Sunday, March 2, 2014

നടപ്പാകാത്ത പദ്ധതികളുടെ അവകാശവാദവുമായി തരൂര്‍ രംഗത്ത്

എങ്ങുമെത്താത്ത പദ്ധതികളുടേതടക്കം അവകാശവാദവുമായി കേന്ദ്രസഹമന്ത്രി ശശി തരൂര്‍ രംഗത്ത്. ഒരു നടപടിയുമില്ലാതെ അനിശ്ചിതത്വത്തിലായ വിഴിഞ്ഞം തുറമുഖപദ്ധതി, ഒരു തീരുമാനവുമാകാത്ത ഹൈക്കോടതി ബെഞ്ച് തുടങ്ങിയവയെല്ലാം തന്റെ ശ്രമഫലമായി നടപ്പായിയെന്ന അവകാശവാദങ്ങളടങ്ങിയ ലഘുലേഖയുമായാണ് തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥമൂലം വിഴിഞ്ഞം പദ്ധതി എങ്ങുമെത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റുകളില്‍ തുടര്‍ച്ചയായി ഒരുരൂപപോലും പദ്ധതിക്കായി നീക്കിവച്ചിട്ടില്ല. തൂത്തുക്കുടിയടക്കമുള്ള തമിഴ്നാട്ടിലെ തുറമുഖങ്ങള്‍ക്ക് ബജറ്റ് വിഹിതമായി കോടികള്‍ അനുവദിച്ചപ്പോള്‍ വിഴിഞ്ഞത്തോടുള്ള അവഗണനയെപ്പറ്റി പ്രതികരിക്കാന്‍ പോലും തരൂര്‍ തയ്യാറായില്ല. പദ്ധതിയെ അട്ടിമറിക്കാനുള്ള അന്താരാഷ്ട്ര ഇടപെടലുകള്‍ തടയാനും തരൂരിന് കഴിഞ്ഞില്ല. വസ്തുത ഇതായിരിക്കെ വിഴിഞ്ഞത്തിനായി "ഇടപെടീല്‍ നടത്തി"യെന്നാണ് തരൂരിന്റെ അവകാശവാദം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്കായി സ്വീകരിച്ച നടപടികളും സ്വന്തം നേട്ടമാക്കി ചിത്രീകരിക്കാനും തരൂര്‍ ലഘുലേഖയില്‍ ശ്രമിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളാകെ നിര്‍ത്തിവച്ചിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ സമീപകാല പരസ്യങ്ങളില്‍നിന്നു പോലും വിഴിഞ്ഞം പദ്ധതിക്ക് മുന്‍ഗണന നഷ്ടപ്പെടുകയും ചെയ്തു.

തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിന് അനുമതി പോലും ആയിട്ടില്ല. ബെഞ്ച് ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുമ്പോഴും തരൂരിന്റെ അവകാശവാദത്തിന് കുറവില്ല. തലസ്ഥാനത്ത് റെയില്‍വേ മെഡിക്കല്‍ കോളേജ് വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചെങ്കിലും ശ്രമം നടത്തിയെന്ന് തരൂര്‍ ലഘുലേഖയില്‍ പറയുന്നു. വാട്ടര്‍ ബോട്ടിലിങ്പ്ലാന്റ്, സബര്‍ബെന്‍ ട്രെയിന്‍, മോണോ റെയില്‍ തുടങ്ങി ഇതുവരെയും ഒരുനടപടിയുമാകാത്ത പദ്ധതികളെപ്പറ്റിയും "ഇടപെടീല്‍" വാദവും ഉന്നയിക്കുന്നുണ്ട്.

ശനിയാഴ്ച പ്രസ്ക്ലബ്ബില്‍ തരൂര്‍ തന്നെ സംഘടിപ്പിച്ച ലഘുലേഖ പ്രകാശന ചടങ്ങില്‍നിന്ന് എംഎല്‍എമാരടക്കമുള്ള കോണ്‍ഗ്രസിലെ ഒരുവിഭാഗം വിട്ടുനിന്നു. യുഡിഎഫ് ഘടകകക്ഷികളും ബഹിഷ്കരിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരായ എ ടി ജോര്‍ജ്, ശെല്‍വരാജ് എന്നിവരാണ് വിട്ടുനിന്നത്. ജില്ലയിലെ കെപിസിസി ഭാരവാഹികളും ഡിസിസിയിലെ ഒരുവിഭാഗവും ചടങ്ങ് ബഹിഷ്കരിച്ചു. അധ്യക്ഷനായ ഡിസിസി പ്രസിഡന്റ് കെ മോഹന്‍കുമാര്‍ ചടങ്ങ് അവസാനിക്കുംമുമ്പ് ഇറങ്ങിപ്പോയി. തിരുവനന്തപുരത്ത് ആരായിരിക്കണം സ്ഥാനാര്‍ഥിയെന്ന് ഇതുവരെയും പാര്‍ടി തീരുമാനമെടുത്തിട്ടില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞത് തരൂരിനെ വെട്ടിലാക്കി. ആരായിരിക്കണം സ്ഥാനാര്‍ഥിയെന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

സ്ഥാനാര്‍ഥി ചര്‍ച്ച പോലും ആകുംമുമ്പ് തരൂര്‍ ചിലയിടങ്ങളില്‍ ചുവരെഴുത്ത് നടത്തിച്ചതിനെതിരെ കോണ്‍ഗ്രസില്‍ വ്യാപക അതൃപ്തിയുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന ഡിസിസി യോഗത്തില്‍ തരൂരിനെതിരെ രൂക്ഷമായ ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. തരൂരിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഒരുവിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടു. ഭാര്യയുടെ ദുരൂഹമരണത്തെപ്പറ്റിയുള്ള ആരോപണങ്ങളെപ്പറ്റി തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ മറുപടി പറയേണ്ടിവരുമെന്നും ഇത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment