സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുമായി നിരന്തരം ബന്ധം പുലര്‍ത്തിയതിന്റെ കൂടുതല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പ് സ്ഥാപനമായ ടിം സോളാര്‍ കമ്പനിയ്ക്കനുകൂലമായി മുഖ്യമന്ത്രി കത്ത് നല്‍കിയെന്നും അതിനായി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും സരിത പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സരിതയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നതരുടെ അശ്ലീല ചിത്രങ്ങളടങ്ങിയ ക്യാമറ പൊലീസ് കണ്ടെത്തിയെന്നും വിവരമുണ്ട്. ഇത്തരത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തട്ടിപ്പ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.
കേരള ചരിത്രത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രമാത്രം ആരോപണങ്ങള്‍ക്ക് വിധേയമായിട്ടില്ല. സുതാര്യ ഭരണമെന്ന് പറഞ്ഞ് അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുകയാണ് മുഖ്യമന്ത്രി. തട്ടിപ്പുകാരിയായ സരിത തിരുവനന്തപുരത്ത് ഒരു വ്യവസായിയെ പറ്റിച്ച കേസില്‍ 2 വര്‍ഷം മുന്‍പ് പിടിയിലാവുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തതാണ്. ഇതൊന്നും അറിയാത്ത വ്യക്തിയല്ല മുഖ്യമന്ത്രി. സ്വന്തമായി മൊബൈല്‍ ഇല്ലാത്ത മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളെ എന്തിനാണ് സരിത നിരന്തരം വിളിച്ചത്. സരിതയെ അങ്ങോട്ടും നിരവധിതവണ വിളിച്ചിട്ടുണ്ടെന്നും വ്യക്തമാണ്. ഇതില്‍ ദുരൂഹതയുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ എഡിജിപി സെന്‍കുമാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്റലിജന്‍സ് മുന്നറിയിപ്പ് മറികടന്നാണ് സലിം രാജനെ മുഖ്യമന്ത്രി തന്റെ ഗണ്‍മാനായി നിയമിച്ചത്.
മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ "പാവംപയ്യന്‍" തോമസ് കുരുവിളയുടെ വരുമാന ശ്രോതസ് അന്വേഷിക്കണം. കോട്ടയത്ത് നിന്ന് കടംകയറി നാടുവിട്ട ഇയാള്‍ ഇന്ന് കോടീശ്വരനാണ്. ഇത് അന്വേഷണവിധേയമാക്കണം. ന്യൂഡല്‍ഹിയിലെ അതീവ സുരക്ഷാമേഖലയായ വിജ്ഞാന്‍ ഭവനില്‍ വച്ചും സരിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് അതീവ ഗൗരവമുള്ള വിഷയമാണ്. സരിതയെക്കൂടാതെ കേസിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഭാര്യയെ കൊപ്പെടുത്തിയതിന്റെ പേരില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് പൊലീസ് ഭാഷ്യം. അങ്ങനെയുള്ള വ്യക്തിയ്ക്ക് മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ അവസരമൊരുക്കിയത് താനാണെന്ന് എം ഐ ഷാനവാസ് എംപിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളായ കെ സി ജോസഫ്, എം കെ മുനീര്‍, കെ പി മോഹനന്‍, ആര്യാടന്‍ മുഹമ്മദ്, കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ ഇവര്‍ക്കെല്ലാം സരിതയുമായി അടുപ്പമുണ്ടായിരുന്നതിന്റെ തെളിവുകളും പുറത്തുവരുന്നുണ്ട്. മുന്‍മന്ത്രി കെ ബി ഗണേശ് കുമാറിനെതിരെയും ഗുരുതരമായ ആരോപണമുയര്‍ന്നിട്ടുണ്ട്. ഗണേശിന്റെ ബന്ധുകൂടിയായ എഡിജിപി അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത് എന്നത് വിരോധാഭാസമാണ്.
മുഖ്യമന്ത്രിതന്നെ പ്രതിയായ കേസില്‍ എഡിജിപി അന്വേഷണം നടത്തുന്നതില്‍ എന്ത് പ്രസക്തിയാണുള്ളത്. ഓരോ നിമിഷവും കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന തെളിവുകള്‍ മുഖ്യമന്ത്രിയ്ക്കെതിരാണ്. അതിനാലാണ് മുഖ്യമന്ത്രി മാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുന്നതെന്നും വിഎസ് വ്യക്തമാക്കി.
deshabhimani
No comments:
Post a Comment