Sunday, March 2, 2014

രാജേന്ദ്രമൈതാനം സംരക്ഷിക്കുമെന്ന് ഡിവൈഎഫ്ഐ

കൊച്ചി: വികസനത്തിന്റെ പേരില്‍ രാജേന്ദ്രമൈതാനം വെട്ടിമുറിക്കാനുള്ള ജിസിഡിഎ തീരുമാനത്തില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. തീരുമാനം പിന്‍വലിച്ച് മൈതാനം പൂര്‍വസ്ഥിതിയിലാക്കണമെന്നും ഈ ആവശ്യം ഉന്നയിച്ച് നാലിന് ഡിവൈഎഫ്ഐ കോര്‍പറേഷന്‍ പരിധിയില്‍വരുന്ന കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജിസിഡിഎയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി എസ് സതീഷ് അറിയിച്ചു.

ജിസിഡിഎയുടെ കൈവശം ഏക്കര്‍കണക്കിന് ഭൂമിയുള്ളപ്പോഴാണ് കൊച്ചിയുടെ രാഷ്ട്രീയ-സാംസ്കാരിക ഇടപെടലുകളുടെ കേന്ദ്രംകൂടിയായ പൊതുഇടം കൊട്ടിയടക്കുന്നത്. നഗരത്തിന്റെ ശരിയായ വികസനത്തിന് രൂപരേഖ തയ്യാറാക്കേണ്ട ജിസിഡിഎ ടൂറിസം വികസനത്തിന്റെ പേരില്‍ പൊതു ഇടങ്ങള്‍ നശിപ്പിക്കുകയാണ്. ഇതിനെതിരെ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ക്കൊപ്പം യുവജനങ്ങളും അണിചേരും. ജിസിഡിഎയിലേക്കുള്ള മാര്‍ച്ച് വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍, സെക്രട്ടറി എസ് സതീഷ് എന്നിവര്‍ അഭ്യര്‍ഥിച്ചു. രാജേന്ദ്രമൈതാനത്ത് ശനിയാഴ്ച നടന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി രാജേന്ദ്രമൈതാനം ഇല്ലാതാക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നതെങ്കില്‍ തടയുകതന്നെ ചെയ്യുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. ബ്ലോക്ക് സെക്രട്ടറി ആര്‍ നിഷാദ് ബാബു, എബി എബ്രഹാം, എം ജെ ഷിനീഷ്, സോളമന്‍ സിജു എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മാണം തടഞ്ഞത്.

രാജേന്ദ്രമൈതാനം പൊളിച്ചടുക്കുമെന്ന് വേണുഗോപാല്‍

കൊച്ചി: രാജേന്ദ്രമൈതാനം പൈതൃക സ്മാരകമല്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍. നഗരത്തിലെ പൊതു ഇടങ്ങള്‍ കച്ചവടതാല്‍പ്പര്യങ്ങള്‍ ലക്ഷ്യമിട്ട് അടച്ചുകെട്ടുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ചെയര്‍മാന്‍ രംഗത്തുവന്നത്. മൈതാനത്ത് നിര്‍മാണം തുടങ്ങിയ മള്‍ട്ടിമീഡിയ ലേസര്‍ ഷോ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും എന്‍ വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ജിസിഡിഎ വിഭാവനംചെയ്യുന്ന കണ്‍വന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട് ആക്ഷേപമുള്ളവരുമായി ചര്‍ച്ച നടത്തിയശേഷമെ ടെന്‍ഡര്‍ നടപടി സ്വീകരിക്കൂ. ലേസര്‍ ഷോ പദ്ധതിയുടെ നിര്‍മാണം തുടങ്ങി ഏറെ മുന്നോട്ടുപോയി. അതുകൊണ്ട് നിര്‍ത്തിവയ്ക്കാന്‍ കഴിയില്ല. ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ലക്ഷ്യമിട്ടാണ് നിര്‍മാണം പുരോഗമിക്കുന്നത്. രാജേന്ദ്രമൈതാനത്തിന്റെ സ്വതന്ത്രസ്വഭാവം നിലനിര്‍ത്തും. പരിപാടികള്‍ നടക്കുന്ന ദിവസങ്ങളില്‍ ലേസര്‍ ഷോ ഉണ്ടാകില്ല. ആക്ഷേപമുള്ള ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പൊതുഇട സംരക്ഷണ സമിതിയുമായി രാജേന്ദ്രമൈതാനത്ത് തുറന്ന ചര്‍ച്ചയ്ക്ക് ജിസിഡിഎ മുന്‍കൈയെടുക്കും. സ്റ്റേഡിയം ഗ്രൗണ്ടിലെ കണ്‍വന്‍ഷന്‍ സെന്റര്‍ സ്റ്റേഡിയത്തിന്റെ അന്താരാഷ്ട്ര പദവിക്ക് തടസ്സമാകില്ലെന്നും വേണുഗോപാല്‍ അവകാശപ്പെട്ടു. സ്റ്റേഡിയം ഗ്രൗണ്ടില്‍ വര്‍ഷം 235 ദിവസംവരെ താല്‍ക്കാലിക പന്തലില്‍ പ്രദര്‍ശനങ്ങളും മേളകളും നടക്കുന്നു. ഇത് ജിസിഡിഎക്ക് ലാഭകരമല്ല. ഈ സാഹചര്യത്തിലാണ് 98 കോടി രൂപ ചെലവില്‍ ഒന്നരലക്ഷം ചതുരശ്ര അടിയില്‍ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുന്നത്. 500 പ്രദര്‍ശനസ്റ്റാളുകളും ഇവിടെയുണ്ടാകും. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. എന്നാല്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്കുശേഷമെ ടെന്‍ഡര്‍ നടപടി സ്വീകരിക്കൂവെന്നും വേണുഗോപാല്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment