Monday, April 4, 2011

സംസ്ഥാന വാര്‍ത്തകള്‍ 10

ഐസ്‌ക്രീം കേസ്: നടപടിയെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് മുഖ്യമന്ത്രിക്ക് നിയമോപദേശം. നിയമജ്ഞരായ ശാന്തിഭൂഷണ്‍, സുശീല്‍ കുമാര്‍ എന്നിവരാണ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിക്കും ഡി ജി പിക്കും രേഖാമൂലം നിര്‍ദേശം നല്‍കി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു. മുദ്രവച്ച കവറില്‍ കേസ് ഡയറി സമര്‍പ്പിക്കണമെന്നും കേസുമായി അഭിഭാഷകരെ കാണണമെന്നും വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.

ടൈറ്റാനിയം:ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ ഹര്‍ജി സ്വീകരിച്ചു

തിരു: ടൈറ്റാനിയം അഴിമതി കേസില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ്കോടതി ഫയലില്‍ സ്വീകരിച്ചു. 11 പേര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ടൈറ്റാനിയത്തിലെ ജീവനക്കാരനായ മണക്കാട് സ്വദേശി ജയനാണ് പരാതി കൊടുത്തത്. വിശദമായ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി 23 ലേക്ക് മാറ്റി. 256 കോടിയുടെ അഴിമതി നടത്തിയതായി പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

ആന്റണിയുടെ പ്രസ്താവന ദൌര്‍ഭാഗ്യകരം: ഐസക്

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ വാരിക്കോരി കൊടുത്തതുകൊണ്ടാണ് കേരളത്തില്‍ ട്രഷറി പൂട്ടാതിരുന്നതെന്ന കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന അത്യന്തം ദൌര്‍ഭാഗ്യകരമാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ ആശ്രമം മേഖലയില്‍ തെരഞ്ഞെടുപ്പ് സ്വീകരണപര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ഐസക്കിന്റെ കഴിവുകൊണ്ടല്ല ട്രഷറി പൂട്ടാതിരുന്നതെന്നും എ കെ ആന്റണി പ്രസ്താവിച്ചിരുന്നു. ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രി ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തരുത്. കേന്ദ്രം വാരിക്കോരി എത്ര തന്നുവെന്ന് ആന്റണി വ്യക്തമാക്കണം. 2005-06ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വരുമാനത്തിന്റെ 30 ശതമാനം തുക കേന്ദ്രം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 26 ശതമാനം മാത്രമാണ് തരുന്നത്. ഏകദേശം 2000 കോടി രൂപ കുറവാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

ശക്തി അനുസരിച്ച് സീറ്റ് കിട്ടിയില്ല: മാണി

മലപ്പുറം: പാര്‍ടിയുടെ ശക്തിക്കനുസരിച്ച് കേരള കോണ്‍ഗ്രസിന് സീറ്റ് കിട്ടിയില്ലെന്ന് കെ എം മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സീറ്റിനുവേണ്ടിയായിരുന്നില്ല ലയനം. കര്‍ഷക ആത്മഹത്യക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. കര്‍ഷകരുടെ നിരാശയും സാമ്പത്തികബുദ്ധിമുട്ടും വരള്‍ച്ചയും വെള്ളപ്പൊക്കവുമെല്ലാം കാരണങ്ങളാണ്. പ്രയാസപ്പെടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാരിനായില്ല. അതെല്ലാംചെയ്തത് കേന്ദ്രമാണ്. ഐസ്ക്രീം കേസ് തെളിയുന്നതുവരെ പി കെ കുഞ്ഞാലിക്കുട്ടി കുറ്റക്കാരനല്ല. ആകെ ദുഷിച്ച സര്‍ക്കാര്‍ പുറത്തുപോകണമെന്ന് മാണി പറഞ്ഞു.

ഓര്‍ത്തഡോക്സ് പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തടഞ്ഞു

മല്ലപ്പള്ളി: ചെങ്ങരൂര്‍ സെന്റ്ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വോട്ടുതേടിയെത്തിയ തിരുവല്ല മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി വിക്ടര്‍ ടി തോമസിനെ വിശ്വാസികള്‍ തടഞ്ഞു. സഭാപിതാക്കന്മാര്‍ക്കും സഭയ്ക്കും പുല്ലുവില കല്‍പ്പിക്കുന്ന യുഡിഎഫിന്റെ സ്ഥാനാര്‍ഥി പള്ളിയില്‍വന്ന് വോട്ടുചോദിക്കുന്നതെന്തിനാണെന്ന് വിശ്വാസികള്‍ ചോദിച്ചു. ഞായറാഴ്ച രാവിലെ പത്തരയോടെ പള്ളിയില്‍ കൈമുത്ത് നടക്കുന്ന സമയത്താണ് വിക്ടര്‍ ടി തോമസ് എത്തിയത്. പള്ളിയുടെ പ്രധാന വാതിലില്‍ സ്ഥാനാര്‍ഥി എത്തിയതോടെയാണ് വിശ്വാസികള്‍ പ്രകോപിതരായത്. ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ വിക്ടറിനെ പള്ളിയില്‍ വോട്ട് ചോദിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചു. ഇത് യുഡിഎഫ് അനുഭാവികളടക്കമുള്ള വിശ്വാസികള്‍ ഏറ്റെടുക്കുകയായിരുന്നു. ടി എസ് ജോണ്‍ വിഭാഗത്തിലുള്ള രണ്ടുപേര്‍ വിക്ടറിനെ സഹായിക്കാനെത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ പള്ളിക്കുപുറത്ത് ഗേറ്റിന് സമീപത്തുനിന്ന് വോട്ടുചോദിച്ചു മടങ്ങി.

ഓര്‍ത്തഡോക്സ് സഭ‘ഒന്നുമല്ല എന്ന നിലപാട് സ്വീകരിച്ച കെ എം മാണി അടക്കമുള്ള യുഡിഎഫ് നേതൃത്വത്തോടുള്ള സ്വാഭാവിക പ്രതിഷേധം മാത്രമാണുണ്ടായതെന്ന് യുവജനപ്രസ്ഥാനം ഭാരവാഹികള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു കമീഷന്റെ വോട്ടേഴ്സ് സ്ളിപ്പ് വിതരണം വൈകും

തിരു: നിയമസഭാ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പു കമീഷന്‍ നേരിട്ടു വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വോട്ടേഴ്സ് സ്ളിപ്പ് വിതരണം വൈകും. സ്ളിപ്പ് അച്ചടിക്കുന്ന ജോലി പോലും ഇതുവരെയും ആരംഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ അറിയിപ്പും നടപടി ക്രമങ്ങളും വൈകിയതിനെത്തുടര്‍ന്നാണിത്. വോട്ടര്‍മാരുടെ ഫോട്ടോ പതിച്ച സ്ളിപ്പ് ആദ്യമായാണ് കമീഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കുന്ന തീരുമാനം ആദ്യഘട്ടത്തില്‍തന്നെ പാളുകയാണ്.

നേരത്തെ വിവിധ രാഷ്ട്രീയകക്ഷികളാണ് വോട്ടര്‍മാര്‍ക്ക് സ്ളിപ്പുകള്‍ വിതരണം ചെയ്തിരുന്നത്. ഇതു അനുവദനീയമല്ലെന്നും കമീഷന്‍ നേരിട്ട് ഫോട്ടോ പതിച്ച സ്ളിപ്പുകള്‍ വിതരണം ചെയ്യുമെന്നുമാണ് കമീഷന്‍ പ്രഖ്യാപിച്ചിരുന്നത്. ഈ സ്ളിപ്പ് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാമെന്നും കമീഷന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് 2.31 കോടി വോട്ടര്‍മാരും 20,758 പോളിങ് സ്റ്റേഷനുകളുമാണുള്ളത്. തെരഞ്ഞെടുപ്പിനു ഒരാഴ്ചമാത്രം ബാക്കി നില്‍ക്കേ ഇത്രയും സ്ളിപ്പുകള്‍ അച്ചടിച്ച് വോട്ടര്‍മാര്‍ക്ക് കൃത്യമായി എത്തിക്കുക പ്രയാസകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ളിപ്പുകള്‍ കമീഷന്‍ നിയോഗിച്ചിട്ടുള്ള ബൂത്തു തല ഓഫീസര്‍മാര്‍ അതതു വോട്ടര്‍മാര്‍ക്ക് നേരിട്ടു എത്തിക്കുമെന്നാണ് കമീഷന്‍ അറിയിച്ചിട്ടുള്ളത്. സ്ളിപ്പുകള്‍ അച്ചടിച്ച് ബൂത്തു തല ഓഫീസര്‍മാര്‍ വഴി വോട്ടര്‍മാര്‍ക്ക് എത്തിക്കാന്‍ ചുരുങ്ങിയ സമയം കൊണ്ട് കഴിയില്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍, അച്ചടി തീര്‍ന്നാല്‍ ഉടന്‍ വിതരണം ചെയ്യുമെന്നാണ് കമീഷന്‍ നിലപാട്.

യുഡിഎഫിനെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല: മുഖ്യമന്ത്രി

പാലക്കാട്: ഈ തെരഞ്ഞെടുപ്പില്‍ ഒറ്റ യുഡിഎഫുകാരെയും ജനങ്ങള്‍ നിയമസഭയിലേക്ക് അയക്കില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. വിവിധ മണ്ഡലങ്ങളില്‍ പര്യടനത്തിന് പോയപ്പോള്‍ യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് മനസ്സിലാക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന് അധികാരം കിട്ടിയാല്‍ അഴിമതിക്കാര്‍ക്കും കുത്തകകള്‍ക്കും മാഫിയകള്‍ക്കും സേവ ചെയ്യാനായിരിക്കും ഭരണസംവിധാനത്തെ ഉപയോഗിക്കുക. മലമ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തില്‍ എരട്ടയാലില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏത് വിധേനയും അധികാരത്തിലെത്താനുള്ള കൊള്ളരുതായ്മകള്‍ യുഡിഎഫ് തെരഞ്ഞെടുപ്പില്‍ കാണിക്കും. യുഡിഎഫിന് വോട്ട് നല്‍കിയാല്‍ ജനം വീണ്ടും പട്ടിണിയിലാവും. യുഡിഎഫ് ഭരണത്തില്‍ കേരളം കര്‍ഷകരുടെ ശവപ്പറമ്പായിരുന്നു. വ്യവസായശാലകള്‍ അടഞ്ഞുകിടന്നു. തൊഴിലാളികള്‍ പട്ടിണിയിലായി. എല്‍ഡിഎഫ് സര്‍ക്കാരാണ് ഈ അവസ്ഥയ്ക്ക് മാറ്റംവരുത്തിയത്. 110രൂപയായിരുന്ന പെന്‍ഷന്‍ 400 രൂപയാക്കി ഉയര്‍ത്തി. നെല്ലിന്റെ സംഭരണവില 14രൂപയാക്കി ഉയര്‍ത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളം നേടിയെടുത്ത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരണം, ജനാഭിലാഷവും അതാണ് -മുഖ്യമന്ത്രി പറഞ്ഞു. ഐശ്വര്യപൂര്‍ണമായ ഭരണത്തിനായിരുന്നു കേരളം സാക്ഷ്യംവഹിച്ചത്. യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ ഇതെല്ലാം അട്ടിമറിക്കപ്പെടുമെന്നും- വി എസ് പറഞ്ഞു

കേന്ദ്രത്തിന്റെ അവാര്‍ഡില്‍ ചെന്നിത്തലയ്ക്ക് സംശയം

ആലപ്പുഴ: ക്രമസമാധാന പരിപാലനരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് കേരളം എങ്ങനെയാണ് കേന്ദ്രത്തില്‍നിന്ന് പുരസ്കാരങ്ങള്‍ സംഘടിപ്പിച്ചതെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ക്രമസമാധാനം അനുദിനം വഷളാവുകയാണ്. അട്ടക്കുളങ്ങര സബ് ജയിലില്‍ ബിജു എന്നയാള്‍ തൂങ്ങിമരിച്ചതില്‍ ദുരൂഹതയുണ്ട്. സംഭവം സംബന്ധിച്ച് നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണംനടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ കസ്റ്റഡി മരണവും കൊലപാതകങ്ങളും നടക്കുന്നത് കേരളത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. അങ്ങനെയെങ്കില്‍ കേരളത്തിന് എങ്ങനെ മികച്ച ക്രമസമാധാനപരിപാലനത്തിനുള്ള കേന്ദ്ര അവാര്‍ഡുകള്‍ ലഭിക്കുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതിയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദമായി അന്വേഷിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. ഹെലികോപ്റ്റര്‍ ആവശ്യംവന്നാല്‍ ഇനിയും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി/ജനയുഗം 040411

2 comments:

  1. കേന്ദ്രസര്‍ക്കാര്‍ വാരിക്കോരി കൊടുത്തതുകൊണ്ടാണ് കേരളത്തില്‍ ട്രഷറി പൂട്ടാതിരുന്നതെന്ന കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന അത്യന്തം ദൌര്‍ഭാഗ്യകരമാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ ആശ്രമം മേഖലയില്‍ തെരഞ്ഞെടുപ്പ് സ്വീകരണപര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ഐസക്കിന്റെ കഴിവുകൊണ്ടല്ല ട്രഷറി പൂട്ടാതിരുന്നതെന്നും എ കെ ആന്റണി പ്രസ്താവിച്ചിരുന്നു. ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രി ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തരുത്. കേന്ദ്രം വാരിക്കോരി എത്ര തന്നുവെന്ന് ആന്റണി വ്യക്തമാക്കണം. 2005-06ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വരുമാനത്തിന്റെ 30 ശതമാനം തുക കേന്ദ്രം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 26 ശതമാനം മാത്രമാണ് തരുന്നത്. ഏകദേശം 2000 കോടി രൂപ കുറവാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

    ReplyDelete
  2. സംസ്ഥാന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ ഫണ്ട് സ്വകാര്യ ധനസ്ഥാനപത്തിന്റെ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ച് സര്‍ക്കാരിന് കോടികള്‍ നഷ്ടം വരുത്തിയ കേസില്‍ മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസ്. പൊതുമരാമത്ത് മന്ത്രിമാരായ ടി യു കുരുവിള, മോന്‍സ് ഫോസഫ്, പി ജെ ജോസഫ് എന്നിവര്‍ക്കെതിരായ ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു. ജൂ ആറിന് പ്രതികള്‍ നേരിട്ട് ഹാജരാകാന്‍ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. അങ്കമാലി മൂക്കന്നൂര്‍ പത്മിനി ഭവനില്‍ ബി വി രവീന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കോര്‍പറേഷന്‍ എംഡിമാരായിരുന്ന ആര്‍ ശ്രീലേഖ, ടി കെ ജോസ്, സെക്രട്ടറി സ്റീഫന്‍ ജെയിംസ് എന്നിവരാണ് മറ്റ് എതിര്‍ കക്ഷികള്‍. 2006 ഒക്ടോബര്‍ ഒന്നുമുതല്‍ 2009 മാര്‍ച്ച് 31 വരെ 240 കോടി രൂപ കമ്പനിക്ക് ഫണ്ട് ഉണ്ടായിരുന്നു. നിയമപ്രകാരം സര്‍ക്കാര്‍ ഈ ഫണ്ട് ട്രഷറിയിലോ എസ്ബിടിയിലോ നിക്ഷേപിക്കണം. അങ്ങനെ നിക്ഷേപിച്ചിരുന്നെങ്കില്‍ മൂന്നു വര്‍ഷത്തേക്ക് 23 കോടി രൂപ ലാഭം കിട്ടുമായിരുന്നെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കൊച്ചിയിലെ ട്രസ്റ് ഇന്‍വെസ്റ്മെന്റ് എന്ന സ്ഥാപനം വഴിയാണ് അനധികൃത നിക്ഷേപം നടത്തിയത്. ഈ സ്ഥാപനത്തിന് എതിര്‍കക്ഷികളുമായി അവിശുദ്ധബന്ധമുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. എതിര്‍കക്ഷികള്‍ക്ക് 96 കോടി രൂപ കമീഷന്‍ ലഭിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    ReplyDelete