Sunday, March 2, 2014

വിജയപാര്‍ക്ക് ഉദ്ഘാടനം ചെയ്യാനുള്ള സഹമന്ത്രിയുടെ ശ്രമം വിജയിച്ചില്ല

ആലപ്പുഴ: പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സഹമന്ത്രി കെ സി വേണുഗോപാല്‍ വിജയപാര്‍ക്ക് ഉദ്ഘാടനത്തിന് എത്തിയില്ല. ക്ഷമനശിച്ച നാട്ടുകാര്‍ ഒടുവില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രതിഷേധക്കാരെയടക്കം സദസിലുണ്ടായിരുന്നവരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. ഡിടിപിസി നവീകരിച്ച "വിജയപാര്‍ക്ക്" തന്റെ ഉദ്ഘാടന മാമാങ്ക പട്ടികയില്‍പ്പെടുത്താനുള്ള കെ സി വേണുഗോപാലിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്ഥലം എംഎല്‍എ ഡോ. ടി എം തോമസ് ഐസക്കിനെ പോലും അറിയിക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഉദ്ഘാടനം തടയുമെന്ന് സിപിഐ എം ആലപ്പുഴ ഏരിയകമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്തു.

ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. നാലുമുതല്‍ പ്രതിഷേധക്കാര്‍ വേദിയിലെത്തി കാത്തിരുന്നു. നൂറുകണക്കിന് പൊലീസുകാരെ ഉന്നത ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പാര്‍ക്കിന് ചുറ്റും കാവല്‍ നിര്‍ത്തി. എന്നിട്ടും ഇടയ്ക്കിടക്ക് വിളിച്ച് സംഭവഗതികള്‍ ആരാഞ്ഞതല്ലാതെ 8.30 വരെ സഹമന്ത്രി എത്തിയില്ല. നാട്ടുകാര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നടത്തുന്നതിനിടയില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഓടിയെത്തിയ പൊലീസ് നിലവിളക്ക് അണയ്ക്കുകയും തിരികള്‍ മാറ്റുകയും ചെയ്തു. സദസിലുണ്ടായിരുന്ന പ്രതിഷേധക്കാരെ ബലംപ്രയോഗിച്ചും വലിച്ചിഴച്ചും അറസ്റ്റുചെയ്തു. സിപിഐ എം ജില്ലാകമ്മിറ്റിയംഗം പി പി ചിത്തരഞ്ജന്‍, പാര്‍ടി ഏരിയസെക്രട്ടറി പി കെ സോമന്‍, ഡിവൈഎഫ്ഐ ഏരിയസെക്രട്ടറി എസ് അനില്‍ തുടങ്ങി സമരത്തിന് നേതൃത്വം നല്‍കിയവരെയടക്കം പൊലീസ് ബലംപ്രയോഗിച്ച് നീക്കി. 25 ഓളം ഖദര്‍ധാരികളെ പൊലീസ് വാനില്‍ എത്തിച്ച് സദസില്‍ ഇരുത്തി. തുടര്‍ന്ന് രാത്രി വൈകി കെ സി വേണുഗോപാല്‍ എത്തി വീണ്ടും നിലവിളക്കില്‍ തിരിതെളിച്ച് ഉദ്ഘാടനം നടത്തിയതായി പ്രഖ്യാപിച്ച് മടങ്ങി.

സഹമന്ത്രിയുടെ വിശദീകരണം കപട അവകാശവാദത്തിന് തെളിവ്: സിപിഐ എം

ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ കാര്യത്തില്‍ കേന്ദ്ര സഹമന്ത്രിയുടെ വിശദീകരണം യുഡിഎഫ്- യുപിഎ സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിയിച്ചതായി സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു പറഞ്ഞു. 13 വര്‍ഷക്കാലം എംഎല്‍എയും കുറച്ചുകാലം സംസ്ഥാനമന്ത്രിയും കഴിഞ്ഞ അഞ്ചു വര്‍ഷം എംപിയും കേന്ദ്ര സഹമന്ത്രിയുമായ കെ സി വേണുഗോപാല്‍ കഴിഞ്ഞ 18 വര്‍ഷം ജനപ്രതിനിധിയെന്ന നിലയില്‍ ബൈപാസിനുവേണ്ടി എന്തു ചെയ്തുവെന്നാണ് ആലപ്പുഴക്കാര്‍ ചോദിക്കുന്നത്. കൃത്യമായ വിശദീകരണം നല്‍കാനാവാത്തതാണ് യുഡിഎഫ് നേതൃത്വത്തെ പ്രകോപിപ്പിക്കുന്നത്.

10 പൊതുമരാമത്ത് പദ്ധതികളില്‍ ആലപ്പുഴ ബൈപാസിനുവേണ്ടി 255.75 കോടി അനുവദിച്ചുവെന്ന് കഴിഞ്ഞ 27ന് എല്ലാ പത്രങ്ങളിലും വാര്‍ത്ത വന്നിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞതാണ് വസ്തുതയെങ്കില്‍ സഹമന്ത്രി ബൈപാസിന്റെ കാര്യത്തില്‍ നടത്തുന്ന അവകാശവാദം വെറും പൊള്ളയാണ്. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഏതാണ് ശരിയെന്ന് ജനങ്ങള്‍ തിരിച്ചറിയും. 2015ലെയും 16ലെയും കാര്യങ്ങള്‍ അന്നത്തെ ജനപ്രതിനിധി പറയുന്നതാണ് ഭംഗി. ഇന്നലെവരെ ഒന്നും ചെയ്യാതെ ഇപ്പോള്‍ വെറും പ്രഖ്യാപനം നടത്തുന്നത് ജനങ്ങള്‍ വകവയ്ക്കില്ല. ബൈപാസിന്റെ കാര്യത്തില്‍ എല്ലാ നടപടിയും പൂര്‍ത്തിയാക്കിയത് പാര്‍ലമെന്റ് അംഗത്തിന്റെ കാലാവധി കഴിയുന്നതിന്റെ തലേന്നാണോ. ഇതു പോലെ എല്ലാ നടപടിയും പൂര്‍ത്തിയാക്കിയ റെയില്‍വെ കംപോണന്റ് ഫാക്ടറിയുടെ നിലയെന്താണ്. ആലപ്പുഴയിലെ റെയില്‍വെ യാത്രക്കാരുടെ ദുരിതയാത്ര എന്ന് അവസാനിക്കും, ആലപ്പുഴ മാതൃകാ സ്റ്റേഷനാക്കും എന്ന പ്രഖ്യാപനം എവിടെപോയി ദേശീയ പാതയിലെ കുണ്ടും കുഴിയും എന്തു ചെയ്യും. നൂറ് ചോദ്യങ്ങള്‍ ജനങ്ങളില്‍നിന്ന് ഉയരുന്നുണ്ട്. ഇതിനെല്ലാം സമാധാനം പറയേണ്ട ദിവസങ്ങളാണ് വരുന്നത്. ആ ഘട്ടത്തില്‍ ഇതിന്റെ തെളിവും രേഖയും കേന്ദ്രസഹമന്ത്രിക്ക് ഹാജരാക്കേണ്ടി വരുമെന്നും ചന്ദ്രബാബു പറഞ്ഞു.

deshabhimani

No comments:

Post a Comment