Friday, June 21, 2013

കേന്ദ്രപദ്ധതികള്‍ ഇനി 66 എണ്ണംമാത്രം

ന്യൂഡല്‍ഹി: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ എണ്ണം കുറച്ച് പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച് ആസൂത്രണ കമീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇനി 17 മുന്‍നിര പദ്ധതികളടക്കം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ എണ്ണം 66 ആയിരിക്കും. ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, നഗരവികസനം, പശ്ചാത്തലസൗകര്യ വികസനം എന്നീ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് മുന്‍നിര പദ്ധതികള്‍. 2012ല്‍ 147 കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉണ്ടായിരുന്നു. പദ്ധതികളുടെ ആധിക്യവും ഇരട്ടിപ്പും ശരിയായ ഫണ്ട് വിനിയോഗത്തിന് തടസ്സമാകുന്നതായി ആസൂത്രണ കമീഷന്‍ രേഖ ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതികള്‍ 70 എണ്ണമായി കുറയ്ക്കാന്‍ ശരദ് പവാര്‍ അധ്യക്ഷനായ മന്ത്രിസഭാ സമിതിയും നിര്‍ദേശിച്ചു. എന്നാല്‍, കേന്ദ്ര മന്ത്രിസഭ അത് 66 ആയി ചുരുക്കി. വര്‍ഷം

100 കോടി രൂപയില്‍ കൂടുതല്‍ നീക്കിവയ്ക്കാത്ത പദ്ധതികള്‍ നിര്‍ത്തലാക്കാനോ മറ്റ് പദ്ധതികളില്‍ ലയിപ്പിക്കാനോ ആണ് നിര്‍ദേശിച്ചിരുന്നത്. സംസ്ഥാനങ്ങളുടെ സവിശേഷ സാഹചര്യങ്ങള്‍ പരിഗണിക്കുന്ന പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. ഈ പദ്ധതികളില്‍ കേന്ദ്രം നല്‍കുന്ന തുകയുടെ പത്ത് ശതമാനം സംസ്ഥാന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിനിയോഗിക്കാം. എണ്ണം നിജപ്പെടുത്തിയതു വഴി പ്രതിവര്‍ഷം 25,000 കോടി രൂപയെങ്കിലും പദ്ധതിച്ചെലവില്‍ കുറവു വരുത്താന്‍ കഴിയുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡു പദ്ധതി, ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി, സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങി ഗ്രാമവികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഫണ്ട് കുറയുമെന്ന ആശങ്കയുമുണ്ട്.

deshabhimani

No comments:

Post a Comment