Sunday, March 2, 2014

ഗാന്ധിയെയും മോഡി പ്രചാരണായുധമാക്കുന്നു

മഹാത്മഗാന്ധിയെയും പ്രചാരണായുധമാക്കി ഗുജറാത്തില്‍ മറ്റൊരു തെരഞ്ഞെടുപ്പ് തട്ടിപ്പിനു കൂടി മോഡി തുടക്കമിട്ടു. പകര്‍ച്ചവ്യാധികള്‍ പടരുന്ന രാജ്യത്ത് മഹാത്മഗാന്ധി സ്വച്ചത മിഷന്‍ എന്ന പേരില്‍ ശുചിത്വമിഷന്‍ തുടങ്ങിയത്. ഫെബ്രുവരിയില്‍ മാത്രം വൈറല്‍പനി ബാധമൂലം 53 പേര്‍ മരിച്ചു. ഏറെയും അഹമ്മദാബാദിലുള്ളവരാണ്.

ബിജെപി ഭരിക്കുന്ന അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മലിനജലം കുടിവെള്ളമായി നല്‍കിയതാണ് വൈറല്‍ പനി ബാധയ്ക്ക് പ്രധാന കാരണം. അഹമ്മദാബാദില്‍ മാത്രം 65,000 കേസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സൂറത്തിലും മൂവായിരത്തോളം പേര്‍ക്ക് വൈറല്‍പനി ബാധിച്ചിട്ടുണ്ട്. അതിസാരം, ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അസുഖങ്ങളും പടരുകയാണ്. ജനങ്ങളാകെ ഭീതിയില്‍ കഴിയുമ്പോഴാണ് ശുചിത്വമിഷന്‍ തുടങ്ങാന്‍ നരേന്ദ്രമോഡി നിര്‍ബന്ധിതമായത്. സംഘപരിവാര്‍ വധിച്ച മഹാത്മഗാന്ധിയുടെ പേരിലാണ് ഈ മിഷന്‍ ആരംഭിച്ചിട്ടുള്ളത്.

നേരത്തെ കോണ്‍ഗ്രസ് നേതാവ് പട്ടേലിനെ പ്രതിമാനിര്‍മാണത്തിലൂടെ സ്വന്തമാക്കിയ നരേന്ദ്രമോഡി ഇപ്പോള്‍ മഹാത്മഗാന്ധിയെയും പ്രചാരണായുധമാക്കുകയാണ്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായതിനാലാണ് ശുചിത്വ മിഷനും മോഡി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുന്നത്. മലിനമായ ജലവും അന്തരീക്ഷവുമാണ് അഹമ്മദാബാദില്‍ വൈറല്‍ പനി പടരാന്‍ കാരണമെന്ന് സിവില്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ തന്നെ വെളിപ്പെടുത്തി. വ്യവസായങ്ങള്‍ പുറത്തുവിടുന്ന ഖര-വായു മാലിന്യങ്ങളുടെ അളവ് വളരെ കൂടുതലാണ്.

വ്യവസായികളെ ആകര്‍ഷിക്കുന്നതിന് പരിസ്ഥിതി നിയന്ത്രണങ്ങള്‍ പൂര്‍ണമായും അവഗണിക്കുകയാണ് നരേന്ദ്രമോഡി. "മലിനീകരണത്തെക്കുറിച്ച് സര്‍ക്കാരിന് ഒരു വേവലാതിയുമില്ല. വേവലാതി മുഴുവന്‍ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതില്‍ മാത്രമാണ്" സിപിഐ എം സംസ്ഥാന സെക്രട്ടറി അരുണ്‍മേത്ത പറഞ്ഞു. ശുചിത്വഭാരതത്തിനു വേണ്ടിയുള്ള പ്രചാരണം ഗുജറാത്തില്‍നിന്ന് തുടങ്ങാമെന്ന മോഡിയുടെ ആഹ്വാനം ശുദ്ധ ഭോഷ്കാണെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണംമൂലം രോഗികളാകുന്നവര്‍ക്ക് വേണ്ടത്ര ചികിത്സാസൗകര്യവും ലഭ്യമല്ല.

പലയിടത്തും ആവശ്യത്തിനു മരുന്നും ലഭ്യമല്ല. ആരോഗ്യമേഖലയുടെ സ്വകാര്യവല്‍ക്കരണമാണ് പ്രധാന കാരണം. അര്‍ബുദം, ഹൃദയം, വൃക്കകള്‍ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ചികിത്സ പൂര്‍ണമായും സ്വകാര്യ ട്രസ്റ്റിന് കൈമാറിയിരിക്കുകയാണ്. ആറു പ്രധാന ആശുപത്രി കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ് ഇപ്പോള്‍. ഗ്രാമീണമേഖലയിലുള്ള 1000 പ്രാഥമിക ആരോഗ്യകേന്ദ്രം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്തു. സാധാരണക്കാര്‍ക്ക് ഇതോടെ ചികിത്സ ചെലവേറിയതായി. പേവിഷ കുത്തിവയ്പിനുപോലും 2000 രൂപ വേണം. സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരുമില്ല. 30 ശതമാനം ഒഴിവ് നികത്താതെ കിടക്കുന്നു. പത്തുവര്‍ഷമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നേഴ്സുമാരെ റിക്രൂട്ട് ചെയ്തിട്ട്.

വി ബി പരമേശ്വരന്‍ deshabhimani

No comments:

Post a Comment