Sunday, March 2, 2014

സരിതയുടെ പണത്തിന്റെ വഴി അന്വേഷിക്കില്ല

സോളാര്‍ തട്ടിപ്പുകേസുകള്‍ ഒത്തുതീര്‍ക്കുന്നതിന് സരിത നായര്‍ നല്‍കിയ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കാനാകില്ലെന്ന് പൊലീസ്. ഏതെങ്കിലും കുറ്റകൃത്യത്തിലൂടെ നേടിയ പണത്തിന്റെ ഉറവിടത്തെ കുറിച്ചേ അന്വേഷിക്കാന്‍ കഴിയൂവെന്നാണ് പൊലീസ് നിലപാട്. ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ഇക്കാര്യം ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. സരിതയുടെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് ആഭ്യന്തരമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു.

ഡിജിപി ഇത് ഇന്റലിജന്‍സ് എഡിജിപി എ ഹേമചന്ദ്രന് നല്‍കിയെങ്കിലും കത്തിലെ ആവശ്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങളും കൈയൊഴിഞ്ഞു. ഭരണകക്ഷിനേതാക്കളുമായി വിലപേശി ധാരണയിലെത്തിയതോടെ, വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന തീരുമാനം സരിത ഉപേക്ഷിച്ചമട്ടാണ്. ജയില്‍ മോചിതയായി ഒരാഴ്ച കഴിഞ്ഞ സാഹചര്യത്തില്‍ വെളിപ്പെടുത്തലിന് ആരും കാര്യമായ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കൊച്ചിയിലെ കോണ്‍ഗ്രസ് എംഎല്‍എ ഇടനിലക്കാരനായാണ് സരിതയുമായി ധാരണയുണ്ടാക്കിയത്.

യുഡിഎഫ് നേതാക്കള്‍ക്കും സര്‍ക്കാരിനും വന്‍പ്രത്യാഘാതം സൃഷ്ടിക്കുന്ന വെളിപ്പെടുത്തല്‍ ഒഴിവാക്കുന്നതിന് സരിതയ്ക്ക് വന്‍തുകയാണ് നല്‍കിയത്. കേസുകള്‍ തീര്‍പ്പാക്കുന്നതിന് ചെലവിട്ട തുക ഇതിനു പുറമെയാണ്. സരിതയുടെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കുന്ന കാര്യത്തില്‍ ഇന്റലിജന്‍സിന് ഒന്നും ചെയ്യാനില്ലെന്ന് എഡിജിപി എ ഹേമചന്ദ്രന്‍ വ്യക്തമാക്കി. സോളാര്‍ തട്ടിപ്പുകേസുകള്‍ അന്വേഷിച്ച പ്രത്യേകസംഘം ഇപ്പോള്‍ നിലവിലില്ല. കുറ്റപത്രം നല്‍കിയതോടെ സംഘത്തിന്റെ ചുമതല പൂര്‍ത്തിയായി.

പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നത് ഇന്റലിജന്‍സിന്റെ പരിധിയില്‍ വരില്ല. എന്നിട്ടും എന്തിനാണ് പ്രതിപക്ഷനേതാവിന്റെ കത്ത് തങ്ങള്‍ക്ക് കൈമാറിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കവര്‍ച്ചയടക്കമുള്ള കുറ്റകൃത്യങ്ങള്‍ മുഖേന നേടിയ സമ്പാദ്യത്തെ കുറിച്ചേ പൊലീസിന് അന്വേഷിക്കാനാകൂവെന്ന് പൊലീസ് കേന്ദ്രങ്ങളും അറിയിച്ചു. സരിതയുടെ അനധികൃതസമ്പാദ്യം അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പാണ്. സര്‍ക്കാര്‍ പദവിയിലുള്ള ആളുടെ വരവില്‍ക്കവിഞ്ഞ സ്വത്ത് അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമുണ്ട്.

സരിത ഈ ഗണത്തില്‍പ്പെടില്ല. ആദായനികുതി നിയമത്തിന്റെ പരിധിയില്‍ സരിത വരുമോയെന്ന് പരിശോധിക്കാനുള്ള അധികാരം അവര്‍ക്കാണ്. സരിതയ്ക്കെതിരെ പ്രത്യേക സംഘം കുറ്റപത്രം സമര്‍പ്പിച്ച 33 എണ്ണമുള്‍പ്പെടെ 43 കേസാണ് 39 കോടതിയിലായി ഉള്ളത്. ഇതില്‍ ഭൂരിപക്ഷം കേസും കബളിപ്പിച്ച തുക തിരികെ നല്‍കി ഒത്തുതീര്‍പ്പാക്കി. ബാക്കിയുള്ള കേസുകള്‍ അവധി വരുന്ന മുറയ്ക്ക് തീര്‍പ്പാകും. കേസുകള്‍ തീര്‍ക്കാന്‍ 12.85 കോടി രൂപ സരിത ചെലവഴിച്ചതായി അവരുടെ അഭിഭാഷകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സോളാര്‍ ഇടപാടിലൂടെ സരിത 6.86 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്.

പൊലീസ് സഹായിച്ചെന്ന് സരിത

തിരു: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ഭരണ-രാഷ്ട്രീയനേതൃത്വവുമായി നടത്തിയ ഒത്തുകളിയുടെ രഹസ്യങ്ങള്‍ പുറത്തുവരുന്നു. ശനിയാഴ്ച വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലെല്ലാം ജയിലില്‍ കഴിഞ്ഞ കാലയളവില്‍ പൊലീസ് നല്‍കിയ "സേവ"ത്തെ കുറിച്ച് സരിത വാചാലയായി. പൊലീസ് തന്നോട് മാന്യമായി ഇടപെട്ടെന്നും സരിത പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതരുടെ പേര് പറയാതിരിക്കാന്‍ നടന്ന ഇടപാടുകളുടെ സൂചന കൂടിയാണ് ഈ വെളിപ്പെടുത്തല്‍. ജയിലിനകത്തും കോടതികളിലേക്കുള്ള യാത്രകളിലും സരിതയ്ക്ക് പൊലീസ് വിഐപി പരിഗണനയാണ് നല്‍കിയതെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നതായി സരിതയുടെ പരാമര്‍ശങ്ങള്‍. ജാമ്യത്തില്‍ ഇറങ്ങിയശേഷം സരിത ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കരാര്‍ അനുസരിച്ചുള്ള പണം സരിതയ്ക്ക് കൈമാറിയെന്നും സൂചനയുണ്ട്. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരായ രഹസ്യമൊഴി മാറ്റാനായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ആദ്യഭാര്യയുടെ കൊലക്കേസില്‍നിന്ന് ബിജു രാധാകൃഷ്ണനെ രക്ഷിക്കാന്‍ അയിഷാപോറ്റി എംഎല്‍എ സഹായിച്ചെന്ന സരിതയുടെ "വെളിപ്പെടുത്തല്‍" ലഭിച്ച സഹായത്തിനുള്ള പ്രത്യുപകാരമാണ്. രശ്മി കൊല്ലപ്പെടുമ്പോള്‍ അയിഷാപോറ്റി എംഎല്‍എ പോലുമല്ല. മറ്റാരോ പറഞ്ഞ തിരക്കഥ അനുസരിച്ച് സരിത അയിഷാപോറ്റിയുടെ പേര് പറഞ്ഞതാണെന്ന് ഇതില്‍നിന്ന് വ്യക്തം. രശ്മിയുടെ കൊലപാതകത്തിലെ കൂട്ടുപ്രതിയാണ് സരിത. എന്നാല്‍, ഈ കേസില്‍നിന്ന് സരിതയെ ഒഴിവാക്കി.

രശ്മിവധം ആസൂത്രണം ചെയ്തത് സരിതയെന്ന് വെളിപ്പെടുത്തല്‍

തിരു: ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് സരിത എസ് നായരാണെന്ന് പ്രോസിക്യൂഷന്‍ സാക്ഷി ജമിനിഷ. രശ്മി സരിതയെ അറസ്റ്റ് ചെയ്യിച്ചതിന് പകരം വീട്ടുകയായിരുന്നു സരിതയെന്നും ജെമിനിഷ പറഞ്ഞു. ബിജു രാധാകൃഷ്ണന്‍ തന്റെ കുടുംബ സുഹൃത്താണെന്നും രശ്മിയുടെ കൊലപാതകത്തിന് ശേഷം ബിജുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത് സരിതയാണെന്നും അവര്‍ പറഞ്ഞു.

ഇക്കാര്യങ്ങളെല്ലാം പൊലീസില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. വസ്തുതകള്‍ വെളിപ്പെടുത്തിയതിന്റെ പേരില്‍ സരിതയും സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ജെമിനിഷ വ്യക്താമക്കി. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment