Saturday, March 1, 2014

കബളിപ്പിക്കാന്‍ കേന്ദ്ര നീക്കം

കസ്തൂരിരംഗന്‍ സമിതി നിര്‍ദേശങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നുള്ള കടുത്ത പ്രതിഷേധം തണുപ്പിക്കാന്‍ തട്ടിക്കൂട്ടി പുതിയൊരു വിജ്ഞാപനമിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. മാര്‍ച്ച് ആദ്യവാരം തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ അതിനുമുമ്പുതന്നെ പ്രതിഷേധക്കാരെ കബളിപ്പിക്കാന്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചുമാത്രം അന്തിമവിജ്ഞാപനം എന്നതരത്തില്‍ ഒരു ഹൃസ്വകുറിപ്പ് പുറത്തിറക്കി തലയൂരാനാണ് കേന്ദ്രനീക്കം.

പരിഗണിക്കാമെന്ന പല്ലവിയല്ലാതെ ഉത്തരവ് പിന്‍വലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാന്‍ കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം മടിക്കുകയാണ്. സമര്‍ദം ശക്തമായ സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുംവിധം എന്ത് നടപടി സ്വീകരിക്കാനാകുമെന്ന തിരക്കിട്ട ചര്‍ച്ചയിലാണ് പരിസ്ഥിതി മന്ത്രാലയം.കേന്ദ്ര ഹരിത ട്രിബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ശ്രദ്ധയോടെ മാത്രമേ മന്ത്രാലയത്തിന് നീങ്ങാന്‍ കഴിയൂ. കസ്തൂരിരംഗന്‍ നിര്‍ദേശങ്ങള്‍ നിലവില്‍ വന്നതായി അറിയിച്ചുള്ള വിജ്ഞാപനം നിലനില്‍ക്കുന്നതാണെന്ന് മന്ത്രാലയം നേരത്തെ ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. ഈ നിലപാടില്‍ മാറ്റം വരുത്തേണ്ടെന്ന ഉറച്ച നിലപാട് തന്നെയാണ് മന്ത്രാലയത്തിനുള്ളത്.

അതേസമയം, കേരളത്തിന്റെ ആശങ്കകള്‍ക്ക് എത്രയും വേഗം തൃപ്തികരമായ പരിഹാരമുണ്ടാകുമെന്ന് വനം-പരിസ്ഥിതി മന്ത്രി വീരപ്പമൊയ്ലി ഉറപ്പുനല്‍കിയതായി പ്രതിരോധ മന്ത്രി എ കെ ആന്റണി അറിയിച്ചു. കേരള സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടുകൂടി പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് മൊയ്ലി അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ നടപടിയുണ്ടാകുമെന്നും മൊയ്ലി പറഞ്ഞതായി ആന്റണി പ്രസ്താവനയില്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തുടങ്ങിയവരും കഴിഞ്ഞ ദിവസം ഇതുതന്നെ അവകാശപ്പെട്ടിരുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള യുപിഎ സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ കിസാന്‍സഭ ആഹ്വാനം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎയുടെ സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചുകൊണ്ട് ശക്തമായ മറുപടി കര്‍ഷകര്‍ നല്‍കണം. നവംബര്‍ 16ലെ ഓഫീസ് മെമ്മോറാണ്ടം അടിയന്തരമായി റദ്ദുചെയ്യണം. വിഷയം പഠിക്കാന്‍ പുതിയ സമിതിയെ വയ്ക്കണം. ജനങ്ങളുടെ വികസന-ജീവിതോപാധി പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് വീണിരിക്കയാണെന്ന നിര്‍ണായക വസ്തുത കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാനം നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ വിദഗ്ധസമിതി പൂര്‍ണമായും പരാജയപ്പെട്ടു. കേരളത്തിലെ ഇഎഫ്എല്‍ നിയമം റദ്ദുചെയ്യുകയെന്ന ആവശ്യമുന്നയിച്ച് വിഷയം വഴിതിരിച്ച് വിടുകയാണ് അവര്‍ ചെയ്തത്. പരിസ്ഥിതിലോല മേഖലയുടെ വിസ്തൃതി കുറയ്ക്കുകയെന്ന ആവശ്യത്തിലേക്ക് മാത്രമായി യുഡിഎഫ് സര്‍ക്കാരും വിദഗ്ധസമിതിയും ചുരുങ്ങിയെന്നും കിസാന്‍സഭ പ്രസ്താവനയില്‍ പറഞ്ഞു.

എം പ്രശാന്ത് deshabhimani

No comments:

Post a Comment