സ്വതന്ത്ര സോഫ്റ്റ്വെയര്‍ സംവിധാനം സ്വീകരിക്കാന്‍ സ്വകാര്യ സിബിഎസ്ഇ സ്കൂളുകളെ പ്രേരിപ്പിച്ചത് മൈക്രോസോഫ്റ്റ് പോലുള്ള ആഗോള കുത്തക ഭീമന്മാരുടെ ഭീഷണി. ഐടി വിദ്യാഭ്യാസത്തിന് വിന്‍ഡോസ് പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സ്കൂളുകളില്‍ അവയുടെ ലൈസന്‍സ് ഫീയായി വന്‍തുകയ്ക്ക് കമ്പനികളുടെ പ്രതിനിധികള്‍ സമീപിച്ചതാണ് സ്വതന്ത്രസോഫ്റ്റവെയര്‍ സംവിധാനത്തിലേക്കു മാറാന്‍ മാനേജ്മെന്റുകളെ പ്രേരിപ്പിച്ചത്. പല സിബിഎസ്ഇ സ്കൂളുകളില്‍ മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികളുടെ സോഫ്റ്റ്വെയറുകളാണ് ഓപ്പറേറ്റിങ് സിസ്റ്റമായി ഉപയോഗിക്കുന്നത്. ഒരു സിസ്റ്റത്തില്‍ ഓപ്പറേറ്റിങ് സിസ്റ്റം, ഓഫീസ് പാക്കേജ്, ഗ്രാഫിക്സ്, അനിമേഷന്‍, മള്‍ട്ടിമീഡിയ എന്നിവയടങ്ങിയ ലൈസന്‍സുള്ള സോഫ്റ്റ്വെയറിന് 50,000 രൂപവരെ ചെലവാകും. ശരാശരി 10 കംപ്യൂട്ടറുള്ള ഒരു സ്കൂളില്‍ അഞ്ചുലക്ഷം രൂപയാകും. ലൈസന്‍സ്ഡ് സോഫ്റ്റ്വെയറുകള്‍ സ്വീകരിക്കുമ്പോള്‍ വൈറസിനെ പ്രതിരോധിക്കാന്‍ ആന്റിവൈറസ് സോഫ്റ്റ്വെയര്‍കൂടി സ്വീകരിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിക്കുന്നു. പലരും പൈറസി സോഫ്റ്റ്വെയറുകളാണ് (കമ്പനിയുടെ അനുവാദമില്ലാത്ത പകര്‍പ്പുകള്‍) ഉപയോഗിക്കുന്നതെന്ന് കുത്തക കമ്പനികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ പ്രതിനിധികളും വില്‍പ്പനക്കാരും സ്കൂള്‍ അധികൃതരെ സമീപിച്ച് പൈറസിയല്ലാത്ത സോഫ്റ്റുവെയറുകള്‍ ഉപയോഗിക്കാന്‍ സമര്‍ദം ചെലുത്തുകയും ഇല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന ഭീഷണി മുഴക്കുകയും ചെയ്തു.
സ്വതന്ത്ര സോഫ്റ്റ്വെയറിന് സ്വീകാര്യതയേറിവരുന്നത് മൈക്രോസോഫ്റ്റ് പോലുള്ള കുത്തകളെ ആശങ്കയിലാഴ്ത്തി. ആഗോള ഭീമന്മാരുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള പ്രചാരണങ്ങള്‍ക്ക് കുത്തകകള്‍ നിര്‍ലോഭം സഹായം നല്‍കി. കുത്തക സോഫ്റ്റ്വെയറുകള്‍ക്കുള്ള ശേഷി സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ക്കില്ലെന്ന് ഇവര്‍ പ്രചരിപ്പിച്ചു. അന്താരാഷ്ട്ര അംഗീകാരം നേടിയ കേരളത്തിലെ ഐടി വിദ്യാഭ്യാസംനയം രാജ്യവ്യാപകമായി നടപ്പാക്കിയാല്‍ ഇന്ത്യയില്‍ തങ്ങളുടെ സോഫ്റ്റ്വെയറുകളുടെ കുത്തക തകരുമെന്ന ആശങ്ക ആഗോള ഭീമന്മാര്‍ക്കുണ്ട.് ഇതിനെതിരെയുള്ള പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തിലാണ് കുത്തകകള്‍.
deshabhimani
No comments:
Post a Comment