കേരളചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും നേരിടാത്ത കുറ്റകൃത്യത്തിന്റെ വാരിക്കുഴിയിലായി സോളാര്‍ തട്ടിപ്പ് കേസില്‍ കുരുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കരകയറാനാകാത്ത പതനത്തിലായ ഉമ്മന്‍ചാണ്ടി ഭരണപക്ഷത്ത്, പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസല്ല, ഉമ്മന്‍ചാണ്ടി തന്നെയാണ്പ്രതിക്കൂട്ടില്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉല്‍ക്കണ്ഠയിലാണ്. അന്വേഷണറിപ്പോര്‍ട്ട് വന്നശേഷം പ്രതികരിക്കാമെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രതികരണമാകട്ടെ, അര്‍ഥഗര്‍ഭവും. ഉമ്മന്‍ചാണ്ടിയുടെ രാജിക്കായുള്ള സമ്മര്‍ദം ഇനി കൂടുതല്‍ ശക്തിപ്പെടും. നിയമസഭയെ നേരിടാന്‍ മുഖ്യമന്ത്രി വല്ലാതെ വിയര്‍ക്കും. ഇതിനിടെ, നീതിന്യായസംവിധാനങ്ങളുടെ ഇടപെടലും ഉണ്ടാകാം.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുരുങ്ങി കെ കരുണാകരന്‍ അധികാരം ഒഴിയേണ്ടിവന്നതിനേക്കാള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണിപ്പോള്‍. പൊലീസ് ഐജിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്നതായിരുന്നു ചാരക്കേസില്‍ കെ കരുണാകരന് എതിരെ ഉയര്‍ന്ന ആക്ഷേപം. എന്നാല്‍, സോളാര്‍ കേസില്‍ പ്രതികളുമായി പലവട്ടം കൂടിക്കാഴ്ച, തട്ടിപ്പ് നടത്താന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക കത്ത്, കുറ്റവാളികള്‍ക്ക് കുറ്റകൃത്യങ്ങള്‍ യഥേഷ്ടം തുടരുന്നതിന് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെയും ആശ്രിതവലയത്തിലുള്ളവരുടെയും പിന്തുണ- ഇതെല്ലാം നടന്നിരിക്കുന്നു. 25 കോടി രൂപയിലധികമുള്ള തട്ടിപ്പാണ് എമര്‍ജിങ് കേരളയുടെ മറവിലുള്ള സോളാര്‍ പ്ലാന്റ് തട്ടിപ്പ്. ഇതിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍, ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയതിന് ക്രൈംബ്രാഞ്ച് അറസ്റ്റ്വാറന്റ് പുറപ്പെടുവിച്ചിരിക്കുന്ന കൊലയാളിയാണ്. എന്നിട്ടും, ഒളിവിലിരുന്ന് ചാനലുകളില്‍ അഭിമുഖം കൊടുക്കുന്ന ഇയാളെ പിടികൂടാന്‍ പൊലീസ് തയ്യാറല്ല. ബിജു രാധാകൃഷ്ണനും സരിത എസ് നായരും നടത്തിയ തട്ടിപ്പിനെതിരെ ചെന്നൈ വ്യവസായി ടി ആര്‍ പ്രകാശ് 2005 സെപ്തംബര്‍ 25ന് നല്‍കിയ പരാതിയില്‍ അന്ന് മുഖ്യമന്ത്രിയായിരിക്കുമ്പോഴും ഉമ്മന്‍ചാണ്ടി നടപടി എടുത്തിരുന്നില്ലെന്ന വസ്തുത പുറത്തുവന്നിരിക്കുന്നു. അതിനര്‍ഥം, ബിജുവിനെയും സരിതയെയും സംരക്ഷിച്ചുവളര്‍ത്തിയത് യാദൃച്ഛികമല്ലെന്നാണ്. ഡല്‍ഹിയിലെ അതീവസുരക്ഷാകേന്ദ്രമായ വിജ്ഞാന്‍ഭവനില്‍ സമീപസമയത്ത് സരിത എസ് നായരും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടന്നതും ദുരൂഹം. ഡല്‍ഹിയില്‍ മുഖ്യമന്ത്രിക്ക് ഒരു അനൗദ്യോഗിക സെക്രട്ടറി ഇതിന് കൂട്ടായതും കുറ്റകൃത്യത്തിലെ കണ്ണികളെ കൂട്ടിയിണക്കുന്നതാണ്.
ഗണേശ്കുമാര്‍ മന്ത്രിയായിരിക്കെ, മന്ത്രിമന്ദിരത്തില്‍ സരിതയുടെ തട്ടിപ്പ് കമ്പനിയെ സഹായിച്ചതിനും ഗണേശിനെ വഴിവിട്ട് സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉത്തരം നല്‍കേണ്ടിവരും. അതുപോലെ, സരിതയുടെ വീഡിയോ ടേപ്പും ഉമ്മന്‍ചാണ്ടിയുടെ സുതാര്യഭരണത്തിനെതിരായ "എമര്‍ജിങ് തെളിവുകളായി" മാറുകയാണ്. "സുതാര്യ കേരളം" "സരിതാ കേരള"മായി അധഃപതിപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് ആഭ്യന്തരം കെപിസിസി പ്രസിഡന്റിന് കൈമാറുന്നതിന് ഉമ്മന്‍ചാണ്ടി ഭയന്നതെന്ന് "ഐ" ഗ്രൂപ്പുകാര്‍. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പൊലീസ് നടപടികളെ തടസ്സപ്പെടുത്തുമെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അഭിപ്രായം വസ്തുതാവിരുദ്ധമാണ്. 2ജി സ്പെക്ട്രം അഴിമതിയില്‍ സിബിഐ അന്വേഷണവും പ്രതികളുടെ അറസ്റ്റും നടക്കുന്നതിനിടെയാണ് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം. തട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരായ പൊലീസ് അന്വേഷണം നടക്കുമ്പോള്‍ത്തന്നെ, മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതില്‍ അപാകതയില്ല.
(ആര്‍ എസ് ബാബു)
കൈക്കൂലി വാങ്ങിയ 2 സ്റ്റാഫിനെയും സംരക്ഷിച്ചു
മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യം നിരീക്ഷണക്യാമറയില്‍ കണ്ടെത്തിയിട്ടും അച്ചടക്ക-നിയമ നടപടി മുഖ്യമന്ത്രി ഇടപെട്ട് മുക്കി. പൊതുഭരണ വകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലിനോക്കിയിരുന്ന സുനില്‍കുമാര്‍, കെ രമേശ് എന്നിവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ആറു മാസംമുമ്പായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പൂഴ്ത്താന്‍ ശ്രമിച്ചെങ്കിലും സംഭവം വിവാദമായതോടെ ഇരുവരെയും മാറ്റി. എന്നാല്‍,അച്ചടക്കനടപടി മുഖ്യമന്ത്രി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്ന ഫയലുകളുടെ നീക്കം ചോര്‍ത്തിക്കൊടുത്താണ് ഇവര്‍ കൈക്കൂലി വാങ്ങിയിരുന്നത്. ഓഫീസിലെ ഉന്നതരായ രണ്ടുപേരാണ് ഇരുവര്‍ക്കും ഫയല്‍ വിവരം കൈമാറിയിരുന്നത്. കംപ്യൂട്ടര്‍ സെല്ലിലായിരുന്നു രമേശ്. പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിലായിരുന്നു സുനില്‍. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയറ്റ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരാണ്. സെക്രട്ടറിയറ്റ് വളപ്പും പരിസരവും നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. ഇതിന്റെ സിഡി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു ഉദ്യോഗസ്ഥന്‍ ഇടപെട്ട് പൂഴ്ത്തി. കൈക്കൂലി നല്‍കിയ ഒരാള്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന്് സിഡി പരിശോധിക്കാന്‍ നിര്‍ബന്ധിതമായി. ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നു പറഞ്ഞ് നടപടി ഒഴിവാക്കാനും ശ്രമം നടന്നു. ഫയലുകളുടെ വിവരം കൈക്കൂലിക്കാരായ ജീവനക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത ഉന്നതര്‍ക്കെതിരെ നടപടിയെടുത്തില്ല. ജീവനക്കാരെ ഒഴിവാക്കിയത് കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ അല്ലെന്നാണ് അന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. ജോലിയില്‍ വീഴ്ചവരുത്തിയതിന് സുനിലിനെ ഒഴിവാക്കിയെന്നും രമേശിനെ മാതൃവകുപ്പിലേക്ക് തിരിച്ചയച്ചതാണെന്നും വ്യാഖ്യാനിച്ചു. ഇരുവര്‍ക്കുമെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുത്താല്‍ ഉന്നതര്‍ കുടുങ്ങുമെന്ന് വ്യക്തമായതോടെയാണ് സംഭവം ഒതുക്കിയത്.
deshabhimani
No comments:
Post a Comment