Saturday, June 22, 2013

ദുരിതാശ്വാസത്തിന് രംഗത്തിറങ്ങുക

പേമാരിയും മിന്നല്‍പ്രളയവും മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറമുള്ളവയാണ്. എന്നാല്‍, അവയുടെ കെടുതികള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ മനുഷ്യനുമുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പ്രകൃതിക്ഷോഭം മഹാദുരന്തമായി മാറി, വിവരണാതീതമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിമാലയന്‍ സുനാമി എന്നാണതിനെ വിളിക്കുന്നത്. മരണസംഖ്യ ഭീതിദമായ തോതില്‍ ഉയര്‍ന്നേക്കാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ജൂണ്‍ 17നാണ് ആദ്യത്തെ മിന്നല്‍പ്രളയം അനുഭവപ്പെട്ടത്. മേഘസ്ഫോടനത്തെതുടര്‍ന്ന് കേദാര്‍നാഥിലെ കൃത്രിമതടാകം സംഹാരരൂപംപൂണ്ടു. കേദാര്‍നാഥ്, രുദ്രപ്രയാഗ് എന്നിവിടങ്ങളില്‍നിന്ന് നൂറുകണക്കിന് പേര്‍ ഒഴുകിപ്പോയി. ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹോട്ടലുകളും മറ്റ് കെട്ടിടങ്ങളും പ്രളയജലം വിഴുങ്ങുകയായിരുന്നു.

രുദ്രപ്രയാഗ്, ചമേലി ജില്ലകളില്‍ റോഡുകള്‍ ഒലിച്ചുപോയി. 50,000ല്‍പരം തീര്‍ഥാടകരെക്കുറിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ലഭ്യമല്ല. സൈന്യം ഇറങ്ങിയശേഷമാണ് പരിമിതമായ തോതില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 26 ഹെലികോപ്റ്റര്‍മാത്രമാണ് കഴിഞ്ഞദിവസം രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചത്. പ്രദേശത്തിന്റെ പ്രത്യേകതയും ദുരന്തത്തിന്റെ വ്യാപ്തിയും പരിഗണിക്കുമ്പോള്‍ അധികൃതര്‍ സ്വീകരിച്ച നടപടി തീരെ അപര്യാപ്തമാണ്. ആയിരക്കണക്കിനുപേര്‍ കുടുങ്ങിയ പ്രദേശങ്ങളില്‍നിന്ന് വിരലിലെണ്ണാവുന്ന ആളുകളെമാത്രമാണ് ഹെലികോപ്റ്ററുകള്‍ വഴി സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കാനായത്. പ്രധാനമന്ത്രിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ദുരന്തബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയിരുന്നു. എന്നാല്‍, അതനുസരിച്ചുള്ള തുടര്‍നടപടികള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ഉണ്ടായില്ല. രക്ഷിക്കാന്‍ കഴിഞ്ഞവര്‍ക്കുപോലും ഭക്ഷണവും മരുന്നും എത്തിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായി വ്യാപകമായ പരാതിയുണ്ട്.

ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഓരോ വര്‍ഷവും എത്തുന്ന പ്രദേശങ്ങളാണ് ഉത്തരാഖണ്ഡിലെ വിവിധ മേഖലകള്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വിദൂരമായ മലനിരകളിലെ ആരാധനാലയങ്ങളില്‍ എത്തുന്നു. ഈ പ്രദേശങ്ങളില്‍ അപകടമോ ദുരന്തമോ ഉണ്ടായാല്‍ അത് കൈകാര്യംചെയ്യാന്‍ ഒരു തയ്യാറെടുപ്പും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോഴത്തെ സാഹചര്യം. 1975ല്‍ സമാനമായ ദുരന്തം ഉണ്ടായതിനെത്തുടര്‍ന്ന് കേന്ദ്രജലവിഭവമന്ത്രാലയം മിന്നല്‍പ്രളയം സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ക്കായി മാതൃകാ നിയമനിര്‍മാണം മുന്നോട്ടുവച്ചിരുന്നു. മിന്നല്‍പ്രളയം സൃഷ്ടിച്ചേക്കാവുന്ന ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ നിരവധി നടപടികള്‍ ബില്ലില്‍ നിര്‍ദേശിച്ചിരുന്നു. അമിതമായ തോതില്‍ കെട്ടിടനിര്‍മാണങ്ങള്‍ ഒഴിവാക്കുക, ജലം ഒഴുകിപ്പോകാന്‍ സ്വാഭാവിക സംവിധാനങ്ങള്‍ ഒരുക്കുക എന്നിവ ഇവയില്‍പ്രധാനമാണ്. എന്നാല്‍, രാജസ്ഥാനും മണിപ്പുരും മാത്രമാണ് ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തിയത്. കൂടുതല്‍ ദുരന്തസാധ്യതയുള്ള സംസ്ഥാനങ്ങള്‍ അനങ്ങിയിട്ടില്ല.

വിവിധ പദ്ധതികള്‍ക്കായി അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ മറവില്‍ പ്രകൃതിയുടെ താളംതെറ്റിക്കുന്നത് മനുഷ്യന്റെ തന്നെ വിനാശത്തിനു കാരണമാകുമെന്നും ഇത് വ്യക്തമാക്കുന്നു. ആലസ്യം വിട്ട് സര്‍ക്കാരുകള്‍ ദുരന്ത നിവാരണത്തിനായി എല്ലാ ശേഷിയുമുപയോഗിച്ച് രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങാന്‍ രാഷ്ട്രീയ പാര്‍ടികളും സംഘടനകളും തയ്യാറാകണം. ജനങ്ങളാകെ അണിചേരുകയും വേണം.

deshabhimani editorial

No comments:

Post a Comment