Saturday, March 1, 2014

നാട്ടുകാരുടെ സംരക്ഷണയില്‍ സന്ദീപാനന്ദഗിരി പ്രഭാഷണം നടത്തി

കാഞ്ഞങ്ങാട്: പ്രഭാഷണത്തിനെത്തിയ സ്വാമി സന്ദീപാനന്ദഗിരിയെ മാവുങ്കാലില്‍ ആര്‍എസ്എസ്- സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞു. ജനാഭിലാഷം മാനിച്ച് സ്വാമി കിഴക്കുംകര ചിത്ര ഓഡിറ്റോറിയത്തില്‍ നാട്ടുകാരുടെ സംരക്ഷണയില്‍ പ്രഭാഷണം നടത്തി. ബുധനാഴ്ച വൈകിട്ട് ആറിന് മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പരിപാടിയനുസരിച്ച് ഉച്ചയോടെ സ്വാമി പ്രഭാഷണത്തിന് ആനന്ദാശ്രമത്തിലെത്തി. ഇതറിഞ്ഞ സംഘപരിവാര്‍ സംഘം പ്രഭാഷണം നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ക്ഷേത്ര ഭാരവാഹികളും സ്വാമിയെ പിന്തിരിപ്പിക്കാനെത്തി. ബോധപൂര്‍വം ക്ഷേത്രമുറ്റത്ത് കലാപമുണ്ടാക്കി മുതലെടുക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ സ്വാമി പരിപാടി ഉപേക്ഷിച്ചു.

ഭഗവദ്ഗീത ഉള്‍പ്പെടെയുള്ള പുരാണകൃതികളെ മനുഷ്യപക്ഷത്തുനിന്ന് വ്യാഖ്യാനിക്കുന്ന സ്വാമിയുടെ ദൗത്യത്തില്‍ ആകൃഷ്ടരായ നൂറുകണക്കിന് ഹിന്ദുമത വിശ്വാസികള്‍ സ്വാമിയുടെ അനുവാദത്തോടെ പ്രഭാഷണത്തിനായി കിഴക്കുംകരയിലെ ചിത്ര ഓഡിറ്റോറിയത്തില്‍ സൗകര്യമൊരുക്കുകയായിരുന്നു. സംഘപരിവാര്‍ ശക്തികളുടെ ഭീഷണിയില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടതിനാല്‍ നാട്ടുകാര്‍ കേന്ദ്രത്തില്‍ സംരക്ഷണവുമായെത്തി. വൈകിട്ട് ആറോടെ പ്രഭാഷണം അവസാനിച്ചു. സ്കൂള്‍ ഓഫ് ഭഗവത്ഗീതയുടെ നേതൃത്വത്തില്‍ ഭാരതീയ ദര്‍ശനം, ഇതിഹാസ പുരാണം, ആചാരാനുഷ്ഠാനം എന്നിവയെക്കുറിച്ച് സ്വാമി സന്ദീപാനന്ദഗിരി 23 മുതലാണ് ജില്ലയില്‍ പ്രഭാഷണ പരമ്പര തുടങ്ങിയത്. കാസര്‍കോട് മുരളീമുകുന്ദ് ഓഡിറ്റോറിയത്തില്‍ 25 വരെ നടത്തിയ പ്രഭാഷണ പരമ്പരക്കിടെ മാതാ അമൃതാനന്ദമയി ഉള്‍പ്പെടെയുള്ള ആള്‍ദൈവങ്ങള്‍ ആത്മീയതയുടെ മറപറ്റി നടത്തുന്ന അനാചാരങ്ങള്‍ക്കും ഹൈന്ദവവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ വിമര്‍ശിച്ച് സംസാരിച്ചതാണ് സംഘപരിവാര്‍ ശക്തികളെ പ്രകോപിതരാക്കിയത്.

deshabhimani

1 comment:

  1. മതം മനുഷ്യനുവേണ്ടിയാണ്‌. മനുഷ്യൻ മതത്തിനുവേണ്ടിയാണെന്ന് ചിന്തിച്ചുതുടങ്ങുന്നിടത്ത് മതവിജ്ഞാനം മതവികാരമായി മാറുന്നു. ആളിപ്പടരുന്നു.

    ReplyDelete