Saturday, March 1, 2014

വിജ്ഞാപനം റദ്ദാക്കാതെ ഒത്തുകളി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്ക പരിഹരിക്കുമെന്ന് ആവര്‍ത്തിക്കുകയും അതേസമയം വിജ്ഞാപനം അതേപടി നടപ്പാക്കുമെന്ന് ഹരിത ട്രിബ്യൂണലില്‍ സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് കൂടുതല്‍ വെളിവായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഭേദഗതിയും പുനഃപരിശോധനയും വേണമെന്ന കേരളത്തിന്റെ ആവശ്യം നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന സമീപനമാണ് കഴിഞ്ഞദിവസം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ചത്. പശ്ചിമഘട്ട കര്‍ഷകജനതയ്ക്ക് പ്രതികൂലമായ കസ്തൂരിരംഗന്‍ ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശത്തില്‍ അന്തിമ തീരുമാനം എടുക്കാതെ നീട്ടുന്നതെന്തിനാണെന്നണ് കര്‍ഷക സംഘടനകളുടെയും കര്‍ഷകരുടെയും ചോദ്യം.

ജനവാസ മേഖലകളെയും കൃഷി- തോട്ടം മേഖലയെയും പരിഗണിക്കാതെയാണ് പരിസ്ഥിതി ദുര്‍ബല പട്ടിക തയ്യറാക്കിയതെന്ന കേരളത്തിന്റെ അഭിപ്രായം കേന്ദ്രം അംഗീകരിച്ചിട്ടില്ല. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണലില്‍ കഴിഞ്ഞ ജനുവരി 28ന് കേന്ദ്രം അറിയിച്ചത് തുടരാനാണ് സാധ്യത. സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയാണെന്നും ഇഎസ്എ മേഖലയുടെ സംരഷണം ഉറപ്പുവരുത്തുന്നതിനുള്ള വിജ്ഞാപനമാണ് 2013 നവംബര്‍ 13 ന് ഇറക്കിയത്. ഈ വിജ്ഞാപനം നിലനില്‍ക്കുന്നത് തന്നെയാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍ കണ്‍വീനറായ സമിതിയുടെ തെളിവെടുപ്പു നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് പറയുമ്പോഴും ചര്‍ച്ചവേണമെന്നാണ് വീരപ്പമൊയ്ലി അഭിപ്രായപ്പെടുന്നത്.

കര്‍ഷകരെ കൂടാതെ പശ്ചിമഘട്ട വികസനം സാധ്യമല്ലെന്നും കൃഷിക്കാര്‍ക്ക് മാത്രമെ പശ്ചിമഘട്ടം സംരക്ഷിക്കാനാവുകയുള്ളൂവെന്നുമാണ് സമിതി തെളിവെടുപ്പിനെത്തിയ കര്‍ഷകര്‍ക്ക് കിട്ടിയ ഉറപ്പ്. കൂടാതെ മേഖലയിലെ ജനവാസവും കൃഷിസ്ഥലവും നാണ്യവിളകളും പരിഗണിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പൂര്‍ണമായ തിരുത്തല്‍ വരുത്തിയ ശേഷമേ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. ഉപഗ്രഹ സര്‍വേപ്രകാരം പരിസ്ഥിതി ദുര്‍ബല മേഖല കണ്ടെത്തിയത് അശാസ്ത്രീയമാണെന്നും അതിരുകള്‍ പുനഃക്രമീകരിച്ച് ജനവാസ മേഖലകള്‍ ഒഴിവാക്കുമെന്നുമുള്ള സമിതിയുടെ കണ്ടെത്തലും അംഗീകരിച്ചിട്ടില്ല. ശുപാര്‍ശയിലെ കരട് വിജ്ഞാപനം സംബന്ധിച്ച് സംസ്ഥാനത്തിന്റെ അന്തിമ നിര്‍ദേശം മാര്‍ച്ച് 24 നകം അറിയിക്കാനാണ് ഹരിത ട്രിബ്യൂണല്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

മീറ്റ് പ്രോഡക്ട്സിന്റെ വികസനം ത്രിശങ്കുവില്‍

കൂത്താട്ടുകുളം: കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ വികസനത്തിന് വഴിമുടക്കുന്നു. തൃശൂര്‍ ജില്ലയിലെ പരിയാരം വില്ലേജില്‍ ആരംഭിക്കാനിരുന്ന 37.40 കോടി രൂപയുടെ വന്‍പദ്ധതിയാണ് ത്രിശങ്കുവിലായത്. അതിരപ്പിള്ളി വില്ലേജ് രൂപീകരിച്ച സാഹചര്യത്തില്‍ പരിയാരത്തെ പരിസ്ഥിതിലോല പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, കേരളത്തിലെ 105 വില്ലേജുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ പരിയാരത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. 1968ല്‍ ബേക്കണ്‍ ഫാക്ടറിയായി കൂത്താട്ടുകുളത്തെ എടയാറില്‍ ആരംഭിച്ച സ്ഥാപനം 1973ലാണ് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയായി മാറിയത്. കൃഷിവകുപ്പിനു കീഴിലുള്ള സ്ഥാപനത്തിന് നഷ്ടത്തിന്റെ കണക്കുകളാണ് ഏറെയും. വികസനസാധ്യതയുള്ള പരിയാരത്തെ പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്താണ് രൂപംകൊണ്ടത്. കയറ്റുമതി ലക്ഷ്യമാക്കി മാട്, ആട്, കോഴി എന്നിവയുടെ മാംസം സംസ്കരിക്കുന്ന പദ്ധതിയാണിത്. 16 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്. ആടുമാടുകളെ അറുക്കലും മാംസസംസ്കരണവും റെഡ് ക്യാറ്റഗറിയിലാണ് പെടുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരം പരിസ്ഥിതിലോലപ്രദേശത്ത് ഇത് അനുവദനീയമല്ല.

deshabhimani

No comments:

Post a Comment