Sunday, March 2, 2014

ഗോധ്ര കലാപം: ബിജെപി മാപ്പുപറയില്ല

മുംബൈ: ഗോധ്ര വംശഹത്യയുടെ പേരില്‍ ബിജെപി ദേശീയ പ്രസിഡന്റ് മാപ്പുപറയില്ലെന്ന് ബിജെപി. ബിജെപിയില്‍ എല്ലാ വിഭാഗം ആള്‍ക്കാരുമുണ്ട്. മാപ്പ് പറയേണ്ട സാഹചര്യവും ആവശ്യകതയും ഇപ്പോഴില്ലെന്നും ബിജെപി വക്താവ് മുക്താര്‍ അബ്ബാസ്നഖ്വി മുംബൈയില്‍ പറഞ്ഞു. തങ്ങള്‍ക്ക് ഒരു അവസരം നല്‍കണമെന്നും ഗോധ്ര സംഭവത്തില്‍ മുസ്ലിം സമുദായത്തോട് രാജ്നാഥ്സിങ് മാപ്പിരന്നതായുമുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് ഗോധ്ര സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രാജ്നാഥ്സിങ് ഇത്തരമൊരു നീക്കം നടത്തിയതെന്നും സൂചനയുണ്ടായിരുന്നു.

മോഡി കഠിനാധ്വാനിയെന്ന് കരുണാനിധി

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യത്തിലേക്ക് വിരല്‍ചൂണ്ടി ഡിഎംകെ നേതാവ് എം കരുണാനിധിയുടെ മോഡി പ്രശംസ. തമിഴ് ദിനപത്രമായ ദിനമലറിനു നല്‍കിയ അഭിമുഖത്തിലാണ് കരുണാനിധി മോഡിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയത്. മോഡിയുടെ തുടര്‍ച്ചയായ പ്രചാരണ പരിപാടികള്‍ വെളിവാക്കുന്നത് അദ്ദേഹം കഠിനാധ്വാനിയാണെന്നും മോഡി തന്റെ വളരെ നല്ല സുഹൃത്താണെന്നും കരുണാനിധി പറഞ്ഞു. എന്നാല്‍, ബിജെപിയുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി മറുപടി പറഞ്ഞില്ല. തെരഞ്ഞെടുപ്പിനുമുമ്പ് ഇത്തരം കാര്യങ്ങള്‍ ഊഹിക്കാന്‍ താനില്ലെന്ന് അദ്ദേഹം പറഞ്ഞു. മതശക്തികളുമായി സഖ്യമുണ്ടാക്കില്ലെന്ന് ഈയിടെ തിരുച്ചിയില്‍ പറഞ്ഞ കാര്യം ചോദിച്ചപ്പോള്‍ അത് ബിജെപിയെക്കുറിച്ചായിരുന്നില്ലെന്നും ബിജെപി മതശക്തിയാവുന്നത് എങ്ങനെയെന്നും കരുണാനിധി തിരിച്ചുചോദിച്ചു. താന്‍ മോഡിയെ പ്രശംസിച്ചുവെന്ന വാര്‍ത്തകള്‍ ഡിസംബറില്‍ കരുണാനിധി നിഷേധിച്ചിരുന്നു.

മോഡിയുടെ മൗനം ബിജെപിയുടെ നയംമാറ്റം

ന്യൂഡല്‍ഹി: ചില്ലറ വില്‍പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ ബിജെപിക്കുണ്ടായിരുന്ന എതിര്‍പ്പ് അവസാനിക്കുന്നു. പുതിയ കാലഘട്ടത്തിന്റെ വെല്ലുവളികള്‍ അവസരമാക്കി മാറ്റണമെന്ന ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ പ്രസ്താവനയാണ് ബിജെപിയും വഴങ്ങുകയാണെന്നതിന്റെ സൂചനയായത്. ചില്ലറ വില്‍പനമേഖലയില്‍ വിദേശനിക്ഷേപത്തെക്കുറിച്ച് നേരിട്ട് പറയാതെ നയം മാറുമെന്ന വ്യക്തമായ സൂചനയാണ് കോര്‍പറേറ്റുകളുടെ വക്താവായ നരേന്ദ്ര മോഡിയില്‍ നിന്നുണ്ടായത്്. രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ വലിയ ആധുനിക സ്റ്റോറുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ നരേന്ദ്രമോഡി വിദേശനിക്ഷേപം അനുവദിക്കണമോ എന്നതില്‍ മൗനം പാലിച്ചു. ചില്ലറവില്‍പന മേഖലയിലെ വിദേശനിക്ഷേപത്തെക്കുറിച്ചുള്ള നരേന്ദ്രമോഡിയുടെ മൗനം, ബിജെപിയുടെ നേരത്തേയുള്ള നയം മാറുന്നതിന്റെ സൂചനയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

deshabhimani

No comments:

Post a Comment