Friday, February 28, 2014

സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ ബിജെപി- കോണ്‍ഗ്രസ് കൂട്ടുകെട്ട്

കല്‍പ്പറ്റ: അമൃതാനന്ദമയി ഭക്തരെ മറയാക്കി ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ സിപിഐ എമ്മിനെതിരെ അധിക്ഷേപം. അമൃതാനന്ദമയി മഠത്തിനെതിരെയുള്ള ആരോപണങ്ങളില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ അമൃതഭക്തജന സംഘത്തിന്റെ പേരില്‍ നടത്തിയ പരിപാടിയാണ് സിപിഐ എം നേതാക്കള്‍ക്കെതിരെയുള്ള തെറിവിളിയായത്. ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസിന്റെയും സംഘപരിവാര്‍ ജില്ലാ-സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു ആര്‍എസ്എസ് സ്പോണ്‍സര്‍ ചെയ്ത പരിപാടി.

കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനേയും ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രനേയും പരിപാടിയില്‍ സംസാരിച്ചവര്‍ അധിക്ഷേപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി ഭാര്‍ഗവറാമിനൊപ്പം കെ എല്‍ പൗലോസ് വേദി പങ്കിട്ടു. പൗലോസ് വേദിയിലിരിക്കുമ്പോഴായിരുന്നു പരിപാടി ഉദ്ഘാടനംചെയ്ത് ശശീന്ദ്രനെതിരെയുള്ള ഭാര്‍ഗവറാമിന്റെ തെറിവിളി. പിണറായി വിജയനെ അധിക്ഷേപിക്കാന്‍ മാത്രമാണ് പിന്നീട് സംസാരിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുന്ദ്രേന്‍ സമയം ചെലവഴിച്ചത്. അമൃതനന്ദമയിക്കെതിരെ ഫെയ്സ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണം നടത്തിയ മുഴുവന്‍ പേര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം വേദിയിലുണ്ടായിരുന്നു. പ്രതിഷേധ "ഉപവാസ യജ്ഞം" എന്നായിരുന്നു പരിപാടിയുടെ പേരെങ്കിലും സിപിഐ എം നേതാക്കളെ അധിക്ഷേപിക്കല്‍ മാത്രമായിരുന്നു അജന്‍ഡ.

അമൃതാനന്ദമയി മഠത്തിനെതിരെയുള്ള ആരോപണത്തിന്റെ പേരില്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കുന്നതിന്റെ ആദ്യപടിയാണ് അമൃത ഭക്തജന സംഘത്തിന്റെ പേരില്‍ നടത്തിയ "ഉപവാസത്തെറി". ആര്‍എസ്എസ് വേദിയില്‍ ഡിസിസി പ്രസിഡന്റെത്തി സംസാരിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

deshabhimani

No comments:

Post a Comment