടു വലിച്ചതെന്ന് കണ്ടെത്തി. ഇയാള്‍ക്കൊപ്പവും അല്ലാതെയും ഒരു യുവതിയും ഏതാനും ദിവസങ്ങളായി സൗരോര്‍ജ പദ്ധതിക്കുവേണ്ടി മുഖ്യമന്ത്രിയുടേയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും ഓഫീസുകളിലും വൈദ്യുതി ഭവനിലും റഗുലേറ്ററി കമ്മിഷനിലും നിരന്തരം ലോബിയിംഗ് നടത്തിയിരുന്നുവെന്നും അറിവായി. ഈ യുവതി ഒപ്പം മറ്റൊരു യുവാവിനേയും ചാക്കിട്ടു പിടുത്തത്തിനു കൂട്ടിയിരുന്നു.

ശശി പാലാഴിയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്നു ലഭിച്ചുവെങ്കിലും യുവതിയേയും സഹചാരിയേയും സംബന്ധിച്ച വ്യക്തമായ സൂചനകള്‍ അന്നു ലഭിച്ചില്ല. സരിത എസ് നായരും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും ചേര്‍ന്ന് പടുത്തുയര്‍ത്തിയ വാര്‍ത്താ പ്രപഞ്ചത്തിനിടയിലാണ് മന്ത്രിസഭാ തീരുമാനത്തിനു ചരടുവലിച്ചവരില്‍ സരിതയുമുണ്ടായിരുന്നെന്ന് സെക്രട്ടേറിയറ്റിലും വൈദ്യുതി ഭവനിലും അന്ന് സരിതയെ തുടര്‍ച്ചയായി കണ്ടവര്‍ തിരിച്ചറിഞ്ഞത്. എമര്‍ജിംഗ് കേരളാ മാഫിയാ മാമാങ്കത്തിനു പിന്നാലെയാണ് മന്ത്രിസഭാ തീരുമാനത്തിനു വരെ സ്വാധീനം ചെലുത്തിയ സരിതയുടേയും ശശിപാലാഴിയുടേയും അവതാരം.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോളാര്‍ പാനല്‍ തട്ടിപ്പിനു വേണ്ടി മുഖ്യമന്ത്രിയുമായും മന്ത്രി ആര്യാടനുമായും ശശി പാലാഴി ചര്‍ച്ച നടത്തിയിരുന്നുവെന്ന രേഖയും 'ജനയുഗ' ത്തിനു ലഭിച്ചു. 330 മെഗാവാട്ട് സൗരോര്‍ജം ഉല്‍പാദിപ്പിക്കാന്‍ വേണ്ടി ഹാന്‍ജോംഗിന്റെ പ്രതിനിധി ചമഞ്ഞ് മന്ത്രി ആര്യാടന് മന്ത്രി സഭായോഗത്തലേന്നായ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് നല്‍കിയ അപേക്ഷ തന്നെയായിരുന്നു ആ രേഖ. കരിഓയില്‍ കമ്പനിയായ ക്രോസ് വേള്‍ഡ് ലൂബ്രിക്കന്‍സിന്റെ എം ഡിയായിരുന്നു അപേക്ഷയെങ്കിലും കൊറിയന്‍ കറക്കു കമ്പനിയായ ഹാന്‍ജോംഗിന്റെ വ്യാജലറ്റര്‍ ഹെഡിലായിരുന്നു അതു ചമച്ചിരുന്നത്; സരിത വിദേശ കമ്പനിയാണ് തന്റെ ടീം സോളാര്‍ എന്ന് അവകാശപ്പെട്ട സ്റ്റൈലില്‍.

മന്ത്രി ആര്യാടനുള്ള അപേക്ഷയുടെ തുടക്കം ഈ സൗരോര്‍ജ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി 2012 ജൂണ്‍ 8 നും ജൂണ്‍ 10 ന് ആര്യാടനുമായും നടത്തിയ ചര്‍ച്ചകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു. അതായത് സൗരോര്‍ജ തട്ടിപ്പുകാര്‍ ഒരു വര്‍ഷം മുമ്പു തന്നെ മുഖ്യമന്ത്രിയേയും വൈദ്യുതി മന്ത്രിയേയും കണ്ടിരുന്നുവെന്ന് ഈ അപേക്ഷയില്‍ നിന്നു വ്യക്തം. പട്ടിണിപ്പാവങ്ങളുടെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള കണ്ണീരിലെഴുതിയ അപേക്ഷകള്‍ വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടക്കുമ്പോള്‍ 330 മെഗാവാട്ട് സോളാര്‍ വൈദ്യുതിക്കുള്ള കറക്കുകമ്പനിയുടെ അപേക്ഷയില്‍ അന്നു തന്നെ മന്ത്രി ആര്യാടന്‍ അനുകൂല ഉത്തരവിട്ടുവെന്നോര്‍ക്കുക. 24 മണിക്കൂര്‍ പോലും തികയുന്നതിന് മുമ്പ് മന്ത്രിസഭാ തീരുമാനവും വരുന്നു.

ഈ 'അതിവേഗം ബഹുദൂര'ത്തിനു പിന്നില്‍ മന്ത്രിസഭയെപ്പോലും എടുത്ത് അമ്മാനമാടിയത് കരി ഓയില്‍  കച്ചവടക്കാരനും കറക്കു കമ്പനി രാജ്ഞിയുമാണെന്നു പുതിയ തെളിവുകളും പുറത്തു വന്നുകൊണ്ടിരിക്കുന്നു.
(കെ രംഗനാഥ്)

janayugom

No comments:

Post a Comment