Saturday, June 15, 2013

ഐബി മേധാവിയുടെ പങ്കിന് തെളിവ്: സിബിഐ

മലയാളിയായ പ്രാണേഷ്പിള്ളയും പത്തൊമ്പതുകാരിയായ ഇസ്രത് ജഹാനുമടക്കം നാലുപേരെ 2004ല്‍ വ്യാജ ഏറ്റുമുട്ടലില്‍ ഗുജറാത്ത് പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ രാജ്യത്തെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സിയുടെ (ഐബി) സ്പെഷ്യല്‍ ഡയറക്ടര്‍ രാജേന്ദ്രകുമാറിന് പങ്കുണ്ടെന്ന് സിബിഐ വെളിപ്പെടുത്തി. അടുത്ത മാസം വിരമിക്കുന്ന രാജേന്ദ്രകുമാറിന് വ്യാജ ഏറ്റുമുട്ടല്‍കൊലയിലുള്ള പങ്കിന് കോടതിയില്‍ നില്‍നിലക്കുന്ന നിര്‍ണായക തെളിവ് ലഭിച്ചെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ "എന്‍ഡി ടിവി"യോട് പറഞ്ഞു. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സിബിഐ-ഐബി മേധാവികള്‍ ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. രാജേന്ദ്രകുമാറിനെ ചോദ്യംചെയ്യാന്‍ ചൊവ്വാഴ്ച വീണ്ടും വിളിച്ചുവരുത്തും. 1979 ബാച്ച് ഐപിഎസുകാരനായ ഇയാളെ സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി കഴിഞ്ഞ ആഴ്ച ചോദ്യംചെയ്തിരുന്നു.

കൊലപാതകസ്ഥലത്തുനിന്ന് ലഭിച്ച എകെ-47 തോക്ക് ഗുജറാത്ത് പൊലീസിന് നല്‍കിയത് രാജേന്ദ്രകുമാറാണെന്ന് സിബിഐ കരുതുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ സിബിഐക്ക് ലഭിച്ചു. വ്യാജ ഏറ്റുമുട്ടല്‍കൊലയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഐബിയുടെ നേരിട്ടുള്ള പങ്കാണ് ഇതോടെ പുറത്തുവരുന്നത്. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊല്ലാനെത്തിയ ഭീകരരായി ചിത്രീകരിച്ച് ഇസ്രത്ത് ജഹാനെയും കൂട്ടരെയും ഗുജറാത്ത് പൊലീസ് വെടിവച്ച് കൊല്ലുമ്പോള്‍ രാജേന്ദ്രകുമാര്‍ ഐബിയില്‍ ഗുജറാത്തിന്റെ ചുമതലയുള്ള ജോയിന്റ് ഡയറക്ടറാണ്. ലഷ്കര്‍ ഇ തോയ്ബ തീവ്രവാദികള്‍ മോഡിയെ കൊല്ലാനെത്തിയെന്ന ഐബിയുടെ "വിവര"ത്തിന്റെ അടിസ്ഥാനത്തിലാണ് കൊല നടത്തിയതെന്നാണ് ഗുജറാത്ത് പൊലീസിന്റെ വിശദീകരണം. മോഡിയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നെന്നും വധശ്രമത്തിന് സാധ്യതയുണ്ടെന്ന വിവരം ആധികാരികമായിരുന്നെന്നും ഇവര്‍ കൊല്ലപ്പെടുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നുമാണ് രാജേന്ദ്രകുമാര്‍ സിബിഐക്ക് മൊഴി നല്‍കിയത്. എന്നാല്‍, സംഭവസ്ഥലത്ത് ഇയാള്‍ എത്തിയില്ലെങ്കിലും കൊലപാതകം ആസൂത്രണംചെയ്യുന്നതില്‍ പങ്കാളിയായെന്നു തെളിയിക്കുന്ന വിവരങ്ങള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ട്. രാജേന്ദ്രകുമാറിന്റെ ടെലിഫോണ്‍ രേഖകള്‍ പ്രധാന തെളിവാണെന്ന് സിബിഐ ചൂണ്ടിക്കാട്ടി.

അന്വേഷണം പടിവാതിലിലേക്ക് എത്തിയതോടെ പ്രതിഷേധവുമായി ഐബി രംഗത്ത് എത്തി. രഹസ്യസ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥരെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത് അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നാണ് ഐബിയുടെ നിലപാട്. കൊല്ലപ്പെട്ടവരുടെ ഭീകരബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഗുജറാത്ത് പൊലീസിന് കഴിഞ്ഞിരുന്നില്ല. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുത്തത്.

deshabhimani

No comments:

Post a Comment