Sunday, March 2, 2014

നിശ്ചയിച്ച കേന്ദ്രങ്ങളില്‍ പ്രഭാഷണം നടത്തും: സന്ദീപാനന്ദഗിരി

പയ്യന്നൂര്‍: വയനാട് ചുരം കയറി നിശ്ചയിക്കപ്പെട്ട സ്ഥലത്ത് പ്രഭാഷണം നടത്തുമെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. അമ്മയുടെ മക്കളാണെന്ന പേരില്‍ ഫോണില്‍ വിളിച്ച് വയനാട് ചുരം കയറാന്‍ അനുവദിക്കില്ലെന്നാണ് ചിലര്‍ പറയുന്നത്. ജനിച്ചാല്‍ മരണം സുനിശ്ചിതമാണ്. തനിക്കതില്‍ തെല്ലും ഭയമില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. പയ്യന്നൂരില്‍ മാധ്യമപ്രതിനിധികളോട് സംസാരിക്കുകയായിരുന്നു സന്ദീപാനന്ദഗിരി.

1994 മുതല്‍ ചിന്മയമിഷനുമായി ബന്ധപ്പെട്ടു. 1996 മുതല്‍ പ്രഭാഷകനായി. സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനതത്വങ്ങളെയും ഭാരതീയ ഇതിഹാസ- പുരാണങ്ങളെയും വിശകലനം ചെയ്ത് താന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലുമായി നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിലൊക്കെ വിശ്വാസങ്ങളുടെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. അതല്ലാതെ ഒരു പ്രസ്ഥാനത്തെയും പേരുപറഞ്ഞ് വിമര്‍ശിച്ചിട്ടില്ല. ആര്‍എസ്എസ്, വിഎച്ച്പി, മാതാ അമൃതാനന്ദമയിയുടെ മക്കള്‍ എന്നൊക്കെ പറഞ്ഞ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. സ്വന്തം അമ്മയെ തള്ളേയെന്ന് വിളിച്ച് വൃദ്ധസദനങ്ങളില്‍ തള്ളുന്നവര്‍ മറ്റു കേന്ദ്രങ്ങളില്‍ ചെന്ന് അമ്മേയെന്നു വിളിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. ഇത്തരക്കാരാണ് ഭീഷണിപ്പെടുത്തുന്നത്. ഇങ്ങനെ വരുന്ന ഭീഷണിക്ക് പിറകില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പരസ്യമായി പറയാന്‍ ആര്‍എസ്എസ്, വിഎച്ച്പി, അമൃതാനന്ദമയി മഠം നേതൃത്വത്തിന് ബാധ്യതയുണ്ട്.

എന്നാല്‍ നേതൃത്വം അറിയില്ലെന്ന് പറഞ്ഞ് അണികളെക്കൊണ്ട് ഭീഷണിപ്പെടുന്നത് അംഗീകരിക്കാനാവില്ല. തന്നെ പൂര്‍ണമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാനുള്ള ബാധ്യത സാംസ്കാരിക കേരളത്തിനുണ്ട്. കാഞ്ഞങ്ങാട് നിശ്ചയിക്കപ്പെട്ട സ്ഥലത്ത് പ്രഭാഷണം നടത്താന്‍ ആര്‍എസ്എസ്, വിഎച്ച്പിക്കാര്‍ അനുവദിച്ചില്ല. സിപിഐ എം സഖാക്കളാണ് തനിക്ക് പ്രഭാഷണത്തിനുള്ള വേദിയൊരുക്കി സംരക്ഷണം തന്നത്. ഇത് അഭിനന്ദനാര്‍ഹമാണ്. ഒരു ഭീഷണിയിലും കീഴടങ്ങാതെ പ്രഭാഷണ പരിപാടിയുമായി മുന്നോട്ടുപോകുമെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.

പ്രഭാഷണം തടഞ്ഞത് ജനാധിപത്യവിരുദ്ധം

തിരു: കാസര്‍കോട് മാവുങ്കല്‍ ക്ഷേത്രത്തില്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ പ്രഭാഷണം തടഞ്ഞ ആര്‍എസ്എസ് നടപടി ജനാധിപത്യവിരുദ്ധവും സംഘപരിവാറിന്റെ ഫാസിസ്റ്റ് മുഖം തുറന്നുകാണിക്കുന്നതുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ആള്‍ദൈവങ്ങള്‍ക്കെതിരെയും ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പ്രതികരിച്ചതാണ് ആര്‍എസ്എസുകാരെ പ്രകോപിപ്പിച്ചത്. അശ്ലീല മെസേജുകള്‍ അയച്ചും ഫോണ്‍ വിളിച്ചും ശല്യപ്പെടുത്തിയെന്ന് സരിതാ എസ് നായര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment