Saturday, March 1, 2014

ഗുല്‍ബര്‍ഗ ഡിവിഷന്‍: കേരളത്തിന് തിരിച്ചടി

പാലക്കാട് ഡിവിഷന്‍ വിഭജിച്ച് ഗുല്‍ബര്‍ഗയില്‍ പുതിയ റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കാനുള്ള കേന്ദ്രതീരുമാനം കേരളത്തിന് വന്‍ ആഘാതമാകും. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് റെക്കോഡ് പ്രാതിനിധ്യം ഉണ്ടായിട്ടും സ്വന്തം സോണെന്ന ദീര്‍ഘകാല ആവശ്യം നടക്കില്ലെന്നുറപ്പായി. യാത്രാ ദുരിതത്തിനും പരിഹാരമില്ല. 1958ല്‍ പാലക്കാട് ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ 1247 കിലോമീറ്ററുണ്ടായിരുന്നത് 2007ല്‍ സേലം ഡിവിഷന്‍ വന്നപ്പോള്‍ 548 കിലോമീറ്ററായി. കര്‍ണാടകത്തില്‍നിന്നുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് റെയില്‍മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചതോടെ പാലക്കാടിനെ വീണ്ടും വെട്ടിമുറിക്കാനുള്ള നീക്കം ശക്തമായി. ഇപ്പോള്‍ പാലക്കാട് ഡിവിഷന്‍ പരിധിയില്‍വരുന്ന ഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് ഗുല്‍ബര്‍ഗ ആസ്ഥാനമായി പുതിയ ഡിവിഷന്‍ രൂപീകരിക്കുക.

തിരുവനന്തപുരം ഡിവിഷന്റെ ഭാഗമായ കന്യാകുമാരി-തിരുനല്‍വേലി-നാഗര്‍കോവില്‍ പാത മധുര ഡിവിഷനു നല്‍കാനും ആലോചനയുണ്ട്. ഇതുകൂടി ആയാല്‍ ഒറ്റഡിവിഷന്‍ എന്ന സ്ഥിതിയില്‍ കേരളം വൈകാതെ എത്തും. കേരളത്തില്‍ ആകെയുള്ള ട്രാക്ക് ദൈര്‍ഘ്യം 1588 കിലോമീറ്ററാണ്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 156 എക്സ്പ്രസ് ട്രെയിനുകളും 109 പാസഞ്ചര്‍ ട്രെയിനുകളും പ്രതിദിനം ഓടുന്നു. അഞ്ച് ലക്ഷം യാത്രക്കാരുമുണ്ട്. ദക്ഷിണറെയില്‍വേയുടെ വരുമാനത്തിന്റെ മൂന്നിലൊന്നും സംഭാവനചെയ്യുന്നത് ഈ ഡിവിഷനുകളാണ്.എന്നാല്‍, തിരക്കിന് അനുസരിച്ച് ട്രെയിനുകള്‍ ഓടിക്കാനോ മെച്ചപ്പെട്ട ബോഗികള്‍ കൊണ്ടുവരാനോ അടിസ്ഥാനസൗകര്യത്തിനോ കഴിയുന്നില്ല. പുതിയ ട്രെയിനുകള്‍ പ്രഖ്യാപനത്തിലൊതുങ്ങുന്നു.

deshabhimani

No comments:

Post a Comment