Friday, June 21, 2013

ഉപദേഷ്ടാവാക്കാന്‍ ഭഗവത്; അദ്വാനി വിയോജിച്ചു

നരേന്ദ്രമോഡിയെ ബിജെപിയുടെ മുഖ്യപ്രചാരകനായി അംഗീകരിച്ച് ഉപദേശകന്റെ റോളിലേക്ക് മാറണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ നിര്‍ദേശം എല്‍ കെ അദ്വാനി തള്ളി. മോഡിയെ മുഖ്യപ്രചാരകനാക്കിയതില്‍ എന്‍ഡിഎ അധ്യക്ഷന്‍ കൂടിയായ അദ്വാനിക്കുള്ള വിയോജിപ്പ് തുടരുന്ന സാഹചര്യത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ്് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഡല്‍ഹിയിലെ ആര്‍എസ്എസ് ആസ്ഥാനമായ കേശവ്കുഞ്ചിലാണ് ഇരുവരും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്താനുള്ള നീക്കത്തോടുള്ള തന്റെ ശക്തമായ എതിര്‍പ്പ് അദ്വാനി ഭഗവതിനെ അറിയിച്ചു. എന്നാല്‍ ഭഗവത് തിരികെ, മോഡിയെ മുഖ്യപ്രചാരകനാക്കി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന തന്ത്രത്തോട് യോജിക്കാന്‍ അദ്വാനിയോട് ആവശ്യപ്പെട്ടു. അദ്വാനി ഉപദേശകന്റെ വേഷത്തിലേക്ക് മാറണമെന്നും അഭിപ്രായപ്പെട്ടു.

ഈ നിര്‍ദേശങ്ങളോടൊന്നും അദ്വാനി യോജിച്ചിട്ടില്ല. മോഡിയുടെ വരവോടെ എന്‍ഡിഎയിലുണ്ടായ പിളര്‍പ്പും തന്റെ വാദങ്ങള്‍ക്ക് ബലംപകരാന്‍ അദ്വാനി മുന്നോട്ടുവച്ചു. പ്രധാന തര്‍ക്കവിഷയങ്ങളിലൊന്നും യോജിപ്പിലെത്താനാകാതെ വന്നതോടെയാണ് ചര്‍ച്ച പിന്നീട് തുടരാമെന്ന ധാരണയോടെ ഇരുനേതാക്കളും പിരിഞ്ഞത്. അടുത്തുനടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ മേല്‍നോട്ടത്തിന് മറ്റൊരു സമിതി രൂപീകരിക്കണമെന്ന ആവശ്യവും അദ്വാനി മുന്നോട്ടുവച്ചു. ഭാവിയില്‍ ഇരുനേതാക്കളും കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ആര്‍എസ്എസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനം ഇരുനേതാക്കളും വിലയിരുത്തി. രാജ്യത്തെ വിവിധ സംഭവവികാസങ്ങളുടെ കാര്യത്തില്‍ അഭിപ്രായങ്ങള്‍ കൈമാറി. പല പ്രശ്നങ്ങളിലും കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നാണ് ഇരുവരുടെയും നിലപാട്. വിവിധ ഘട്ടങ്ങളില്‍ കുറിപ്പുകളും കൈമാറും. ഉചിതമായ സമയത്ത് നടപടികളുണ്ടാകും. അഭിപ്രായങ്ങള്‍ പരസ്പരം കൈമാറുന്ന പ്രയോജനപ്രദമായ നടപടി ഭാവിയിലും തുടരാമെന്ന നിര്‍ദേശം ഭഗവത് മുന്നോട്ടുവച്ചതായി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മോഡിയെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണസമിതി തലവനാക്കിയതില്‍ പ്രതിഷേധിച്ച് ജൂണ്‍ പത്തിന് അദ്വാനി ബിജെപിയിലെ സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു. ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്ന് പിന്നീട് രാജി പിന്‍വലിച്ചു. വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് ആര്‍എസ്എസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച കൂടിക്കാഴ്ച നടന്നത്. ഡല്‍ഹിയില്‍ എത്തിയ ഭഗവതിനെ ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ സന്ദര്‍ശിച്ചു.

deshabhimani

No comments:

Post a Comment