മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് തവണ നിര്‍ത്തിവെച്ച സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ പുനരാരംഭിച്ചപ്പോഴും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെയാണ് സഭ പിരിഞ്ഞത്. സോളാര്‍ തട്ടിപ്പ് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. മാത്യു ടി തോമസമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്നും ഫോണ്‍ വിളിച്ചത് കൊണ്ട് മാത്രം ഒരാള്‍ കുറ്റവാളിയാകില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. രാജിവെക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സരിത എസ് നായരെ ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയായ വിജ്ഞാന്‍ ഭവനില്‍ വച്ച് കണ്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ബീന മാധവന്‍ എന്ന അഭിഭാഷകയെയാണ് ഡല്‍ഹിയില്‍വച്ച് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഈ ആരോപണം ഉന്നയിച്ചത് ഡല്‍ഹിയിലെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തോമസ് കുരുവിളയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു. തോമസ് കുരുവിള പറഞ്ഞത് ശരിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ എറണാകുളത്ത് വച്ച് കണ്ടിരുന്നതായി മുഖ്യമന്ത്രി സമ്മതിച്ചു. ഏതാനും മിനിറ്റ് മാത്രമാണ് ബിജുവുമായി കൂടിക്കാഴ്ച നടത്തിയതെന്നും കുടുംബ പ്രശ്നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് വിശദീകരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല.
കേസിന്റെ വിശദവിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നപ്പോഴാണ് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സരിതയെ വിളിച്ചതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേസന്വേഷണം അവസാനിക്കും മുന്‍പ് ആഭ്യന്തര മന്ത്രിതന്നെ ഇപ്രകാരമുള്ള നിഗമനത്തിലെത്തുമ്പോള്‍ ഇതിനെ മറികടന്ന് എഡിജിപിയ്ക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ കഴിയില്ലെന്ന് കാടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവെച്ച് മര്യാദയ്ക്ക് ജുഡീഷ്യല്‍ അന്വേഷണം നേരിടുന്നതാണ് നല്ലതെന്ന് പിന്നീട് സഭയിലെത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ "പാവം പയ്യന്‍" തോമസ് കുരുവിളയുടെ വരുമാന ശ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയത്ത് നിന്ന് കടംകയറി ഡല്‍ഹിലേക്ക് വണ്ടികയറിയ കുരുവിള ഇന്ന് കോടീശ്വരനാണെന്നും വിഎസ് ചൂണ്ടിക്കാണിച്ചു.
രാവിലെ സഭ തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സനടുത്തളത്തിലിറങ്ങിയിരുന്നു. ചോദ്യോത്തരവേള സസ്പെന്‍ഡ് ചെയ്ത് വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ ചോദ്യോത്തര വേള റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി രാജിവെക്കുംവരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുവജനമാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം
തിരു: സോളാര്‍ അഴിമതിക്ക് കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യുവജനസംഘടനകളും മഹിളാ സംഘടനകളും നിയമസഭക്കും കലക്ട്രേറ്റുകള്‍ക്കും മുന്നിലേക്കും നടത്തിയ മാര്‍ച്ചിനുനേരെ പൊലീസിന്റെ നരനായാട്ട്. മാര്‍ച്ചിനുനേരെ ജലപീരങ്കികളും ഗ്രനേഡും, കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു.
തിരുവനന്തപുരം , കൊച്ചി, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 16 പേര്‍ക്ക് ഗുരുതരപരിക്കേറ്റു. കൊച്ചിയില്‍ ഡിവൈഎഫ്ഐ ജില്ലകമ്മിറ്റിയംഗം സി പി ഷാജിന് തലക്ക് പരിക്കേറ്റു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ഭീകരമായാണ് നേരിട്ടത്. കണ്ണീര്‍ വാതക ഷെല്ലില്‍നിന്നുള്ള പുകശ്വസിച്ച് ബോധരഹിതനായ എഐവൈഎഫ് തിരുവനന്തപുരം ജില്ല നിര്‍വ്വാഹകസമിതിയംഗം എ സാജനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കൊല്ലം കലകട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ജില്ലാ സെക്രട്ടറി വി പി പ്രശാന്ത് ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേറ്റു. അതില്‍ മുന്നു പേരുടെ പരിക്ക് ഗുരുതരം.ജില്ലാ ട്രഷറര്‍ ആര്‍ രാജേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ രാജേഷ്, കൊല്ലം സൗത്ത് വില്ലേജ് ജോയിന്റ് സെക്രട്ടറി മാക്സ്വെല്‍ത്ത് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പതിനൊന്നുപേരെ കൊല്ലം ജില്ലാ ആശുപത്രിയിലും രണ്ടുപേരെ പാലത്തറ എന്‍ എസ് സ്മാരക സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷെന്‍റ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചും പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ടി എന്‍ സീമ എംപിയുടെ നേതൃത്വത്തില്‍ ് റോഡ് ഉപരോധിക്കാന്‍ തുടങ്ങി .കനത്ത മഴയിലും നിരവധിപേരാണ് സമരത്തില്‍ പങ്കെടുത്ത് റോഡ് ഉപരോധിക്കുന്നത്. ഇതുമുലം തിരുവനന്തപുരം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു.
മുഖ്യമന്ത്രി രാജി വെക്കില്ലെന്ന് തങ്കച്ചന്‍
തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റൊന്നും ചെയതിട്ടില്ലെന്നും അതിനാല്‍ രാജിവെക്കേണ്ടതില്ലെന്നും യുഡിഎഫ് നേതൃയോഗം തീരുമാനിച്ചതായി കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. സോളാര്‍ അഴിമതി ഇടപാടില്‍ സര്‍ക്കാറിനോ. സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ ഒരു പൈസയുടെ നഷ്ടംപോലും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കെതിരായ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും തങ്കച്ചന്‍ പറഞ്ഞു.
രാജിവെക്കുംവരെ സമരം: വി എസ്
തിരു:സോളാര്‍ അഴിമതിസേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കുവരെ ശക്തമായ സമരം തടുരുംമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതില്‍ ഒരു വിട്ടുവീഴ്ചയില്ലെന്നും അദേഹം വ്യക്തമാക്കി. അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മണിക്കൂറുകളെടുത്ത് മറുപടി പറഞ്ഞെങ്കിലും പറഞ്ഞതുതന്നെ പറഞ്ഞ് രക്ഷപ്പെടാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ഇത് അനുവദിക്കാനാകില്ലെന്നും വി എസ് പറഞ്ഞു.
deshabhimani
കണ്ടു കണ്ടില്ല
ReplyDeleteകേ ട്ടു കേട്ടില്ല
മോട്ടിട്ടുവല്ലോ മേലാകെ
ച്ചെന്നിത്തലയുടെ മേലാകെ