Sunday, March 2, 2014

ഉദ്ഘാടനത്തിന് സ്പീക്കര്‍ എത്തിയില്ല; പ്രതിഷേധിച്ച ആദിവാസികള്‍ക്കുനേരെ കൈയേറ്റശ്രമം

കാട്ടാക്കട: ആദിവാസി സെറ്റില്‍മെന്റില്‍ പണിത സാംസ്കാരികനിലയത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ എത്തിയില്ല. പ്രതിഷേധിച്ച ആദിവാസികള്‍ക്കുനേരെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈയേറ്റശ്രമം. ഉദ്ഘാടനച്ചടങ്ങ് ആദിവാസികള്‍ തടസ്സപ്പെടുത്തി.

കുറ്റിച്ചല്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന നെയ്യാര്‍ വനം-വന്യജീവി കേന്ദ്രത്തിനുള്ളില്‍ ആമല ആദിവാസി സെറ്റില്‍മെന്റില്‍ എ കെ ആന്റണിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് സാംസ്കാരികനിലയം പണിതത്. ശനിയാഴ്ച പകല്‍ 11ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അറിയിച്ചിരുന്നത്. കോട്ടൂര്‍ കാപ്പുകാട്ടു നിന്ന് പത്ത് കിലോമീറ്ററിലധികം ഉള്‍വനത്തില്‍ ഉള്ള ആമല, ആയിരംകാല്‍, പത്തായം വച്ചഅപ്പ്, കൊമ്പൈ തുടങ്ങിയ ആദിവാസി സെറ്റില്‍മെന്റുകളില്‍ ഉള്ളവര്‍ക്കുവേണ്ടിയാണ് ആമലയില്‍ സാംസ്കാരികനിലയം സ്ഥാപിച്ചത്. നെയ്യാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആദിവാസികള്‍ക്കുനേരെ നടത്തുന്ന നിരവധി അതിക്രമങ്ങളും ദ്രോഹനടപടികളും സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്താനും ഇതിനെതിരെ പ്രതിഷേധിക്കാനും ഈ സെറ്റില്‍മെന്റുകളിലെ ആദിവാസികള്‍ തീരുമാനിച്ചിരുന്നു.

രാത്രികാലങ്ങളില്‍ ചെക്പോസ്റ്റുകള്‍ പൂട്ടി താക്കോലുമായി ഉദ്യോഗസ്ഥര്‍ സ്ഥലം വിടുന്നത്് കാരണം രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍പോലും സാധിക്കാത്ത സ്ഥിതിയാണ്. എന്നാല്‍, വനത്തിന് പുറത്തുള്ളവര്‍ക്ക് യഥേഷ്ടം വനമേഖലയില്‍ തമ്പടിക്കാനും മൃഗവേട്ടനടത്താനും വനംകൊള്ള നടത്താനും ഉദ്യോഗസ്ഥര്‍ എല്ലാവിധ ഒത്താശയും ചെയ്യുന്നതായും ആദിവാസികള്‍ ആരോപിച്ചു. ആദിവാസികമേഖലയില്‍ അനുവദിക്കുന്ന വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നടത്തുന്ന നിര്‍മാണ പ്രവൃത്തികളുടെ മറവില്‍ വന്‍അഴിമതി നടത്തുന്നു. ആദിവാസികള്‍ക്ക് സഞ്ചരിക്കാനുള്ള റോഡുകള്‍ തകര്‍ന്നത് നന്നാക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. കൊമ്പൈവരെ വൈദ്യുതി കണക്ഷന്‍ എത്തിയെങ്കിലും മറ്റ് സെറ്റില്‍മെന്റുകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുകയാണ്. ഇക്കാര്യങ്ങള്‍ സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അവര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍, ഇത് മനസ്സിലാക്കിയ കോണ്‍ഗ്രസ് പ്രാദേശികനേതാക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്പീക്കറെ ഉദ്ഘാടനത്തിന് എത്തിച്ചില്ലെന്ന് ആദിവാസികള്‍ ആരോപിക്കുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ പത്തരയോടെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജോര്‍ജും മറ്റ് ജനപ്രതിനിധികളും ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് പ്രാദേശികനേതാക്കളും ഉദ്ഘാടനം നടത്താനായി ആമല സെറ്റില്‍മെന്റില്‍ എത്തി. സ്പീക്കര്‍ എത്താത്തതിനാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാംസ്കാരികനിലയം ഉദ്ഘാടനം ചെയ്യും എന്ന് അധികൃതര്‍ അറിയിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന നൂറോളം വരുന്ന ആദിവാസികള്‍ ഇത് എതിര്‍ത്തു. സ്പീക്കര്‍ എത്തി ഉദ്ഘാടനം നിര്‍വഹിച്ചാല്‍ മതി എന്ന് ആദിവാസികള്‍ പറഞ്ഞു. ഇതില്‍ ക്ഷുഭിതനായ കോണ്‍ഗ്രസ് കുറ്റിച്ചല്‍ മണ്ഡലം പ്രസിഡന്റ് സദാനന്ദന്‍നായരും മറ്റു ചിലരും ചേര്‍ന്ന് ആദിവാസികളെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ആദിവാസികളുടെ ശക്തമായ പ്രതിഷേധമുണ്ടായതോടെ ഉദ്ഘാടനപരിപാടി ഉപേക്ഷിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലംവിടുകയായിരുന്നു.

deshabhimani

No comments:

Post a Comment