Sunday, March 2, 2014

നാണംകെട്ട് വീരേന്ദ്രകുമാര്‍

സോഷ്യലിസ്റ്റ് ജനതയ്ക്ക് വടകര സീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം ശനിയാഴ്ച നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ സിറ്റിങ് സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന് നേതാക്കള്‍ വീരേന്ദ്രകുമാറിനെ അറിയിച്ചു. ലോക്സഭാ സീറ്റിന്റെ പേരില്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ അഭയം തേടിയ വീരേന്ദ്രകുമാറിനും പാര്‍ടിക്കും കോണ്‍ഗ്രസ് നിലപാട് കടുത്ത പ്രഹരമായി.

സോഷ്യലിസ്റ്റ് ജനതയ്ക്ക് ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കില്ലെന്ന് കോണ്‍ഗ്രസ് കര്‍ക്കശ നിലപാടെടുത്തതോടെ യുഡിഎഫില്‍ ലോക്സഭാ സീറ്റ് വിഭജനം തുടക്കത്തിലേ താളം തെറ്റി. വടകര, വയനാട് സീറ്റുകളില്‍ ഒന്നാണ് വീരേന്ദ്രകുമാര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനമുണ്ടെന്നും അതു മറികടക്കാനാകില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. പകരം പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍കോട്, ആലത്തൂര്‍ മണ്ഡലങ്ങളിലൊന്ന് നല്‍കാന്‍ കോണ്‍ഗ്രസ് സമ്മതം മൂളി. ഇത് സ്വീകാര്യമല്ലെന്നും അത് തന്റെ പാര്‍ടിയെ അപമാനിക്കുന്നതാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

2015ല്‍ ഒഴിവുവരുന്ന രാജ്യസഭാസീറ്റ് നല്‍കാമെന്ന വാഗ്ദാനവും സോഷ്യലിസ്റ്റ് ജനത നിരാകരിച്ചു. എല്‍ഡിഎഫില്‍നിന്ന് മറുകണ്ടം ചാടിയപ്പോള്‍, അടുത്ത തെരഞ്ഞെടുപ്പില്‍ വടകര സീറ്റ് നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയും ഉറപ്പുനല്‍കിയിരുന്നു. സീറ്റ് ഉറപ്പാക്കാന്‍ സ്വന്തം ഉടമസ്ഥതയിലുള്ള മാതൃഭൂമിപത്രവും ചാനലും യുഡിഎഫിന്റെ മുഖപത്രം പോലെ വിടുപണി നടത്തിയിട്ടും വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ്കുമാറും അപമാനിക്കപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നു. എന്നാല്‍, ഒരു സീറ്റ് വാങ്ങി യുഡിഎഫിലെത്തുന്നു എന്ന ആക്ഷേപം ഒഴിവാക്കാനാണ് അന്ന് മത്സരിക്കാതിരുന്നതെന്ന് വീരേന്ദ്രകുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ എന്നിവരാണ് കോണ്‍ഗ്രസിന് വേണ്ടി യോഗത്തില്‍ പങ്കെടുത്തത്. തീരുമാനമാകാത്ത സാഹചര്യത്തില്‍ ഹൈക്കമാന്‍ഡുമായി ആലോചിച്ചശേഷം വീണ്ടും ചര്‍ച്ചചെയ്യാമെന്ന്് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അതേസമയം, കോഴിക്കോട്ട് യുഡിഎഫ് കണ്‍വന്‍ഷനില്‍നിന്നും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസംഗം കഴിഞ്ഞയുടന്‍ ഇറങ്ങിപ്പോയി. വടകര സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലുള്ള അതൃപ്തിയാണ് മുല്ലപ്പള്ളി പരസ്യമായി പ്രകടിപ്പിച്ചത്്. മലപ്പുറത്തെ യുഡിഎഫ് കണ്‍വന്‍ഷനുശേഷം മുസ്ലിംലീഗ് നേതാക്കളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തി.

യോഗത്തില്‍ മൂന്ന് സീറ്റിന് ലീഗ് അവകാശവാദം ഉന്നയിച്ചു. ഇതര ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്കുശേഷം കാര്യങ്ങള്‍ തീരുമാനിക്കണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ് അധികമായി നല്‍കാനുള്ള നീക്കം ചെറുക്കാനുള്ള തന്ത്രമാണിത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എം- കോണ്‍ഗ്രസ് ഭിന്നതയുണ്ട്. ഇതിനിടയിലാണ് ഇരുകക്ഷികളും തമ്മില്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് സീറ്റ് ചര്‍ച്ച നടക്കുന്നത്. ഇടുക്കി സീറ്റിനായി ജോസഫ് വിഭാഗം ശക്തമായ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, കോട്ടയം സീറ്റില്‍ മകന്‍ ജോസ് കെ മാണിയുടെ വിജയം ഉറപ്പിക്കുന്നതിന് കോണ്‍ഗ്രസുമായി രമ്യതയില്‍ തുടരുക മാത്രമാണ് മാണിയുടെ അജന്‍ഡ.

യുഡിഎഫ് കണ്‍വന്‍ഷനില്‍ നിന്ന് മുല്ലപ്പള്ളി ഇറങ്ങിപ്പോയി

കോഴിക്കോട്: വടകര പാര്‍ലമെന്റ് സീറ്റ് ലഭിക്കില്ലെന്ന പ്രചാരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ യുഡിഎഫ് ജില്ലാ കണ്‍വന്‍ഷനില്‍ നിന്നും ഇറങ്ങിപ്പോയി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു ഉദ്ഘാടകന്‍. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പ്രസംഗത്തിനുശഷം രമേശ് ചെന്നിത്തല സംസാരിക്കുമ്പോഴാണ് മുല്ലപ്പള്ളി ഇറങ്ങിപ്പോയത്. സോഷ്യലിസ്റ്റ് ജനതക്ക് വടകര സീറ്റ് നല്‍കുമെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ദേഷ്യപ്പെട്ടാണ് മുല്ലപ്പളളി കണ്‍വന്‍ഷനെത്തിയത്. വേദിയിലുണ്ടായിരുന്ന ആരോടും കൂടുതല്‍ അടുപ്പം കാട്ടിയില്ല. വീരേന്ദ്രകുമാറിന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞ് എം ഐ ഷാനവാസ് എംപിയോടും രമേശ് ചെന്നിത്തലയോടും യാത്ര പറഞ്ഞാണ് മുല്ലപ്പള്ളി വേദി വിട്ടത്. ഉച്ചക്കുശേഷം വീരേന്ദ്രകുമാറിന്റെ വീട്ടില്‍ യുഡിഎഫ് നേതൃത്വം വടകര സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടത്താനിരിക്കെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതിഷേധം

deshabhimani 020314

No comments:

Post a Comment