Saturday, March 1, 2014

ആന്റണിയുടെ പിടിപ്പുകേട് സേനയെ ദുരവസ്ഥയിലാക്കി

ഇന്ത്യന്‍ നാവികസേന നേരിടുന്ന ദുരവസ്ഥയ്ക്കു കാരണം പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പിടിപ്പുകേട്. ഏഴ് മാസത്തിനുള്ളില്‍ നാവികസേനയുടെ യാനങ്ങളില്‍ 10 അപകടങ്ങളാണ് സംഭവിച്ചത്. ഇരുപതില്‍പ്പരം സൈനികരുടെ ജീവന്‍ പൊലിഞ്ഞു. കഴിഞ്ഞദിവസം ഐഎന്‍എസ് സിന്ധുരത്നയില്‍ ഉണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേന തലവന്‍ അഡ്മിറല്‍ ഡി കെ ജോഷി രാജിവച്ചുവെങ്കിലും അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങള്‍ യഥാര്‍ഥത്തില്‍ പ്രതിക്കൂട്ടിലാക്കുന്നത് പ്രതിരോധമന്ത്രിയെയാണ്.

നാവികസേനയുടെ ആയുധബലം ആശങ്കാജനകമായ നിലയിലാണെന്ന് 2008-09ലെയും 2010-11ലെയും സിഎജി റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിച്ചിരുന്നു; അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ പല സംവിധാനങ്ങളും കാലപ്പഴക്കം വന്നവയാണ്. അറ്റകുറ്റപ്പണികളും സ്പെയര്‍പാര്‍ട്സുകളുടെ വാങ്ങലും വൈകുന്നു, വാങ്ങാന്‍ തീരുമാനിച്ചവ ആവശ്യത്തിന് ഉതകുന്നവയല്ല. എന്നാല്‍, 2006 ഒക്ടോബര്‍ മുതല്‍ പ്രതിരോധമന്ത്രിസ്ഥാനത്തുള്ള എ കെ ആന്റണി ഈ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു. പ്രതിരോധ ഇടപാടുകളില്‍ അഴിമതി വ്യാപകമാണെന്ന് പ്രഖ്യാപിച്ച ആന്റണി അഴിമതി തടയാനുളള ഉറച്ച നടപടിക്കു പകരം രാജ്യസുരക്ഷയെതന്നെ അപകടത്തിലാക്കു വിധം ആയുധസംഭരണം നിര്‍ത്തിവച്ചു. അതേസമയം, ഇറ്റലിയില്‍നിന്ന് അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള നടപടി കോഴക്കേസില്‍ കുടുങ്ങുകയുംചെയ്തു.

നവീകരണത്തിന്റെ കാര്യത്തില്‍ നാവികസേന ഏറെ പിന്നിലാണെന്നും സേനയുടെ ഗുണനിലവാരം താരതമ്യേന മോശമാണെന്നും സിഎജി ചൂണ്ടിക്കാണിച്ചിരുന്നു. 15 യുദ്ധക്കപ്പലുകളും 13 അന്തര്‍വാഹിനികളും ഉള്‍പ്പെടെ 120 യാനങ്ങളാണ് നാവികസേനയുടെ കൈമുതല്‍. ഇതില്‍ രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമല്ല. നാവികസേനയുടെ വ്യോമയാനവിഭാഗത്തിലെ മൂന്നില്‍ രണ്ട് വിമാനങ്ങളും അറ്റകുറ്റപ്പണി ആവശ്യമുള്ളവയാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. മാത്രമല്ല, ഇവ കൈകാര്യംചെയ്യാന്‍ ഫലപ്രദമായ സംവിധാനം വേണം. സാങ്കേതികവിദ്യയും കാലോചിതമായി പരിഷ്കരിക്കണം. വെല്ലുവിളികളെ നേരിടുന്നതില്‍ സേനയുടെ ദൗര്‍ബല്യം പ്രകടമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കരസേനയുടെയും വ്യോമസേനയുടെയും സ്ഥിതി വ്യത്യസ്തമല്ല. ആയുധങ്ങള്‍ക്ക് പഴക്കമേറുകയാണെന്ന് കാണിച്ചും ഇവ നവീകരിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തില്‍ നിരാശ പ്രകടിപ്പിച്ചും മൂന്ന് സേനാമേധാവികളും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയ വിവരം ജോഷിയുടെ രാജിയോടെ പുറത്തായിട്ടുണ്ട്.

വ്യോമസേനയുടെ പ്രവര്‍ത്തനക്ഷമമായ പോര്‍വിമാനങ്ങളുടെ എണ്ണം ഉടന്‍തന്നെ അപകടകരമായ തോതില്‍ ചുരുങ്ങും. കരസേനയുടെ ആയുധശേഷി അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ച് 2013 മാര്‍ച്ച് 12ന് അന്നത്തെ കരസേന മേധാവി വി കെ സിങ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചിരുന്നു. ആയുധബലം മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും ഇങ്ങോട്ടുള്ള ആക്രമണം ഒഴിവാക്കാനുള്ള തന്ത്രം കൂടിയാണെന്നും പ്രതിരോധവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതിഒഴിവാക്കാനെന്ന പേരില്‍ ആയുധസംഭരണം മുടക്കുന്നത് കടുത്ത വീഴ്ചയാണ്. പ്രതിരോധമന്ത്രിയുടെ പരാജയമാണ് ഇതില്‍ വ്യക്തമാകുന്നത്. അഡ്മിറല്‍ ഡി കെ ജോഷിയുടെ രാജിയോടെ എ കെ ആന്റണി അധികാരത്തില്‍ തുടരുന്നതിന്റെ ധാര്‍മികതയാണ് ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment