Sunday, March 2, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യില്ല

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്രമന്ത്രിസഭ ഞായറാഴ്ച വീണ്ടും യോഗം ചേരും. കസ്തൂരിരംഗന്‍-മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളില്‍ എന്തെങ്കിലും തീരുമാനം യോഗത്തില്‍ ഉണ്ടാകാന്‍ സാധ്യത തീരെയില്ലെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറഞ്ഞു. അഴിമതിനിരോധന ഭേദഗതി ബില്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയല്‍ ബില്‍, ഭിന്നശേഷിയുള്ളവരുടെ അവകാശസംരക്ഷണ ബില്‍ എന്നിവയ്ക്ക് പകരമുള്ള ഓര്‍ഡിനന്‍സുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനാണ് മന്ത്രിസഭായോഗം ചേരുന്നത്.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രിബ്യൂണലില്‍ നല്‍കിയ സത്യവാങ്മൂലം മറികടന്നുള്ള തീരുമാനം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിന് ഇപ്പോള്‍ കഴിയില്ല. കസ്തൂരിരംഗന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നിലനില്‍ക്കുന്നതാണെന്ന നിലപാടാണ് സത്യവാങ്മൂലത്തില്‍ സ്വീകരിച്ചത്. മാര്‍ച്ച് 24ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അന്തിമതീരുമാനം അറിയിക്കണമെന്ന് ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ട്രിബ്യൂണല്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

എന്തെങ്കിലും താല്‍ക്കാലിക തീരുമാനം ഈ ഘട്ടത്തില്‍ എടുത്ത് സര്‍ക്കാരിന് തടിതപ്പാനാകില്ല. അതേസമയം, കേരളത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാണെന്നതിനാല്‍ ചില ഇളവുകളുണ്ടാകുമെന്ന ധാരണപരത്താന്‍ സര്‍ക്കാര്‍ കുറിപ്പ് ഇറക്കിയേക്കും. ഇക്കാര്യം തിങ്കളാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതായും വാര്‍ത്തയുണ്ട്.

ഹര്‍ത്താല്‍ പൂര്‍ണം

തിരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട്് ശനിയാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും കോട്ടയം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ മലയോരത്തും എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നടന്ന ഹര്‍ത്താലിനെ കക്ഷിരാഷ്ട്രീയഭേദമന്യെ എല്ലാ ജനവിഭാഗങ്ങളും സംഘടനകളും പിന്തുണച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പടെ നിരത്തിലിറങ്ങിയില്ല. തോട്ടം-കാര്‍ഷികമേഖലകളില്‍ തൊഴിലാളികളും കര്‍ഷകരും ജോലിക്കിറങ്ങിയില്ല.

ഇടുക്കി, വയനാട് കലക്ടറേറ്റുകളില്‍ ഹാജര്‍നില നാമമാത്രമായിരുന്നു. ഇതരസര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. ഇടുക്കിയില്‍ എസ്എന്‍ഡിപി യൂണിയനുകള്‍, മലനാട് കര്‍ഷക രക്ഷാസമിതി, വിഎസ്ഡിപി, ഇതര കര്‍ഷക സംഘടനകള്‍ എന്നിവ ഹര്‍ത്താലിനെ പിന്തുണച്ചു. കട്ടപ്പന, മൂന്നാര്‍, തൊടുപുഴ, അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നു. വയനാട്ടില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു.

ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നു. കോട്ടയത്ത് പൂഞ്ഞാര്‍ തെക്കേക്കര, മേലുകാവ്, തീക്കോയി, കൂട്ടിക്കല്‍ പഞ്ചായത്തുകളിലായിരുന്നു ഹര്‍ത്താല്‍. പത്തനംതിട്ടയില്‍ റാന്നി, കോന്നി താലൂക്കുകളിലെ ഹര്‍ത്താല്‍ സമ്പൂര്‍ണമായിരുന്നു. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലും കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂര്‍, കേളകം, ആറളം പഞ്ചായത്തുകളിലെയും ഹര്‍ത്താല്‍ സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം പ്രതിഫലിപ്പിച്ചു.

വീട്ടമ്മമാരുടെ വിലാപറാലിയില്‍ പ്രതിഷേധമിരമ്പി

കോഴിക്കോട്: ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനുമുമ്പില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന് അഭിവാദ്യവുമായി ആയിരക്കണക്കിന് വീട്ടമ്മമാര്‍ അണിനിരന്ന വിലാപറാലി. ജില്ലയില്‍ പരിസ്ഥിതി ദുര്‍ബല മേഖലകളായി പ്രഖ്യാപിച്ച ഒമ്പതു വില്ലേജുകളില്‍നിന്നുള്ള വീട്ടമ്മമാരാണ് കറുത്ത ബാഡ്ജ് ധരിച്ച് റാലിയില്‍ പങ്കാളികളായത്.

പ്രശ്നത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന നിസ്സംഗതക്കെതിരായ താക്കീതായി റാലി. പൊള്ളുന്ന വെയിലിനെ കൂസാതെ പ്രായമേറിയവരടക്കം പ്ലക്കാര്‍ഡേന്തിയും മുദ്രാവാക്യം മുഴക്കിയും റാലിയില്‍ അണിനിരന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടക്കംചെയ്ത ശവപ്പെട്ടിയുമായി എരഞ്ഞിപ്പാലം പാസ്പോര്‍ട്ട് ഓഫീസിനടുത്തുനിന്നാണ് റാലി ആരംഭിച്ചത്. പശ്ചിമഘട്ടം യുഎന്നിനും വിദേശ രാഷ്ട്രങ്ങള്‍ക്കും പണയം വയ്ക്കാനുള്ള നീക്കത്തിനെതിരെയുള്ള പ്ലക്കാര്‍ഡുകളായിരുന്നു ഏറെയും. കലക്ടറേറ്റിനുമുമ്പില്‍ സമരപ്പന്തലിനുസമീപം ചേര്‍ന്ന റാലി കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു.

deshabhimani

No comments:

Post a Comment