Sunday, March 2, 2014

കെഎസ്ആര്‍ടിസി പണിമുടക്ക് പൂര്‍ണ്ണം

കെഎസ്ആര്‍ടിസി തൊഴിലാളികളുടെയും ജീവനക്കാരുടെയും സൂചനാ പണിമുടക്ക് പൂര്‍ണം. കോര്‍പറേഷന്റെ അയ്യായിരത്തിലേറെ സര്‍വീസുകളില്‍ ഒന്നും പ്രവര്‍ത്തിച്ചില്ല. പ്രധാന ഡിപ്പോകളടക്കം പൂട്ടിക്കിടന്നു. ചീഫ് ഓഫീസിലടക്കം ഭരണ വിഭാഗം ജീവനക്കാരും പണിമുടക്കി. ഏതാനും ഉന്നത ഉദ്യോഗസ്ഥര്‍ മാത്രമാണ് ഓഫീസിലെത്തിയത്. പണിമുടക്ക് നേരിടാന്‍ പ്രഖ്യാപിച്ച ഡയസ്നോണിനെയും വകവയ്ക്കാതെയാണ് തൊഴിലാളികള്‍ ഒന്നടങ്കം സമരരംഗത്തിറങ്ങിയത്.

എം-പാനല്‍ ജീവനക്കാരും ജോലിക്കെത്തിയില്ല. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രിവരെയായിരുന്നു പണിമുടക്ക്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് വിതരണംചെയ്യുക, കോര്‍പറേഷന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ പുനരുദ്ധാരണ പാക്കേജ് പിന്‍വലിക്കുക, ദേശസാല്‍കൃത- അന്തര്‍സംസ്ഥാന റൂട്ടുകള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്.

കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു), എഐടിയുസി, ടിഡിഎഫ്, ബിഎംഎസ്, ലേബര്‍ യൂണിയന്‍ തുടങ്ങി കോര്‍പറേഷനിലെ ഭൂരിപക്ഷം സംഘടനകളും സമരത്തില്‍ പങ്കെടുത്തു. പണിമുടക്കിയവര്‍ ഡിപ്പോ കേന്ദ്രങ്ങളിലും പ്രധാന നഗരങ്ങളിലും പ്രകടനം നടത്തി. തലസ്ഥാനത്ത് സെക്രട്ടറിയറ്റ്് മാര്‍ച്ച് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

deshabhimani

No comments:

Post a Comment