Friday, June 14, 2013

മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം

കോടികളുടെ സോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ ആഫീസുമായുള്ള കുറ്റകരമായ ബന്ധം മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ സമ്മതിച്ച സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കോടികളുടെ തട്ടിപ്പും ഞെട്ടിപ്പിക്കുന്ന ക്രിമിനല്‍ കുറ്റവും നടത്തുന്നവരുടെ ആശ്രയകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നുവെന്നാണ് ഇതുവരെ പുറത്തുവന്ന സംഭവഗതികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പൂര്‍ണരൂപം പുറത്തുവരാനും യഥാര്‍ത്ഥ കുറ്റവാളികളെ ആകെ കണ്ടെത്താനും പേഴ്സണല്‍ സ്റ്റാഫിലെ രണ്ടുപേരെ മാറ്റിനിര്‍ത്തിയതുകൊണ്ടുമാത്രം ആകുന്നില്ല.

തന്റെ സ്റ്റാഫിലെ രണ്ടുപേരെ പുറത്താക്കിയതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതുകൊണ്ടുമാത്രം ഈ പ്രശ്നത്തിലെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുമായി മുഖ്യമന്ത്രിയുടെ സ്റ്റാഫിന് ബന്ധമുണ്ടെന്ന കാര്യം രണ്ടാഴ്ച മുമ്പ് അറിയിച്ചെങ്കിലും നടപടിയെടുക്കാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചുവെന്ന കുറ്റപത്രം മുഖ്യമന്ത്രിക്കെതിരെ മന്ത്രിപദവിയുള്ള ഗവണ്‍മെന്റ് ചീഫ് വിപ്പാണ് ഉന്നയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ആക്ഷേപമുന്നയിച്ചില്ലെന്നും ജൂണ്‍ 3 ന് മാത്രമാണ് കാര്യം ശ്രദ്ധയില്‍പെടുത്തിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. പക്ഷെ, മുഖ്യമന്ത്രിയുടെ മറുപടിയില്‍നിന്നുതന്നെ 11 ദിവസം മുമ്പ് ഗവണ്‍മെന്റ് ചീഫ്വിപ്പ് ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് വ്യക്തമാകുന്നു.

സോളാര്‍ പാനല്‍ തട്ടിപ്പുകാരിയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള അവിശുദ്ധബന്ധത്തെപ്പറ്റി കൈരളി ടിവി വാര്‍ത്ത പുറത്തുവിട്ടത് ജൂണ്‍ 11-നാണ്. അതേത്തുടര്‍ന്നാണ് നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷവും യുവജനസംഘടനകളും പ്രതിഷേധമുയര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് തന്റെ പേഴ്സണല്‍ സ്റ്റാഫിലെ കുറ്റക്കാരായ രണ്ടുപേരെ ഇപ്പോള്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി നിര്‍വാഹമില്ലാതെ തയ്യാറായിരിക്കുന്നത്. കുറ്റവാളികളെപ്പറ്റി നേരത്തേതന്നെ അറിവ് ലഭിച്ചിട്ടും അന്ന് നടപടിയെടുക്കാതിരുന്നതിലൂടെ, സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്ള അനുകൂല മനോഭാവമാണ് വെളിപ്പെടുന്നത്. കുറ്റവാളികളെ സ്റ്റാഫില്‍നിന്നും പുറത്താക്കാന്‍ വൈകിയത് സദുദ്ദേശപരമല്ല. മുഖ്യമന്ത്രി സംസാരിക്കുന്ന മൊബൈല്‍ഫോണ്‍ കൈവശമുള്ളവരാണ് പേഴ്സണല്‍ സ്റ്റാഫിലെ ടെന്നി ജോപ്പനും ഗണ്‍മാന്‍ സലിം രാജും. ഇവര്‍ക്കു വന്ന സരിത നായരുടെ മൊബൈല്‍ഫോണ്‍ വിളികള്‍ക്ക് മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ ചെവികൊടുത്തോ എന്നറിയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ നിരീക്ഷണ ക്യാമറയിലെ റെക്കോഡു ചെയ്ത ദൃശ്യങ്ങള്‍ പരിശോധിക്കണം.

ഇതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കീഴിലുള്ള എഡിജിപിയുടെ അന്വേഷണം പര്യാപ്തമല്ല. സമഗ്രമായ അന്വേഷണത്തിന് ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്. തട്ടിപ്പുകാരും മുഖ്യമന്ത്രിയുടെ ആഫീസുമായുള്ള ബന്ധത്തില്‍ നിഗൂഢത ഏറെയുണ്ട്. ഏത് തട്ടിപ്പുകാര്‍ക്കും കുറ്റവാളികള്‍ക്കും ആശ്രയിക്കാവുന്ന കേന്ദ്രമാണോ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക വസതിയും. നേരത്തേ കുറെനാള്‍ മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യം സെക്രട്ടറിയറ്റ് വളപ്പിലും പരിസരത്തും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് അവരെ സ്റ്റാഫില്‍നിന്നും ഒഴിവാക്കിയിരുന്നു. പക്ഷെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ ഡെപ്യൂട്ടേഷനില്‍ വന്നിരുന്ന ഇവരെ, അഴിമതി നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാതെ സ്റ്റാഫില്‍നിന്നും ഒഴിവാക്കുക മാത്രമാണ് ചെയ്തത്.

ഇങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസ് അടിക്കടി അഴിമതിക്കാരുടെയും തട്ടിപ്പുകാരുടെയും കേന്ദ്രമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ നിജസ്ഥിതി നാടിനെ ബോധ്യപ്പെടുത്തുന്നതിന് അധികാരമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പിണറായി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment