Sunday, June 16, 2013

ബിജു രാധാകൃഷ്ണന്‍ "എഡിബി ഉദ്യോഗസ്ഥന്‍" സരിത "ചാര്‍ട്ടേഡ് അക്കൗണ്ടന്റ്"

ബിജു രാധാകൃഷ്ണനും സരിതയും ഡല്‍ഹിയില്‍ വെട്ടിപ്പ് നടത്തിയത് സമൂഹത്തിലെ ഉന്നതരെന്ന് തെറ്റിദ്ധരിപ്പിച്ച്. ഏഷ്യന്‍ വികസനബാങ്കിലെ (എഡിബി) സീനിയര്‍ സ്ട്രാറ്റജിക് അഡൈ്വസര്‍ ശ്രീകുമാര്‍നായര്‍ എന്ന പേരിലാണ് ബിജു രാധാകൃഷ്ണന്‍ ഡല്‍ഹിയില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ലക്ഷ്മിയായാണ് സരിത അവതരിച്ചത്. തട്ടിപ്പുകേസില്‍ പിടിയിലായ സരിതയുടെ ചിത്രം ടിവിയിലും പത്രങ്ങളിലും കണ്ടപ്പോഴാണ് ഇത് ബോധ്യമായതെന്ന് വണ്ടിച്ചെക്ക് കബളിപ്പിക്കലിന് ഇരയായ കേരള ഹൗസ് ജീവനക്കാരന്‍ ശ്രീകുമാര്‍ "ദേശാഭിമാനി"യോട് പറഞ്ഞു.

പത്ത് വര്‍ഷംമുമ്പ് ഇരുവരും കേരള ഹൗസില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പരിചയമായതെന്ന് ശ്രീകുമാര്‍ പറഞ്ഞു. കൊട്ടാരക്കരയാണ് സ്വദേശമെന്നാണ് ശ്രീകുമാര്‍നായര്‍ പറഞ്ഞത്. ലക്ഷ്മി ചെങ്ങന്നൂരാണെന്നും പരിചയപ്പെടുത്തി. നന്നായി പെരുമാറി വിശ്വാസം പിടിച്ചുപറ്റി. എംകോം, എഫ്സിഎ, എംബിഎ (യുഎസ്എ) ബിരുദങ്ങളുണ്ടെന്ന് ശ്രീകുമാറിന്റെ വിസിറ്റിങ് കാര്‍ഡിലുണ്ട്. എഡിബിയുടെ പേരുള്ള ഇമെയില്‍ വിലാസവും മനിലയിലെ എഡിബി ആസ്ഥാനത്തിന്റെ മേല്‍വിലാസവും കാര്‍ഡിലുണ്ട്. കാര്‍ഡില്‍ യഥാര്‍ഥമായത് 9746097179 എന്ന മൊബൈല്‍ നമ്പര്‍ മാത്രമാണ്. ഈ നമ്പരില്‍നിന്നാണ് ശ്രീകുമാര്‍നായര്‍ പിന്നീട് വിളിച്ചത്. കുറെക്കാലം കഴിഞ്ഞപ്പോള്‍ ലക്ഷ്മിയുടെ അമ്മ ടെലിഫോണില്‍ വിളിച്ചു. ശ്രീകുമാര്‍നായരും ലക്ഷ്മിയും കള്ളക്കേസില്‍ കുടുങ്ങി പൂജപ്പുര ജയിലിലാണെന്നും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണ് പല തവണയായി 60,000 രൂപയോളം സഹായിച്ചത്. ഇപ്പോള്‍ ബിജു രാധാകൃഷ്ണന്‍ ടിവി ചാനലില്‍ പറയുന്നതുപോലെ അയാളില്‍നിന്ന് സഹായവും സ്വീകരിച്ചിട്ടില്ല. അവരില്‍നിന്ന് സഹായം സ്വീകരിച്ചെങ്കില്‍ അവര്‍തന്നെ ചെക്ക് തരേണ്ട കാര്യമില്ലല്ലോ- ശ്രീകുമാര്‍ ചോദിച്ചു.

ജയിലിലായശേഷം 2012 ഡിസംബറിലാണ് ലക്ഷ്മി വിളിച്ചത്. കാണണമെന്നു പറഞ്ഞു. കേരള ഹൗസില്‍ വന്നപ്പോള്‍ വളരെ നന്നായി സംസാരിച്ചു, പെരുമാറി. പോകാന്‍നേരത്ത് ഒരു ചെക്ക് പോക്കറ്റിലിട്ടു തന്നു. ചെയ്ത സഹായം മറക്കാന്‍ കഴിയില്ലെന്നും ഇത് അതിനൊന്നും പകരമാകില്ലെന്നും പറഞ്ഞാണ് അത് തന്നത്. ഒരു ലക്ഷം രൂപയുടെ ചെക്ക് ബാങ്കില്‍ നല്‍കിയപ്പോള്‍ മടങ്ങുകയും ചെയ്തെന്ന് കേരള ഹൗസ് ശ്രീകുമാര്‍ പറഞ്ഞു. ടീം സോളാര്‍ റിന്യൂവല്‍ എനര്‍ജി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സീലും ഡയറക്ടറുടെ ഒപ്പുമാണ് ചെക്കിലുള്ളത്. ഫെഡറല്‍ ബാങ്ക് എറണാകുളം കലൂര്‍ ശാഖയിലെ കറണ്ട് അക്കൗണ്ട് നമ്പര്‍ 14210200006582 ലാണ് ചെക്ക്. ചെക്ക് നമ്പര്‍ 136095.
(വി ജയിന്‍)

തുടക്കംമുതല്‍ ഉന്നത ഇടപെടല്‍

പെരുമ്പാവൂര്‍: സൗരോര്‍ജ പ്ലാന്റ് തട്ടിപ്പുകേസിലെ പ്രതികളെ രക്ഷിക്കാന്‍ തുടക്കംമുതലേ പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി സൂചന. ഭരണതലത്തിലെ ഉന്നത ഇടപെടലാണ് ഇതിനു കാരണമെന്നും പൊലീസിന്റെ നടപടികളില്‍നിന്നു വ്യക്തമാകുന്നു. തന്റെ പക്കല്‍നിന്ന് 40.5 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് മുടിക്കല്‍ സ്വദേശി സജ്ജാദ് ആലുവ റൂറല്‍ എസ്പിക്കു പരാതി നല്‍കുന്നത് 2013 ഫെബ്രുവരി 27ന്. എന്നാല്‍, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തത് മാര്‍ച്ച് 23നും. 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകള്‍ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കൈകാര്യംചെയ്യണമെന്ന ചട്ടമിരിക്കെ സജ്ജാദിന്റെ മൊഴിയെടുത്തത് അന്നത്തെ എസ്ഐ ബിജോയ് ചന്ദ്രനാണ്. ഇതിനിടെ ആലുവ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ ഓഫീസില്‍ പ്രതി സരിതയെ പലവട്ടം വിളിച്ചുവരുത്തി. ഇതോടെ പ്രധാന പ്രതി ബിജു രാധാകൃഷ്ണന്‍ മുങ്ങി. ഇയാള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളും പ്രവര്‍ത്തനരഹിതമായി. പൊലീസ് വിളിപ്പിച്ചപ്പോഴെല്ലാം എത്തിയ സരിതയും പിന്നീട് മുങ്ങി.

എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് 70 ദിവസം കഴിഞ്ഞാണ് ഇവരെ ജൂണ്‍ മൂന്നിന് തിരുവനന്തപുരത്തുനിന്ന് അറസ്റ്റ്ചെയ്യുന്നത്. സജ്ജാദിന്റെ പരാതിയെത്തുടര്‍ന്ന് അന്വേഷണനടപടി തുടങ്ങിയപ്പോള്‍ത്തന്നെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഇടപെട്ടിരുന്നു. സജ്ജാദ് നടത്തിയ രഹസ്യനിരീക്ഷണങ്ങളാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കാന്‍ പൊലീസിനെ സഹായിച്ചത്. എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് ഫേംസിലെ രേഖകള്‍ പരിശോധിച്ചാണ് പ്രതികളുടെ വിലാസം കണ്ടെത്തിയത്. ഭാര്യയാണെന്നു പറഞ്ഞ് തന്നെ പരിചയപ്പെടുത്തിയ സരിതയെക്കുറിച്ച് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഒരാളുമായി കൂട്ടിച്ചേര്‍ത്ത് മോശപ്പെട്ട കഥ സജ്ജാദിനോട് ബിജു രാധാകൃഷ്ണന്‍ പറഞ്ഞപ്പോഴാണ് സജ്ജാദിന് പന്തികേടു തോന്നിയതും പിന്നീടുള്ള നീക്കങ്ങള്‍ നിരീക്ഷിച്ചതും. തിരുവനന്തപുരത്തുനിന്ന് സരിതയെ അറസ്റ്റ്ചെയ്യുമ്പോള്‍ ഒരു വീഡിയോ ക്യാമറയും കണ്ടെത്തിയിരുന്നുവെന്നാണ് പൊലീസ്വൃത്തങ്ങളില്‍നിന്ന് അറിയുന്നത്. എന്നാല്‍ അങ്ങനെയൊരു ക്യാമറ ലഭിച്ചിട്ടില്ലെന്ന് അറസ്റ്റിനു നേതൃത്വംനല്‍കിയ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ പറഞ്ഞു. തട്ടിപ്പിന് ഇരയായ പ്രമുഖരില്‍ ഒരു സാമുദായിക നേതാവിന്റെ മകനും ഉള്‍പ്പെട്ടതായി അറിയുന്നു. പത്തുക്ഷം രൂപയാണത്രെ ഇദ്ദേഹത്തില്‍നിന്നു പിടുങ്ങിയത്.
(എം ഐ ബീരാസ്)

സരിതയും ബിജുവും ചാരുംമൂട്ടിലും ലക്ഷങ്ങള്‍ വെട്ടിച്ചു

ചാരുംമൂട്: സൗരോര്‍ജ പ്ലാന്റ് തട്ടിപ്പുകേസിലെ പ്രതികളായ സരിതയും ഭര്‍ത്താവ് ബിജുവും ആറുവര്‍ഷം മുമ്പ് ചാരുംമൂട്ടില്‍ നടത്തിയ വിവിധ തട്ടിപ്പു പദ്ധതികളിലൂടെ കബളിപ്പിക്കപ്പെട്ടത് നിരവധിപ്പേര്‍. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കണ്ണനാകുഴി പാലയ്ക്കല്‍മുക്കിന് സമീപമുള്ള തപോവന്‍ യോഗാശ്രമത്തെ മറയാക്കിയാണ് വെട്ടിപ്പ് തുടങ്ങിയത്. 2007 ലാണ് കണ്ണനാകുഴി ചിറ്റയ്ക്കാട്ടേത്ത് പ്രശാന്തി നിലയത്തില്‍ നിര്‍മ്മലാനന്ദഗിരിയെന്ന കെ ദേവരാജന്‍ നടത്തുന്ന തപോവന്‍ ആശ്രമത്തില്‍ ഇവരെത്തുന്നത്. ദേവരാജന്റെ വിശ്വാസം നേടിയെടുത്ത ഇവര്‍ ആശ്രമത്തിന്റെ പേരില്‍ കുടുംബട്രസ്റ്റ് രൂപീകരിപ്പിച്ച് വന്‍ പണപ്പിരിവ് നടത്തി. സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ദേവരാജന് സംശയം തോന്നിയതോടെ ഇവര്‍ ആശ്രമത്തില്‍ നിന്ന് അകന്നു.

ചാരുംമൂട് ജങ്ഷനിലെ മത്സ്യമാര്‍ക്കറ്റിന് സമീപമുള്ള വീട്ടില്‍ സാഫ്രോന്‍ ഇവന്റ് മാനേജ്മെന്റ് എന്ന സ്ഥാപനം തുറന്ന് പലരില്‍ നിന്നും പണം വായ്പ വാങ്ങി. പാസ്റ്റര്‍ പേരൂര്‍ കാരാണ്‍മ വടക്കേടത്ത് ബ്ലസനില്‍നിന്നും രണ്ടുലക്ഷം രൂപ പലപ്പോഴായി തട്ടി. ചുനക്കര തെക്ക് ഉഷസില്‍ ജയപ്രകാശി നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും തൊടിയൂര്‍ ശ്രീനിലയത്തില്‍ രാജിയില്‍ നിന്ന് 30,000 രൂപയും വികലാംഗയായ വേടരപ്ലാവ് താഴത്തേതില്‍ ഗ്രേസിയില്‍ നിന്ന് 15,000 രൂപയും തൊടിയൂര്‍ സ്വദേശി മാത്യുവില്‍ നിന്ന് 20,000 രൂപയും തട്ടി. ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സക്കെന്ന പേരിലാണ് തൊടിയൂര്‍ സ്വദേശിയില്‍ നിന്ന് ബിജു പണം വെട്ടിച്ചത്. നാട്ടുകാരുടെ വിശ്വാസം നേടാന്‍ കോടനയ്യത്ത് വടക്കതില്‍ കൃഷ്ണന്‍കുട്ടിയുടെ ചെറുമകന്റെ ഹൃദയശസ്ത്രക്രിയയ്ക്കായി 25,000 രൂപയുടെ ചെക്ക് ഇവര്‍ നല്‍കി. ഇതിന്റെ ഭാഗമായി ഇവന്റ് 2007 എന്ന പേരില്‍ താമരക്കുളം വിവിഎച്ച്എസ്എസില്‍ വലിയ യോഗവും നടത്തി.
(ആര്‍ ശിവപ്രസാദ്)

തട്ടിപ്പുസ്ഥാപനത്തിന്റെ ഉദ്ഘാടകന്‍ കെ സി ജോസഫ്

കടുത്തുരുത്തി: സരിത എസ് നായരുടെ ടീം സോളാര്‍ എനര്‍ജി മാര്‍ട്ട് എന്ന തട്ടിപ്പുസ്ഥാപനത്തിന്റെ തുടക്കം കോട്ടയം കുറുപ്പന്തറയില്‍. മാഞ്ഞൂര്‍ പുളിക്കില്‍ ബേബി എന്നയാളില്‍ നിന്ന് 17 ലക്ഷം രൂപ തട്ടി തുടക്കമിട്ട പദ്ധതി കുറുപ്പന്തറയില്‍ ഉദ്ഘാടനം ചെയ്തത് മന്ത്രി കെ സി ജോസഫ്. 2011 നവംബറിലായിരുന്നു ചടങ്ങ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ സി ജോസഫും കുറുപ്പന്തറയിലെ സ്ഥാപനത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ യും നിര്‍വ്വഹിച്ചു. സരിതയും ചടങ്ങിലുണ്ടായിരുന്നു.

ഇതിന് പിന്നാലെ ടീം സോളാര്‍ എനര്‍ജിയുടെ പത്രപ്പരസ്യം കണ്ടാണ് പുളിക്കില്‍ ബേബി സോളാര്‍ ഉല്‍പന്നങ്ങളുടെ ഏജന്‍സിക്കായി സരിതയെ കണ്ടത്. ആര്‍ ബി നായര്‍ എന്നയാളാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടറെന്നും താന്‍ കമ്പനിയുടെ സിഇഒയാണെന്നും സരിത അറിയിച്ചു. പട്ടികജാതി കോളനികളില്‍ സോളാര്‍ പ്ലാന്റ് നല്‍കുന്ന പദ്ധതിയാണെന്നാണ് ധരിപ്പിച്ചത്. സരിതയുടെ നിര്‍ദേശപ്രകാരം ബേബി ഏജന്‍സിക്ക് തുടങ്ങാന്‍ അഞ്ചുലക്ഷം രൂപ ചെലവില്‍ മണ്ണാറപ്പാറയില്‍ കടമുറിയെടുത്തു. സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാന്‍ പലരില്‍നിന്നായി 17 ലക്ഷം രൂപ വാങ്ങി സരിതയ്ക്ക് കൈമാറി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഉപകരണങ്ങള്‍ ലഭിക്കാതായപ്പോള്‍ പണം നല്‍കിയവര്‍ പ്രശ്നമുണ്ടാക്കി. സരിതയോട് പണം ചോദിച്ചപ്പോള്‍ അഞ്ചുലക്ഷം രൂപ മടക്കി നല്‍കി. ബാക്കി തുക കിട്ടാന്‍ ബേബി കടുത്തുരുത്തി പൊലീസിനെ സമീപിച്ചു. മാധ്യമവാര്‍ത്തകളും വന്നതോടെ സരിത പലപ്പോഴായി ബാക്കിപ്പണവും മടക്കിക്കൊടുത്തു. അതിന് ശേഷമാണ് തട്ടിപ്പ് സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചത്.

അറസ്റ്റിലായിട്ടും സരിത വിഐപി

സൗരോര്‍ജ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ക്ക് റിമാന്‍ഡിലും വിഐപി പരിഗണന. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സരിതയ്ക്ക് പൊലീസുദ്യോഗസ്ഥന്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കൈമാറി. യുഡിഎഫ് സര്‍ക്കാരിനെ ഉലയ്ക്കുന്ന വന്‍ തട്ടിപ്പുകേസിലെ പ്രതിക്കു മുന്നില്‍ നിയമസംവിധാനമാകെ ഓഛാനിച്ച് നില്‍ക്കുന്നു. വ്യാഴാഴ്ച കോടതിയിലേക്ക് കൊണ്ടുപോകുംവഴിയാണ് സരിത മൊബൈലില്‍ സംസാരിച്ചത്. വൈദ്യപരിശോധനയ്ക്ക് പെരുമ്പാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു ഇത്. പെരുമ്പാവൂര്‍ എസ്ഐ ജോര്‍ജ് തന്റെ ഔദ്യോഗിക മൊബൈല്‍ ഫോണാണ് സരിതയ്ക്ക് കൈമാറിയത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് മൊബൈല്‍ കൊടുത്തതെന്ന് ജോര്‍ജ് വെളിപ്പെടുത്തി. പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും സരിതയ്ക്ക് വളരെ അടുത്ത ബന്ധമുണ്ട്. പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങള്‍ക്ക് സരിതയുടെ സ്ഥാപനം വന്‍തോതില്‍ പണം നല്‍കിയിരുന്നു.

deshabhimani

No comments:

Post a Comment