Sunday, March 2, 2014

എകെപിസിടിഎ സംസ്ഥാന സമ്മേളനം തുടങ്ങി

ആലപ്പുഴ: സ്വകാര്യ കോളേജുകളിലെ അധ്യാപകരുടെ ഏറ്റവുംവലിയ സംഘടിത പ്രസ്ഥാനമായ എകെപിസിടിഎ 56-ാം സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ തുടക്കമായി. ഉന്നത വിദ്യാഭ്യാസമേഖലയിലെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് തീര്‍ച്ചയും മൂര്‍ച്ചയും വരുത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.

സംസ്ഥാന പ്രസിഡന്റ് കെ പി സുകുമാരന്‍നായര്‍ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം സാഹിത്യനിരൂപകന്‍ പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. ഡോ. കെ പി സുകുമാരന്‍നായര്‍ അധ്യക്ഷനായി. സംഘാടകസമിതി ചെയര്‍പേഴ്സണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭ ഹരി സ്വാഗതം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, കെഎസ്ടിഎ സെക്രട്ടറി പി ഡി ശ്രീദേവി, കേന്ദ്രജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം കൃഷ്ണന്‍, പ്രൊഫ. സതീഷ്കുമാര്‍, ടി കെ സുഭാഷ്, കെ ഉമ്മന്‍, വി ബി മനുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. കെ ശ്രീവത്സന്‍ നന്ദി പറഞ്ഞു.

പകല്‍ രണ്ടിന് ചേര്‍ന്ന ട്രേഡ്യൂണിയന്‍ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. ആര്‍ആര്‍സി അനുസ്മരണ സമ്മേളനം ഡോ. ടി എന്‍ സീമ എംപി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസവും കേന്ദ്ര നിയമങ്ങളും എന്ന വിഷയം മാലശ്രീ ഹാശ്മി അവതരിപ്പിച്ചു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി എസ് ഗീതാകുമാരി അധ്യക്ഷയായി. ഡോ. ഡി കെ ബാബു സ്വാഗതവും പ്രൊഫ. സി പത്മനാഭന്‍ നന്ദിയും പറഞ്ഞു. വൈകിട്ട് സമ്മേളനഹാളില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിച്ചു.

പൊതുസമ്മേളനം ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ. കെ പി സുകുമാരന്‍നായര്‍ അധ്യക്ഷനായി. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി എന്‍ ചന്ദ്രന്‍, മുന്‍ മന്ത്രി മാത്യു ടി തോമസ് എന്നിവര്‍ സംസാരിച്ചു. ഡോ. കെ ശ്രീവത്സന്‍ സ്വാഗതവും പ്രൊഫ. ടോമിച്ചന്‍ ജോസഫ് നന്ദിയും പറഞ്ഞു. വൈകിട്ട് വിവിധ കലാപരിപാടികളും നടന്നു. പ്രതിനിധി സമ്മേളനം ഞായറാഴ്ചയും തുടരും. രാവിലെ 10ന് യാത്രയയപ്പ് സമ്മേളനവും മുന്‍കാല നേതൃസംഗമവും സി പി നാരായണന്‍ എംപി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഭാരവാഹികളെ തെരഞ്ഞെടുക്കും.

അധ്യാപകര്‍ മാറ്റത്തിന്റെ മാധ്യമമാകണം: എം കെ സാനു

ആലപ്പുഴ: അധ്യാപകര്‍ സാമൂഹ്യ മാറ്റത്തിന്റെ മാധ്യമമാകണമെന്ന് പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായ പ്രൊഫ. എം കെ സാനു പറഞ്ഞു. കോളേജ് അധ്യാപകരുടെ കരുത്തുറ്റ സംഘടനയായ എകെപിസിടിഎയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധ്യാപകര്‍ വിദ്യാലയത്തിനുള്ളില്‍ മാത്രം പ്രവര്‍ത്തിക്കേണ്ടവരല്ല. അധ്വാനിക്കുന്നവരെന്ന നിലയില്‍ മറ്റ് അധ്വാനിക്കുന്നവരെ അംഗീകരിക്കുകയും അവരോടൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്ത പാരമ്പര്യമാണ് അധ്യാപകര്‍ക്കുള്ളത്. ഇത് നഷ്ടമായോയെന്ന് പുനഃപരിശോധിക്കണം. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപപ്പെട്ട മൂല്യങ്ങളും ആദര്‍ശവുമെല്ലാം ആഗോളവല്‍ക്കരണത്തിന്റെ വരവോടെ നഷ്ടമായി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും നഷ്ടമായത് അപ്പോഴാണ്. ഈ സാഹചര്യത്തില്‍ നീതിയുക്തമായ മാറ്റത്തിന് വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കേണ്ട ചുമതല അധ്യാപക സമൂഹത്തിനുണ്ട്. വിദ്യാഭ്യാസത്തിന്റെ ന്യൂനതകള്‍ മാറ്റി കൂടുതല്‍ ചലനാത്മകത കൈവരിക്കാനുള്ള ബാധ്യതയും അധ്യാപക സമൂഹം ഏറ്റെടുക്കണം. സംഘടിത വിദ്യാര്‍ഥി സമൂഹത്തെ ഇതിന്റെ ഉപയോക്താക്കളാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. കെ പി സുകുമാരന്‍ നായര്‍ അധ്യക്ഷനായി.

ബദലുകള്‍ ഉയരുന്നത് മനുഷ്യന്റെ ആവശ്യങ്ങളില്‍നിന്ന്: ബേബി ജോണ്‍

ആലപ്പുഴ: ഒരോ കാലഘട്ടത്തിലും ജനങ്ങളുടെ ആവശ്യങ്ങളില്‍ നിന്നാണ് അന്നത്തെ ബദലുകള്‍ ഉയരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ പറഞ്ഞു. എകെപിസിടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ട്രേഡ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദാരവല്‍ക്കരണം സൃഷ്ടിച്ച ദുരന്തങ്ങളില്‍നിന്നുള്ള മോചനമാണ് ഇന്നത്തെ ജനത ആവശ്യപ്പെടുന്നത്. അത് നല്‍കാന്‍ വര്‍ഗീയ കൂട്ടുകെട്ടായ ബിജെപിക്ക് കഴിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പുരോഗമന സഖ്യത്തിന്റെ പിന്‍ബലത്തിലാണ് 200 ലേറെ സീറ്റ് കിട്ടിയത്. അതിന് മുമ്പ് നടന്ന നാലു തെരഞ്ഞെടുപ്പിലും 150 ല്‍ താഴെയായിരുന്നു സീറ്റ്. എന്നാല്‍ അന്നത്തെ പുരോഗമന സഖ്യത്തില്‍ എന്‍സിപി മാത്രമാണ് ഇന്ന് കോണ്‍ഗ്രസിനൊപ്പമുള്ളത്. എന്‍ഡിഎയും തകര്‍ന്നു. പകരം മതനിരപേക്ഷ- പ്രദേശിക കക്ഷികളുടെ കൂട്ടുകെട്ട് പുതിയ പ്രതീക്ഷ നല്‍കുന്നു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞ് രൂപീകരിച്ച ജനതാ സഖ്യം വിജയിച്ച ചരിത്രം പാഠമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസവും കേന്ദ്ര നിയമങ്ങളും എന്ന വിഷയം മാലശ്രീ ഹാശ്മി അവതരിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ സാമൂഹിക ഇടപെടല്‍ നഷ്ടപ്പെടുകയാണെന്നും ഇക്കാര്യത്തില്‍ അധ്യാപക- വിദ്യാര്‍ഥി സമൂഹം ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു.

ഡോ. ഡി കെ ബാബു, പ്രൊഫ. സി പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രകടനവും പൊതുസമ്മേളനവും നടന്നു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനം ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ. കെ പി സുകുമാരന്‍നായര്‍ അധ്യക്ഷനായി. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍, പ്രൊഫ. ടോമിച്ചന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment