Sunday, March 2, 2014

ഫാക്ടിനു കിട്ടിയത് സബ്സിഡി കുടിശിക

കളമശേരി: രണ്ടുവര്‍ഷമായി മുടങ്ങിക്കിടന്ന സബ്സിഡി തുകയായ 149 കോടി രൂപയാണ് ഫാക്ടിന് ഇപ്പോള്‍ അനുവദിച്ചതെന്നും പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമാണ് ഇതെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. നാഫ്ത ഉപയോഗിച്ച് രാസവളം നിര്‍മിക്കുന്ന വ്യവസായശാലകള്‍ക്ക് പ്രത്യേക സബ്സിഡി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു.

എല്‍എന്‍ജി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇതില്‍ ഫാക്ടിനുള്ള അര്‍ഹത 2013 ജൂണ്‍ 30 വരെയായി നിജപ്പെടുത്തിയിരുന്നു. ഫാക്ടംഫോസ് ടണ്ണിന് 5268 രൂപയായും അമോണിയം സള്‍ഫേറ്റ് ടണ്ണിന് 6343 രൂപയായും നാഫ്ത കോമ്പന്‍സേഷന്‍ 2012 ഏപ്രില്‍ ഒന്നുമുതല്‍ പൂര്‍വകാല പ്രാബല്യത്തോടെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. ഈ ഇനത്തില്‍ ഫാക്ടിന് ലഭിക്കേണ്ടിയിരുന്ന 149 കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചത്. 250 കോടി രൂപ ഒറ്റത്തവണയായി ധനസഹായം അനുവദിക്കുക, 300 കോടി രൂപ പലിശരഹിത വായ്പ അനുവദിക്കുക, നിലവില്‍ വായ്പയും പലിശയും പിഴപ്പലിശയുമായി ബാധ്യതയുള്ള 441.9 കോടി രൂപ എഴുതിത്തള്ളുക എന്നതാണ് ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജ്.

എന്നാല്‍, ഇതിന്് ധനമന്ത്രിയുടെ അനുമതി ലഭിച്ചതായി ഇതുവരെ സ്ഥിരീകരണമില്ല. അതേസമയം, എല്‍എന്‍ജി ലഭിക്കാത്തതിനെത്തുടര്‍ന്ന് 2013 ജൂലൈ-സെപ്തംബറില്‍ ഫാക്ട നാഫ്ത ഉപയോഗിച്ച് ഉല്‍പ്പാദനം നടത്തിയിരുന്നു. ഈ ഇനത്തിലുള്ള നാഫ്ത കോമ്പന്‍സേഷന്‍ 112 കോടി രൂപ ഇതുവരെ കിട്ടിയിട്ടില്ല. 2013 ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെ ഫാക്ടില്‍ എല്‍എന്‍ജി ഉപയോഗിച്ച് ഉല്‍പ്പാദനം നടത്തിയിരുന്നു. നാഫ്ത കോമ്പന്‍സേഷന് സമാനമായി ലഭിക്കേണ്ട 150 കോടിയോളം രൂപയും ലഭിച്ചിട്ടില്ല.

ഈ സബ്സിഡികള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഫാക്ട് നടപ്പുസാമ്പത്തികവര്‍ഷത്തെ ലാഭനഷ്ടങ്ങള്‍ കണക്കുകൂട്ടിയിട്ടുള്ളത്. ചുരുക്കത്തില്‍ ഇപ്പോള്‍ ലഭിച്ച സബ്സിഡിയും ലഭിക്കാനുള്ളതും കണക്കിലെടുത്താലും ഫാക്ട് നഷ്ടത്തിലാണെന്നുള്ളതാണ് വസ്തുത. 2013-14 വര്‍ഷത്തെ നഷ്ടത്തില്‍ കുറവുവരുത്താന്‍ മാത്രമെ അതിനു കഴിയു. ഫാക്ടിന്റെ പുനരുദ്ധാരണ പക്കേജ് യാഥാര്‍ഥ്യമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടിയാണ് ആവശ്യമെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ മുരളീധരന്‍ എംഎല്‍എയും കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ളയും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment