Monday, June 17, 2013

കൊച്ചി മെഡിക്കല്‍ കോളേജില്‍ പിന്‍വാതില്‍ നിയമനനീക്കം

സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍ പിന്‍വാതില്‍ നിയമനത്തിന് യുഡിഎഫ് നീക്കം. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം പിഎംജി ജംങ്ഷനിലുള്ള കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ (കേപ്പ്) ആസ്ഥാനത്ത് വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അഭിമുഖം നടത്താനൊരുങ്ങുകയാണ് അധികൃതര്‍. അനസ്തേഷ്യ ടെക്നീഷ്യന്‍, നേഴ്സിങ് അസിസ്റ്റന്‍ഡ് (മെയില്‍) എന്നീ തസ്തികകളിലേക്കാണ് അനധികൃത നിയമനം. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് പരസ്യംപോലും നല്‍കാതെ നിശ്ചിത യോഗ്യതയില്ലാത്തവരെപ്പോലും തിരുകിക്കയറ്റാനാണ് ശ്രമം.

എട്ടിന് ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് നിയമനത്തിനായി അഭിമുഖം നടത്താനൊരുങ്ങിയെങ്കിലും മാറ്റി. സര്‍ക്കാര്‍ ഏറ്റെടുത്താല്‍ നിയമനം യോഗ്യതയുടെ അടിസ്ഥാനത്തില്‍ നടത്തേണ്ടി വരും. ഇതിനുമുമ്പ് ഭരണക്കാരുടെ ഇഷ്ടക്കാരെയും കോണ്‍ഗ്രസ് അനുഭാവികളെയും തിരുകിക്കയറ്റാനാണ് നീക്കം. കോളേജിന്റെ ആരംഭകാലംമുതല്‍ നാമമാത്രമായ ശമ്പളത്തിന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയിട്ടില്ല. 200 താല്‍ക്കാലിക ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഇവരെ സ്ഥിരപ്പെടുത്താമെന്ന് മാനേജ്മെന്റ് തൊഴിലാളി സംഘടനകള്‍ക്ക് ഉറപ്പു നല്‍കിയിരുന്നതാണ്. ഇത് ലംഘിച്ചാണ് വീണ്ടും നിയമനത്തിന് ഒരുങ്ങുന്നത്. മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുമെന്ന കേപ്പിന്റെ ഉറപ്പ് പാലിക്കണമെന്നും കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) പ്രസിഡന്റ് എ എം യൂസഫും ജനറല്‍ സെക്രട്ടറി അഡ്വ. മുജീബ്റഹ്മാനും ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്താതെ നിയമനം നടത്താനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.

deshabhimani

No comments:

Post a Comment