Saturday, March 1, 2014

ദേശീയ വാര്‍ത്തകള്‍ - മോദി, അഴിമതി, സാമ്പത്തികവളര്‍ച്ച, കിസാന്‍ സഭ...

മോഡിയുടെ മൗനം ബിജെപിയുടെ നയംമാറ്റം

ന്യൂഡല്‍ഹി: ചില്ലറ വില്‍പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ ബിജെപിക്കുണ്ടായിരുന്ന എതിര്‍പ്പ് അവസാനിക്കുന്നു. പുതിയ കാലഘട്ടത്തിന്റെ വെല്ലുവളികള്‍ അവസരമാക്കി മാറ്റണമെന്ന ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ പ്രസ്താവനയാണ് ബിജെപിയും വഴങ്ങുകയാണെന്നതിന്റെ സൂചനയായത്. ചില്ലറ വില്‍പനമേഖലയില്‍ വിദേശനിക്ഷേപത്തെക്കുറിച്ച് നേരിട്ട് പറയാതെ നയം മാറുമെന്ന വ്യക്തമായ സൂചനയാണ് കോര്‍പറേറ്റുകളുടെ വക്താവായ നരേന്ദ്ര മോഡിയില്‍ നിന്നുണ്ടായത്്. രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ വലിയ ആധുനിക സ്റ്റോറുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ നരേന്ദ്രമോഡി വിദേശനിക്ഷേപം അനുവദിക്കണമോ എന്നതില്‍ മൗനം പാലിച്ചു. ചില്ലറവില്‍പന മേഖലയിലെ വിദേശനിക്ഷേപത്തെക്കുറിച്ചുള്ള നരേന്ദ്രമോഡിയുടെ മൗനം, ബിജെപിയുടെ നേരത്തേയുള്ള നയം മാറുന്നതിന്റെ സൂചനയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

അഴിമതിവിരുദ്ധ ഓര്‍ഡിനന്‍സുകള്‍ മാറ്റി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുമ്പായി അഴിമതിവിരുദ്ധപ്രതിച്ഛായ നേടുകയെന്ന ലക്ഷ്യത്തോടെ രാഹുല്‍ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ഓര്‍ഡിനന്‍സുകള്‍ കേന്ദ്രമന്ത്രിസഭായോഗം മാറ്റിവച്ചു. അഴിമതിവിരുദ്ധ ഭേദഗതി ബില്‍, സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ജനങ്ങള്‍ക്ക് ലഭിക്കുന്നെന്ന് ഉറപ്പാക്കുന്ന പൗരാവകാശ ബില്‍ എന്നിവ ഓര്‍ഡിനന്‍സ് രൂപത്തില്‍ കൊണ്ടുവരണമെന്ന ആവശ്യമാണ് രാഹുല്‍ഗാന്ധി മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാല്‍, ഓര്‍ഡിനന്‍സുകളെല്ലാം മാറ്റുന്നതായി ക്യാബിനറ്റ് ചേര്‍ന്നപ്പോള്‍ സെക്രട്ടറി അജിത്ത് സേത്ത് അറിയിക്കുകയായിരുന്നു. ഓര്‍ഡിനന്‍സുകളുടെ കാര്യത്തില്‍ നിയമ മന്ത്രാലയം പല എതിര്‍പ്പുകളും ഉന്നയിച്ച പശ്ചാത്തലത്തിലാണ് മാറ്റിയതെന്ന് സൂചനയുണ്ട്. എസ്സി- എസ്ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന ബില്‍, ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന ബില്‍, സെബി ഭേദഗതി ബില്‍, ഡല്‍ഹി ഹൈക്കോടതി നിയമഭേദഗതി ബില്‍ എന്നിവയും ഓര്‍ഡിനന്‍സ് രൂപത്തില്‍ കൊണ്ടുവരികയെന്ന നിര്‍ദേശം സര്‍ക്കാരിന്റെ മുമ്പാകെയുണ്ട്.

സാമ്പത്തികവളര്‍ച്ച ചുരുങ്ങി

ന്യൂഡല്‍ഹി: ഡിസംബറില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിലും ചുരുങ്ങി. ആഭ്യന്തര മൊത്ത വരുമാനത്തില്‍(ജിഡിപി) 4.7 ശതമാനം വളര്‍ച്ചമാത്രമാണ് രേഖപ്പെടുത്തിയത്. 4.9 ശതമാനമെങ്കിലും വളര്‍ച്ചയാണ് പ്രതീക്ഷിച്ചത്. തുടര്‍ച്ചയായി ഏഴാമത്തെ പാദത്തിലാണ് അഞ്ച് ശതമാനത്തില്‍ താഴെ വളര്‍ച്ച. നിര്‍മാണമേഖല 1.9 ശതമാനം ചുരുങ്ങി. ഖനമേഖലയിലും വളര്‍ച്ചയില്ല; 1.6 ശതമാനം സങ്കോചിച്ചു. കാര്‍ഷികവളര്‍ച്ച 3.6 ശതമാനമായി കുറഞ്ഞു. തൊട്ടുമുമ്പുള്ള മൂന്ന് മാസത്തില്‍ ഇത് 4.6 ശതമാനമായിരുന്നു.

കിസാന്‍സഭ "കമീഷന്‍ രേഖകള്‍" പ്രകാശനം മൂന്നിന്

ന്യൂഡല്‍ഹി: അഖിലേന്ത്യ കിസാന്‍സഭ പ്രസിദ്ധീകരിക്കുന്ന "നവഉദാര പരിഷ്കാരങ്ങളും കര്‍ഷകപ്രതിരോധവും-കമീഷന്‍ രേഖകള്‍" എന്ന പുസ്തകം മാര്‍ച്ച് മൂന്നിന് പ്രകാശനം ചെയ്യും. വൈകിട്ട് 4.30ന് കേരളഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ചടങ്ങില്‍ കിസാന്‍സഭ വൈസ്പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള പ്രകാശനം നിര്‍വഹിക്കും. അഖിലേന്ത്യ പ്രസിഡന്റ് അമ്രാറാം അധ്യക്ഷനാകും. വൈസ്പ്രസിഡന്റ് കെ വരദരാജന്‍, സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് എ കെ പത്മനാഭന്‍ എന്നിവര്‍ സംബന്ധിക്കും

തെര. പത്രികയ്ക്ക് അന്തിമരൂപമാകും

ന്യൂഡല്‍ഹി: സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു. എ കെ ജി ഭവനില്‍ വെള്ളിയാഴ്ച വൈകിട്ട് നാലിനു ചേര്‍ന്ന യോഗത്തില്‍ എസ് രാമചന്ദ്രന്‍പിള്ള അധ്യക്ഷനായി. കേരളത്തില്‍നിന്നുള്ള പിബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയോഗം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രകടനപത്രികയ്ക്ക് അന്തിമരൂപം നല്‍കലുമാണ് അജന്‍ഡ

ആര്‍വൈഎഫ് ദേശീയ സമ്മേളനം ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി: ആര്‍വൈഎഫ് ദേശീയ സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. മാര്‍ച്ച് മൂന്നുവരെ ഡല്‍ഹിയിലാണ് സമ്മേളനം. ശനിയാഴ്ച ദേശീയകമ്മിറ്റി ചേരും. പ്രതിധിധി സമ്മേളനം ഞായറാഴ്ച രാവിലെ പത്തിന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ ഉദ്ഘാടനംചെയ്യും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഇക്കാര്യം സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്നും ജനറല്‍ സെക്രട്ടറി അഡ്വ. കെ സണ്ണിക്കുട്ടി, സെക്രട്ടറി കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment