Tuesday, March 11, 2014

80,000 ത്തിന്റെ ലീഡില്‍ തട്ടി യുഡിഎഫ്

ആലപ്പുഴ: സംസ്ഥാനത്തെ നീളം കൂടിയ പാര്‍ലമെന്റ് മണ്ഡലമായ ആലപ്പുഴയില്‍ ഇരുമുന്നണികളും തെരഞ്ഞെടുപ്പിന്റെ ഓട്ടമത്സരം തുടങ്ങി കഴിഞ്ഞു. സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് നല്‍കിയ 78,447 വോട്ടിന്റെ ലീഡ് തുടക്കത്തില്‍ തന്നെ യുഡിഎഫിന് ഹര്‍ഡിലുകള്‍ തീര്‍ക്കുന്നു. യുഡിഎഫ് വിജയിച്ച നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആലപ്പുഴയില്‍ എല്‍ഡിഎഫിന് മികച്ച വിജയം ജനങ്ങള്‍ നല്‍കിയത്. രാഷ്ട്രീയ സ്ഥിതിഗതികള്‍ കൂടുതല്‍ എല്‍ഡിഎഫിന് അനുകൂലവുമാണ്. അതുകൊണ്ടുതന്നെ എല്‍ഡിഎഫിന്റെ ഈ ഭൂരിപക്ഷം എങ്ങനെ മറികടക്കുമെന്നതാണ് യുഡിഎഫിനെ അലട്ടുന്ന ആദ്യ പ്രശ്നം.

അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ഹരിപ്പാട് ഒഴിച്ച് ആറും എല്‍ഡിഎഫിനൊപ്പമായിരുന്നു. എല്‍ഡിഎഫിന് 5,00,847 വോട്ട് കിട്ടിയപ്പോള്‍ യുഡിഎഫിന് 4,22,400 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. 78,447 വോട്ടിന്റെ വ്യത്യാസം. ഇതില്‍ യുഡിഎഫ് വിജയിച്ച ഹരിപ്പാട് കെപിസിസി പ്രസിഡന്റെന്ന നിലയില്‍ മത്സരിച്ചിട്ടും 5000ത്തോളം വോട്ടുകള്‍ക്കാണ് കരകടക്കാനായത്. അതേസമയം എല്‍ഡിഎഫിനാകട്ടെ ചേര്‍ത്തലയില്‍ 18000ത്തിലധികവും അരൂര്‍, അമ്പലപ്പുഴ, ആലപ്പുഴ എന്നിവിടങ്ങളില്‍ 16000ത്തിലധികവും കരുനാഗപ്പള്ളിയില്‍ 14000ത്തിലധികവും ഭൂരിപക്ഷം നേടി. കായംകുളത്തു മാത്രമാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞത്.

വോട്ടിലെ കണക്കിനൊപ്പം കലങ്ങിമറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷവും യുഡിഎഫിന് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മണ്ഡലത്തില്‍ ചെല്ലാനം മുതല്‍ കരുനാഗപ്പള്ളി വരെ നീണ്ടു കിടക്കുന്ന തീരമേഖലയില്‍ യുഡിഎഫിനെതിരെ പ്രതിഷേധം കുമിഞ്ഞുകൂടുകയാണ്. തീരദേശ പരിപാലന നിയമം കടലിന്റെ മക്കളെ കടല്‍തീരത്തുനിന്ന് ആട്ടിപായിക്കുകയാണെന്ന് ഈ മേഖലയിലെ മുഴുവന്‍ സംഘടനകളും ഒരേ സ്വരത്തില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് വിരുദ്ധമായ നിയമം നിര്‍മിച്ചപ്പോള്‍ പാര്‍ലമെന്റില്‍ അതിനെതിരെ കെ സി വേണുഗോപാല്‍ എംപി ഒരക്ഷരം ശബ്ദിച്ചില്ലെന്നതും പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു. കടല്‍ ഭിത്തി നിര്‍മാണത്തില്‍ യുഡിഎഫ് കാട്ടിയ അവഗണനയാണ് മറ്റൊരു പ്രശ്നം. വിലക്കയറ്റം, ആധാര്‍, പാചകവാതക, പെട്രോള്‍- ഡീസല്‍ വില വര്‍ധന, എന്നിവയെല്ലാം ജനങ്ങളുടെ യുഡിഎഫ് വിരുദ്ധത കൂട്ടുന്നു. ഇതു മാത്രമല്ല കെ സി വേണുഗോപാല്‍ എംപിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും നല്‍കിയ വാഗ്ദാനങ്ങളുടെ ലംഘനവും യുഡിഎഫിന് തലവേദനയാകുകയാണ്. ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണം ഈ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങുമെന്ന് ആണയിട്ട് ആവര്‍ത്തിച്ചതാണ്. അവസാനം കേന്ദ്ര സര്‍ക്കാര്‍ തന്നെ ബൈപ്പാസ് ടെന്‍ഡറിന്റെ അനുമതി നിഷേധിച്ചത് കേന്ദ്രസഹമന്ത്രിക്ക് കനത്ത തിരിച്ചടിയായി. ചേര്‍ത്തല വാഗണ്‍ ഫാക്ടറി തുടങ്ങുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഹമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. അതും വെള്ളത്തിലായി. തുറവൂരിലടക്കമുള്ള റെയില്‍വേ മേല്‍പാലങ്ങള്‍, എന്‍ടിപിസി രണ്ടാംഘട്ട വികസനം എന്നിവയെല്ലാം തിരിഞ്ഞുകൊത്തുകയാണ്. ഇതിനു പുറമെ സരിതയുമായുള്ള ബന്ധം ഇതുവരെ വിശദീകരിക്കാത്തത് സഹമന്ത്രിയുടെ സദാചാരബോധത്തെ കുറിച്ച് സംശയം ജനിപ്പിച്ചു. മാനഷ്ട കേസ് കൊടുക്കാനുള്ള എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി സ്വീകരിക്കാതെ ഒളിച്ചോടിയതും നാണക്കേടായി.

ചരിത്രം തിരുത്താന്‍ വയനാട്

കല്‍പ്പറ്റ: മൂന്ന് സംസ്ഥാന മന്ത്രിമാരുള്ള ഏക ലോക്സഭ മണ്ഡലം കൂടിയായ വയനാട് ലോക്സഭ മണ്ഡലം ചരിത്രം തിരുത്താനൊരുങ്ങുന്നു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിന്റെ മണ്ഡലമായ നിലമ്പൂരും എ പി അനില്‍കുമാറിന്റെ മണ്ഡലമായ വണ്ടൂരും പി കെ ജയലക്ഷ്മിയുടെ മണ്ഡലമായ മാനന്തവാടിയും ഉള്‍പ്പെടുന്ന വയനാട് മണ്ഡലത്തില്‍ യുഡിഎഫിന് ഇക്കുറി പ്രതീക്ഷ വേണ്ടെന്ന സൂചനകളാണ് ഉയരുന്നത്.നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ യുവതി കൊല്ലപ്പെട്ടതും കുനിയില്‍ ഇരട്ട കൊലയും നടന്നത് ഈ മണ്ഡലത്തിലാണ്. കൂടാതെ സോളാര്‍ വിവാദത്തില്‍ മന്ത്രിയുടെ പങ്കും ആദിവാസി മേഖലയോടുള്ള സര്‍കാര്‍ അനാസ്ഥയും അഴിമതിയുമെല്ലാം സര്‍കാരിനെതിരായി ജനവികാരം ഉയര്‍ത്തിയിട്ടുണ്ട്. സര്‍കാര്‍ ദുര്‍നയങ്ങള്‍ക്കെതിരെ ഉയരുന്ന ജനവികാരം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. സോണിയഗാന്ധി മുതല്‍ രാഹൂല്‍ ഗാന്ധി വരെയുള്ളവരെ ക്ഷണിച്ച് യുഡിഎഫ് കാണിക്കുന്ന അമിത ആത്മവിശ്വാസം ഇക്കുറി വിലപോവില്ലെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എം ഐ ഷാനവാസിനെ മൃഗീയ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചിട്ടും എം പി മണ്ഡലത്തെ അവഗണിച്ചതിന് ഈ തെരഞ്ഞെടുപ്പില്‍ പകരം ചോദിക്കാനാണ് ജനങ്ങള്‍ തയ്യാറെടുക്കുന്നത്.

2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാര്‍ കുറവ് വോട്ടുകള്‍ക്കാണ് 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.വിലകയറ്റം,പാചക വാതക വിലവര്‍ദ്ധന, കസ്തൂരിരംഗന്‍ റിപോര്‍ട് തുടങ്ങിയവ വിധി നിര്‍ണയിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫ് നില കുടുതല്‍ പരുങ്ങലിലാണ്. 2009ല്‍ എം ഐ ഷാനവാസ്് 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വര്‍ഗീയ ധ്രുവീകരണവും പണക്കൊഴുപ്പും വിധി നിര്‍ണയിച്ചപ്പോള്‍ കിട്ടിയ മൃഗീയ ഭൂരിപക്ഷം 2011ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനായില്ല.മണ്ഡലത്തിലെ ആറ് മണ്ഡലങ്ങളിലും യുഡിഎഫിന് വോട്ട് കുറഞ്ഞു. തിരുവമ്പാടി മണ്ഡലത്തില്‍ 3833 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.ആറ് നിയമസഭ മണ്ഡലങ്ങളിലും ലോക്സഭ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ യുഡിഎഫിന് വോട്ട് കുറഞ്ഞത് നിസാരമല്ല. തിരുവമ്പാടി മണ്ഡലത്തില്‍ 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 21414 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 3833 ആയി കുറഞ്ഞു. മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ 22105 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് 2011ല്‍ പി കെ ബഷീറിന്റെ ഭൂരിപക്ഷം പകുതിയായി കുറഞ്ഞു.11246 വോട്ടുകള്‍. മന്ത്രി ആര്യാടടന്‍ മുഹമ്മദിന്റെ മണ്ഡലമായി നിലമ്പൂരിലും വോട്ട് കുറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ 21267 വോട്ടിന്റെ ഭൂരി പക്ഷമുള്ളത് നിയമസഭ തെരഞ്ഞെടുപ്പില്‍ 5598 ആയി കുറഞ്ഞു. മന്ത്രി പി കെ ജയലക്ഷ്മിയുടെ മണ്ഡലമായ വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ 19403 വോട്ട് ഭൂരിപക്ഷമുണ്ടായത് 2011ല്‍ 12743 ആയി കുറഞ്ഞു. ബത്തേരിയില്‍ 19140 വോട്ടുണ്ടായിരുന്നത് നിയമസഭ തെരഞ്ഞെടുപ്പില്‍ 7583 ആയും കല്‍പ്പറ്റയില്‍ 24049 വോട്ട് ഭൂരിപക്ഷം ഉണ്ടായിരുന്നത 18169 ആയുംകുറഞ്ഞു.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും മലയോര മേഖലയിലെ കര്‍ഷകരുടെ ദുരിതങ്ങളുമെല്ലാം വലിയ തോതില്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും. ഭൂരിഭാഗം വരുന്ന കര്‍ഷകരുടെ പിന്തുണ വിധിയെഴുത്തില്‍ നിര്‍ണായകമാകും.

പി ഒ ഷീജ

deshabhimani

No comments:

Post a Comment