Monday, June 17, 2013

എടിഎമ്മുകളില്‍ നിറയ്ക്കേണ്ട പണം ഏജന്‍സികള്‍ തിരിമറി നടത്തുന്നു

എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ കരാറെടുത്ത സ്ഥാപനങ്ങള്‍ കോടികളുടെ തിരിമറിയും ക്രമക്കേടും നടത്തുന്നു. കള്ളനോട്ടുകളും എടിഎമ്മുകളില്‍ നിറയുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. ഒരു എടിഎമ്മില്‍ പരമാവധി 12 ലക്ഷം രൂപവരെ നിക്ഷേപിക്കാമെന്നിരിക്കെ ഇതിന്റെ പകുതി മാത്രമാണ് കരാര്‍ സ്ഥാപനങ്ങള്‍ നിറയ്ക്കുന്നത്. ശേഷിക്കുന്ന പണം തിരിമറി നടത്തി നേട്ടമുണ്ടാക്കുന്നു. പണം നിറയ്ക്കുന്നത് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യറാകാത്തതും ഇവര്‍ക്ക് നേട്ടമാകുന്നു. നഗരകേന്ദ്രങ്ങളിലെ എടിഎമ്മുകളില്‍ പെട്ടെന്ന് പണം തീരുന്നതിന്റെ കാരണം ഇതാണ്.

പണം കിട്ടുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് കനറാ ബാങ്ക് തൊടുപുഴ ശാഖ മാനേജര്‍ ഏജന്‍സിയുടെ തട്ടിപ്പ് കൈയോടെ പിടികൂടിയിരുന്നു. പരിശോധനയില്‍ അഞ്ചുലക്ഷത്തിന്റ കുറവാണ് കണ്ടെത്തിയത്. ബാങ്ക് കണക്കനുസരിച്ച് 5,09700 രൂപയാണ് കാണേണ്ടതെങ്കിലും ഉണ്ടായിരുന്നത് കേവലം 9,700 രൂപ മാത്രമായിരുന്നു. അഞ്ചുലക്ഷം രൂപയ്ക്കുള്ള അഞ്ഞൂറിന്റെ നോട്ടുകള്‍ ഏജന്‍സി തിരിമറി നടത്തുകയായിരുന്നു. തലേദിവസം പണം നിക്ഷേപിക്കാന്‍ കഴിഞ്ഞില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് ഏജന്‍സി ജീവനക്കാരന്‍ നല്‍കിയത്. എന്നാല്‍ എടിഎമ്മില്‍ നിക്ഷേപിക്കാനായി ആലപ്പുഴയിലെ കറന്‍സി ചെസ്റ്റില്‍നിന്ന് തലേന്ന് 12 ലക്ഷം രൂപ വാങ്ങിയിരുന്നു. പിടിക്കപ്പെട്ട ദിവസം ഇതേ എടിഎമ്മില്‍ നിറയ്ക്കാന്‍ കറന്‍സി ചെസ്റ്റില്‍നിന്ന് 15 ലക്ഷം രൂപയും കൈപ്പറ്റി. പരമാവധി 12 ലക്ഷം രൂപയേ നിറയ്ക്കാനാവൂ എന്നിരിക്കെ ഇതിലും തട്ടിപ്പ് വ്യക്തം. ബാങ്ക് മാനേജര്‍ ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.

ബാങ്കുകളില്‍നിന്ന് നല്‍കുന്ന അതേപണം തന്നെയാണോ എടിഎമ്മില്‍ നിറയ്ക്കുന്നതെന്ന പരിശോധനയുമില്ല. പല പ്രമുഖ ബാങ്കുകളുടെ എടിഎമ്മുകളില്‍പ്പോലും കള്ളനോട്ട് ലഭിക്കുന്നതായും പരാതിയുണ്ട്. ഇത്തരം പരാതികള്‍ക്കുനേരെയും അധികൃതര്‍ കൈമലര്‍ത്തുകയാണ്. ബാങ്ക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലേ എടിഎമ്മില്‍ പണം നിറയ്ക്കാവുവെന്ന വ്യവസ്ഥയുണ്ടെങ്കിലും ഒരു ബാങ്കും ഇത് പാലിക്കുന്നില്ല. എടിഎമ്മിന്റെ ഒരു താക്കോല്‍ ബാങ്ക് പ്രതിനിധിയും മറ്റൊന്ന് കരാര്‍ ഏജന്‍സിക്കാരും സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. രണ്ടും ഉപയോഗിച്ചേ എടിഎം മെഷീന്‍ തുറക്കാനാവൂ. ഇതിനായി ജീവനക്കാരെ നിയോഗിക്കാന്‍ മടിക്കുന്ന ബാങ്ക് രണ്ട് താക്കോലും കരാറുകാര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഡല്‍ഹി ആസ്ഥാനമായ സിഎംഎസ് എന്ന സ്ഥാപനമാണ് ഭൂരിഭാഗം ബാങ്കുകളുടെയും എടിഎമ്മില്‍ പണം നിറയ്ക്കലിനും അറ്റകുറ്റപ്പണിക്കും കരാര്‍ എടുത്തിട്ടുള്ളത്. ഇവര്‍ ഉപകരാര്‍ നല്‍കിയിട്ടുള്ളവരാണ് ജോലി നിര്‍വഹിക്കുന്നത്.
(ഷഫീഖ് അമരാവതി)

deshabhimani

No comments:

Post a Comment