Sunday, March 2, 2014

പിറവത്ത് എംപിയും മന്ത്രിയും "ഉദ്ഘാടനപ്പാച്ചിലില്‍"

പിറവം: തെരഞ്ഞെടുപ്പുപ്രഖ്യാപനം ഏതുസമയത്തുമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മന്ത്രി അനൂപ് ജേക്കബും ജോസ് കെ മാണി എംപിയും ഉദ്ഘാടനമേളകളുമായി രംഗത്ത്. വെള്ളിയാഴ്ച പിറവം പഞ്ചായത്തില്‍ത്തന്നെ അഞ്ച് ഉദ്ഘാടനമാണ് നടന്നത്. ഇവയില്‍ പലതും രണ്ടാം ഉദ്ഘാടനങ്ങളാണെന്ന തിരിച്ചറിവുപോലുമില്ലാതെയാണ് ഇരുവരുടെയും പാച്ചില്‍. നാടമുറിച്ചും ശിലാഫലകം അനാച്ഛാദനംചെയ്തും അടുത്ത സമ്മേളനഗരയിലേക്കുള്ള ഓട്ടമാണ്. പിറവം കണ്ണീറ്റുമലയില്‍ പഞ്ചായത്തുവക മാലിന്യസംസ്കരണ പ്ലാന്റിന്റെ മുറ്റത്താണ് ആധുനിക ശ്മശാനത്തിന്റെ തറക്കല്ലിടീല്‍ മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചത്. 23 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന പ്ലാന്റിനു സമീപം മാലിന്യങ്ങള്‍ വകഞ്ഞുമാറ്റി ശിലാസ്ഥാപനത്തിന് സ്ഥലമൊരുക്കുകയായിരുന്നു. കൊച്ചി റിഫൈനറി നല്‍കുന്ന അരക്കോടിയോളം രൂപയുടെ പദ്ധതിയാണ് സ്ഥലം ഏറ്റെടുക്കാതെയും ശ്മശാനത്തിന്റെ പ്രാരംഭനടപടികള്‍പോലും പൂര്‍ത്തിയാക്കാതെയും തറക്കല്ലിടീല്‍ നടത്തിയത്. കാറുകളിലും ബൈക്കുകളിലുമെത്തിയ മുപ്പതോളംവരുന്ന യുഡിഎഫ് പ്രവര്‍ത്തകരാണ് ചടങ്ങില്‍ പങ്കെടുത്തത്. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തി.

പിറവം മിനി സിവില്‍ സ്റ്റേഷനില്‍ കഴിഞ്ഞയാഴ്ച നടന്ന ചടങ്ങില്‍ അക്ഷയ സെന്ററിന്റേയും ഡിടിപിസി റെയില്‍വേ ടിക്കറ്റ് ബുക്കിങ് കേന്ദ്രത്തിന്റേയും ഉദ്ഘാടനം നടത്തി. എന്നാല്‍, എംപി അന്ന് ചടങ്ങിനെത്താതിരുന്നതുകൊണ്ട് വെള്ളിയാഴ്ച വീണ്ടും ഉദ്ഘാനം നടത്തുകയായിരുന്നു. എംപിയുടെ അസൗകര്യം പരിഗണിച്ച് നോട്ടീസില്‍നിന്ന് വ്യത്യസ്തമായി ടിക്കറ്റ്കൗണ്ടര്‍ ഉദ്ഘാടനം മാറ്റിവച്ചിരുന്നതായാണ് അധികൃതരുടെ വിശദീകരണം. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ പാര്‍ക്കിലെ ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിന്റെ മുകളില്‍ ഷീറ്റിട്ടതിന്റെ ഉദ്ഘാടനവും വെള്ളിയാഴ്ച നടന്നു. എല്ലാ ഭാഗവും കെട്ടിമറച്ച് പൊക്കംകൂടിയ മരങ്ങളും ചെടികളും മുറിച്ച് നടത്തിയ നവീകരണംമൂലം ഇവിടെ കാറ്റുപോലും കടക്കാത്ത അവസ്ഥയാണ്. പാഴൂരില്‍ മുന്‍ പഞ്ചായത്ത് പണിതീര്‍ത്ത കുടുംബക്ഷേമകേന്ദ്രത്തില്‍ എന്‍ആര്‍എച്ച്എം ആയുര്‍വേദ ഡോക്ടറെ നിയമിച്ച് ഡിസ്പെന്‍സറിയായി ഉയര്‍ത്തിയും ഉദ്ഘാടനം നടത്തി. അടുത്തവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പിറവം ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പുപദ്ധതിയുടെ ഓഫീസ്നിര്‍മാണ ഉദ്ഘാടനമടക്കം ടെന്‍ഡര്‍ നടപടികള്‍ തുടങ്ങാത്ത പദ്ധതികള്‍വരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉദ്ഘാടനംചെയ്തു. കൂത്താട്ടുകുളം കെഎസ്ആര്‍ടിസി ഡിപ്പോയുടെ രണ്ടാം ഉദ്ഘാടനം ഏറെ വിവാദമുയര്‍ത്തിയിരുന്നു.

ഉദ്ഘാടനച്ചെലവില്‍നിന്നു കൈയിട്ടുവാരാന്‍ കോണ്‍ഗ്രസ് നേതാക്കള്‍

പിറവം: മണ്ഡലത്തില്‍ നടക്കുന്ന ഉദ്ഘാടനങ്ങളുടെ പേരില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വന്‍തുക തട്ടുന്നതായി ആരോപണം. ഒരുകോടി രൂപ എംഎല്‍എ ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന പിറവം ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണോദ്ഘാടനത്തിനായി പഞ്ചായത്തിലെ മുഖ്യചുമതലക്കാരന് 50,000 രൂപ നല്‍കിയിരുന്നു. രണ്ടാഴ്ചകഴിഞ്ഞ് വീണ്ടും ഇതര ചെലവുകള്‍ക്കായി ഒരു ലക്ഷംരൂപ കൂടി ഇയാള്‍ ആവശ്യപ്പെട്ടതായും പറയപ്പെടുന്നു.

അതിനിടെ കെട്ടിടത്തിന്റെ കാല്‍ ഉറപ്പിക്കുന്ന ഭാഗത്ത് മുന്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കാത്തതിനാല്‍ ഇപ്പോള്‍ പണികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നിര്‍മാണോദ്ഘാടനങ്ങള്‍ നടത്തുന്ന ചെലവുപറഞ്ഞ് ആകെ അടങ്കല്‍ത്തുകയുടെ രണ്ടു ശതമാനംവരെ ഇത്തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈടാക്കാറുള്ളതായി ആക്ഷേപമുണ്ട്. കെട്ടിടംപൂര്‍ത്തീകരിക്കുന്നതോടെ മൂന്നു ശതമാനത്തിനുമേല്‍ തുക ഇത്തരത്തില്‍ നഷ്ടപ്പെടുകയുംചെയ്യും. മേഖലയില്‍ നടക്കുന്ന ചെറുതും വലുതുമായ നിര്‍മാണങ്ങളില്‍ നേതാക്കളുടെ വലുപ്പച്ചെറുപ്പമനുസരിച്ച് നിശ്ചിത ശതമാനം തുക വീതംവയ്ക്കപ്പെടുന്നുണ്ടെന്നാണ് എ-ഐ ഗ്രൂപ്പിലുള്ളവര്‍ പരസ്പരം പഴിചാരുന്നത്. മണീടില്‍ നാലും രാമമംഗലത്ത് അഞ്ചും ഉദ്ഘാടനപരിപാടികളില്‍ മന്ത്രി അനൂപ് ജേക്കബും ജോസ് കെ മാണി എംപിയും വെള്ളിയാഴ്ച പങ്കെടുത്തു.

deshabhimani

No comments:

Post a Comment