Sunday, March 2, 2014

വായ്പ സിപിഐ എം തിരിച്ചടച്ചു; ജോസഫ് ജയില്‍മോചിതനായി

നാദാപുരം: മകളുടെ പഠനത്തിനായി ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനാവാത്തിനെ തുടര്‍ന്ന് ജയിലിലായ ജോസഫിനെ (76) സിപിഐ എം ഇടപെട്ട് മോചിപ്പിച്ചു. ബാങ്കില്‍ പണം അടച്ച സിപിഐ എം പ്രവര്‍ത്തകര്‍, ശനിയാഴ്ച വടകര സബ്കോടതിയില്‍ നിന്ന് വിടുതല്‍ ഉത്തരവ് വാങ്ങി കണ്ണൂര്‍ ജയിലിലെത്തിച്ചതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. പത്തുദിവസമായി ജോസഫ് ജയിലിലാണ്. ഒമ്പത് ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ഒരുദിവസം കോടതിയുടെ കസ്റ്റഡിയിലുമായിരുന്നു അദ്ദേഹം.

മകള്‍ ഷെറിന്റെ നേഴ്സിങ് പഠനത്തിന് എസ്ബിടി ചീക്കോന്ന് ശാഖയില്‍ നിന്നെടുത്ത ഒന്നേകാല്‍ ലക്ഷം രൂപ തിരിച്ചടയ്ക്കാനാവാതെ വന്നതിനാണ് വിലങ്ങാട്ടെ നാഗത്തിങ്കല്‍ ജോസഫിനെ മൂന്നു മാസം തടവിനു ശിക്ഷിച്ചത്. സിപിഐ എം ജില്ലാനേതൃത്വം എസ്ബിടി റീജിനല്‍ മാനേജറുമായി ചര്‍ച്ചചെയ്ത് പണം ബാങ്കില്‍ അടച്ചു. തുടര്‍ന്ന് കോടതി ഉത്തരവുമായി സിപിഐ എം വാണിമേല്‍ ലോക്കല്‍ സെക്രട്ടറി ടി പി കുമാരന്‍, കെ പി രാജീവന്‍, എന്‍ പി വാസു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജയിലിലെത്തി. രാത്രിയോടെ ജോസഫിനെ വീട്ടിലെത്തിച്ചു. തന്നെയും കുടുംബത്തെയും രക്ഷിച്ച പ്രസ്ഥാനത്തോട് തീരാത്ത കടപ്പാടുണ്ടെന്ന് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

പലിശ അടയ്ക്കാനാവാത്ത പ്രയാസം കോഴിക്കോട്ടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതാണ്. എന്നാല്‍ സഹായിച്ചില്ല. ബംഗളൂരു സെന്റ് ജോസഫ്സ് സ്കൂള്‍ ഓഫ് നേഴ്സിങ് കോളേജില്‍ ജനറല്‍ നേഴ്സിങ്ങ് കോഴ്സ് പൂര്‍ത്തിയാക്കിയ മകള്‍ക്ക് തിരുവനന്തപുരത്ത് സ്വകാര്യ ക്ലിനിക്കില്‍ ജോലികിട്ടിയെങ്കിലും ചെറിയ ശമ്പളമേയുണ്ടായിരുന്നുള്ളു. ഇതിനാല്‍ കടം തിരിച്ചടയ്ക്കാനായില്ല. ഹൃദ്രോഗിയായ ജോസഫിന് ജോലിക്ക് പോകാനും കഴിഞ്ഞില്ല. ചില കടലാസുകളില്‍ ഒപ്പിടുവിക്കാനെന്ന് പറഞ്ഞാണ് ബാങ്ക് അധികൃതര്‍ കൂട്ടിക്കൊണ്ടുപോയി ജയിലിലടച്ചത്.

ജോസഫ് തിരികെയെത്തി; ആഹ്ലാദത്തോടെ നാടും വീടും

നാദാപുരം: തടവറയിലെ ഏകാന്തതയില്‍നിന്ന് പ്രിയപ്പെട്ടവരുടെ സ്നേഹാദരങ്ങളിലേക്ക് ജോസഫ് മടങ്ങിയെത്തുമ്പോള്‍ നാടും വീടും ആഹ്ലാദത്തിലായിരുന്നു. മകളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഒമ്പതുദിവസം ജയിലിലടയ്ക്കപ്പെട്ട എഴുപത്തിയാറുകാരന്‍ വിലങ്ങാട് മലയങ്ങാട്ടെ നാഗത്തിങ്കല്‍ ജോസഫ് ശനിയാഴ്ച രാത്രി എട്ടോടെയാണ് നാട്ടിലെത്തിയത്. തനിക്ക് ജയില്‍ മോചനം സാധ്യമാക്കിയ പാര്‍ടിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയ ഉടന്‍ ജോസഫ് പോയത്. സിപിഐ എം നേതൃത്വത്തില്‍ വളയത്ത് നടക്കുന്ന ആലക്കല്‍ കുഞ്ഞിക്കണ്ണന്‍ രക്തസാക്ഷി ദിനാചരണ ചടങ്ങിലാണ് ജോസഫ് പങ്കെടുത്തത്.

വടകര സബ്കോടതിയില്‍നിന്ന് വിടുതല്‍ ഉത്തരവുമായി ശനിയാഴ്ച പകല്‍ രണ്ടോടെയാണ് പാര്‍ടി പ്രവര്‍ത്തകര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചത്. വൈകിട്ട് അഞ്ചരയോടെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് ജോസഫ് ജയിലില്‍നിന്ന് പുറത്തിറങ്ങി. പുറത്തു കാത്തുനിന്ന സിപിഐ എം വാണിമേല്‍ ലോക്കല്‍ സെക്രട്ടറി ടി പി കുമാരനെ കെട്ടിപ്പിടിച്ചു. ചുവന്ന മാലയിട്ട് സഖാക്കള്‍ ജോസഫിനെ വരവേറ്റു. സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ പി രാജീവന്‍, എന്‍ പി വാസു, എ ടി ജയിംസ് എന്നിവരും കണ്ണൂരിലെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരും ജോസഫിനെ സ്വീകരിക്കാനെത്തി. കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ജോസഫ് തന്റെ ദുരവസ്ഥയെക്കുറിച്ച് വിവരിച്ചു. രാത്രിയോടെ ആലക്കല്‍ കുഞ്ഞിക്കണ്ണന്‍ രക്തസാക്ഷി ദിനാചരണ ചടങ്ങില്‍ എത്തിയ ജോസഫിനെ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ എന്നിവര്‍ സ്വീകരിച്ചു. രാത്രി എട്ടരയോടെ പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള മലയോര ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് പാര്‍ടി പ്രവര്‍ത്തകരോടും ബന്ധുക്കളോടുമൊപ്പം ജോസഫ് മടങ്ങി.

മകള്‍ ഷെറിന്റെ നേഴ്സിങ് പഠനത്തിനായാണ് പത്ത് വര്‍ഷം മുമ്പ് വിദ്യാഭ്യാസ വായ്പയെടുത്തത്. കര്‍ഷകനായ ജോസഫിന്റെ സാമ്പത്തിക പരാധീനതകള്‍ക്കൊപ്പം മകള്‍ക്ക് ജോലി ലഭിക്കാതായതോടെയാണ് വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വന്നത്. ഇക്കഴിഞ്ഞ 20ന് വൈകിട്ടാണ് കോടതിയില്‍ ഒപ്പ് വെപ്പിക്കാനെന്ന് പറഞ്ഞ് ജോസഫിനെ ബാങ്ക് മാനേജരും സംഘവും കൊണ്ടുപോയി ജയിലിലടപ്പിച്ചത്.

ടി കെ വിജീഷ്

deshabhimani

No comments:

Post a Comment