Sunday, June 16, 2013

മൂന്ന് മാസത്തിനിടെ മൂന്ന് വിവാദങ്ങള്‍: മൂന്നിലും ഒന്നാം പ്രതി മുഖ്യമന്ത്രി

വിവാദങ്ങള്‍ വിട്ടൊഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സരിത എസ് നായരുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കുരുങ്ങിക്കിടക്കുമ്പോള്‍ കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ സംസ്ഥാനത്ത് ഉണ്ടായ മൂന്ന് വിവാദങ്ങളിലും ഒന്നാം എതിര്‍ കക്ഷിയായി നിന്നത് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു എന്ന് കാണാം. മാര്‍ച്ച് മാസം കത്തിക്കാളിയതും ഒരു മന്ത്രിയുടെ രാജിയില്‍ വരെ എത്തിയതുമായ വിവാദത്തിലും പിന്നീട് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടത് മുഖ്യമന്ത്രിഉമ്മന്‍ചാണ്ടിയായിരുന്നു. അന്ന് ന്യായീകരിച്ചവര്‍ക്കുപോലും സഹായിക്കാന്‍ പറ്റാത്തവിധം മൂന്ന് മാസത്തിനിടയിലെ മൂന്നാം വിവാദത്തില്‍ കുടുങ്ങി നില്‍ക്കുകയാണിപ്പോള്‍ മുഖ്യമന്ത്രി.

ഗാര്‍ഹിക പീഢനം നടന്നു എന്ന് മന്ത്രിയായിരുന്ന ഗണേശ്്കുമാറിനെതിരായ  പരാതി ഭാര്യ യാമിനി തങ്കച്ചി ആദ്യമായുന്നയിച്ചത് മുഖ്യമന്ത്രിയോടായിരുന്നു എന്നത് വന്‍ വിവാദമാണ് ഉണ്ടാക്കിയത്. തടിയൂരാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സാധിച്ചില്ല. എന്നു മാത്രമല്ല തന്റെ സഹപ്രവര്‍ത്തകന്‍ ഗണേശ്കുമാറിനെ രക്ഷപ്പെടുത്തുന്നതിന് ഉമ്മന്‍ചാണ്ടി നടത്തിയ നീക്കങ്ങള്‍ പരാജയപ്പെടുകയും ഒടുവില്‍ ഗണേശ്കുമാറിന് രാജിവെക്കേണ്ടിയും വന്നു.

അതോടെ ആ വിവാദത്തിന് താല്‍ക്കാലിക വിരാമമായെങ്കിലും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപെട്ടുണ്ടായ പുതിയ വിവാദങ്ങളിലും മുഖ്യമന്ത്രി ഒന്നാം എതിര്‍ കക്ഷിയായി വിലയിരുത്തപ്പെട്ടു.

കെ പി സി സി പ്രസിഡന്റായ രമേശ് ചെന്നിത്തല തന്റെ മന്ത്രിസഭയില്‍ പ്രധാന വകുപ്പുമായി മന്ത്രിയായി ചേരുന്നതില്‍ എതിര്‍പ്പില്ലെന്ന് പരസ്യമായി പറഞ്ഞുവെങ്കിലും അതിന് പാര പണിതത് ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു എന്നത് കോണ്‍ഗ്രസുകാര്‍തന്നെ പറഞ്ഞു നടക്കുന്ന കാര്യമാണ്.

രമേശ് മന്ത്രിയായാല്‍ അധികാര കേന്ദ്രങ്ങള്‍ മാറിപ്പോകുമോ എന്ന ഭയമാണ് ഉമ്മന്‍ചാണ്ടിയെ കൊണ്ട് ഈ പാര പണിയിച്ചത് എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പോലും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്. അതിനും എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള കളികളാണ് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ഭാഗത്തു നിന്നുണ്ടായത്.

കെട്ടിയേല്‍പ്പിക്കപ്പെട്ട ആദര്‍ശ ശുദ്ധിയാണ് ഉമ്മന്‍ചാണ്ടിക്കുള്ളത് എന്ന് ഇതെല്ലാംകൊണ്ട് വ്യക്തമായി വരുമ്പോഴാണ് ഏറ്റവും വൃത്തിഹീനമായ മുഖം കൂടി അദ്ദേഹത്തിന് ഉണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് സോളാര്‍ പാനല്‍ തട്ടിപ്പ് പുറത്തു വന്നിരിക്കുന്നത്. സുതാര്യത എന്നാല്‍ ശുദ്ധ തട്ടിപ്പാണെന്ന് വ്യക്തമാക്കുന്നതായി പുതിയ സംഭവവികാസങ്ങള്‍. ഓരോ ദിവസം കഴിയുന്തോറും കുരുക്കുകള്‍ കൂടുതല്‍ മുറുകുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

സ്വന്തം കക്ഷിയില്‍പ്പെട്ട എം എല്‍ എ മാര്‍ പോലും ദുസ്സൂചനകളുള്ള പ്രസ്താവനകളുമായി രംഗത്തു വരുമ്പോള്‍ മുഖ്യമന്ത്രി ശുദ്ധനാണെന്ന് വിശ്വസിക്കാന്‍ കൊച്ചുകുട്ടികള്‍ക്കുപോലും കഴിയില്ലെന്നതാണ് സ്ഥിതി.

എം എല്‍ എ മാര്‍ വിളിച്ചാല്‍ പോലും തിരിച്ചു വിളിക്കാത്തവര്‍ ഒരു സ്ത്രീ മിസ്‌കോളടിച്ചാല്‍ തിരിച്ചു വിളിക്കുമെന്ന് കെ മുരളീധരന്‍ ഇന്നലെ ചാനല്‍ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തിയത് ചെറിയ കാര്യമല്ല. പാവന്‍ പയ്യന്‍ തോമസ് കുരുവിള, ജെന്നി ജോപ്പന്‍, ജിക്കുമോന്‍ ജോക്കബ്ബ്, സലീംരാജ് എന്നീ സന്തത സഹചാരികളെ മാത്രം പഴിചാരി മുഖ്യമന്ത്രിക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല.

മാത്രവുമല്ല തന്റെ പേര്‍സനല്‍ സ്റ്റാഫില്‍പ്പെട്ട അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസറുടെ ഭാര്യക്ക് വഴിവിട്ട നിയമനം നല്‍കി എന്ന വാര്‍ത്തയും ഒടുവില്‍ പുറത്തു വന്നിട്ടുണ്ട്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പില്‍ ഇങ്ങനെയൊരു വഴിവിട്ട നിയമനം നടന്നത് മുഖ്യമന്ത്രി അറിയാതെയാണെന്ന് വിശദീകരണം വന്നാല്‍ അത് വിശ്വസിക്കാന്‍ മണ്ടന്മാര്‍ക്കു മാത്രമേ സാധിക്കൂ.
കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത അത്രയും നാണംകെട്ട വിവാദങ്ങളും അധികാരം നിലനിര്‍ത്താനും കയ്യിട്ടുവാരാനുമുള്ള കൊതിമൂത്ത പ്രവര്‍ത്തനങ്ങളുമാണ് രണ്ടു വര്‍ഷത്തെ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്റെ ബാക്കിപത്രം.
 (അബ്ദുള്‍ ഗഫൂര്‍ )

ജനയുഗം

No comments:

Post a Comment