Monday, April 4, 2011

സുധാകരനെതിരെ വിജിലന്‍സ് കേസ്

ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയതിന് താന്‍ ദൃക്സാക്ഷിയാണെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ജയിലിലടച്ച ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു വിവാദ പ്രസംഗം. അഴിമതി നിരോധന നിയമപ്രകാരം പ്രഥമദൃഷ്ട്യാ സുധാകരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2011 ഫെബ്രുവരി 12ന് ചെയ്ത പ്രസംഗമാണ് കേസിന് ആധാരം. ജഡ്ജിമാര്‍ കൈക്കൂലി വാങ്ങിയാണ് പല കേസുകളിലും വിധി പുറപ്പെടുവിക്കുന്നതെന്നും ഇതിന് താന്‍ ദൃക്സാക്ഷിയായിട്ടുണ്ടെന്നുമായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. 31 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയ ഹൈക്കോടതിവിധി അസാധുവാക്കുന്നതിന് 15 വര്‍ഷം മുമ്പ് ഡല്‍ഹി കേരള ഹൗസില്‍ സുപ്രീംകോടതി ജഡ്ജിക്ക് 36 ലക്ഷം രൂപ നല്‍കുന്നത് നേരില്‍ക്കണ്ടുവെന്നും സുധാകരന്‍ വെളിപ്പെടുത്തി. ഗുരുതരമായ ഈ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി സുധാകരന്‍ പിന്നീട് ആവര്‍ത്തിക്കുകയുംചെയ്തു.

ഇങ്ങനെയൊരു സംഭവം ശ്രദ്ധയില്‍പെട്ടിട്ടും അത് യഥാസമയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്താതെ മറച്ചുവച്ചത് അഴിമതിനിരോധന നിയമപ്രകാരം അഴിമതിയെ സഹായിക്കുകയോ, അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന കുറ്റമാണ്. പ്രസ്തുത പ്രസംഗത്തിലൂടെ സുധാകരന്‍ ഈ കുറ്റംചെയ്തുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ പ്രത്യേക അന്വേഷണ വിഭാഗം രജിസ്റ്റര്‍ചെയ്ത കേസില്‍ പറഞ്ഞു. ഡിവൈഎസ്പി ആര്‍ ഡി അജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

സുധാകരന്റെ വെളിപ്പെടുത്തല്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ബാര്‍ ഉടമകളുടെ ഏജന്റ് ആയാണ് സുധാകരന്‍ ഡല്‍ഹിയില്‍ പോയതെന്ന് ആരോപണമുയര്‍ന്നു. സുധാകരന്‍ മുഖേനയാണ് ബാറുടമകള്‍ രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റും വിഹിതം നല്‍കിയതെന്ന് ലൈസന്‍സ് കിട്ടിയ ഒരു ബാറുടമ വെളിപ്പെടുത്തി. കണ്ണൂരിലെ ഒരു ബാറുടമയുടെ ദല്ലാളായിട്ടാണ് സുധാകരന്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ഡല്‍ഹിയില്‍ പോയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടാണ് ജഡ്ജിക്ക് കൊടുത്ത തുക സംബന്ധിച്ച് കൃത്യമായ കണക്ക് സുധാകരന്‍ വെളിപ്പെടുത്തിയത്. കേസില്‍ സുപ്രീംകോടതിയെ സമീപിച്ച ബാറുടമകളില്‍ ചിലരും കെ സുധാകരനും തമ്മിലുള്ള അടുത്ത ബന്ധം ഇതിന് തെളിവാണ്.

1992 ഒക്ടോബറില്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ കെ രഘുചന്ദ്രബാല്‍ എക്സൈസ് മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ 21 ബാര്‍ ലൈസന്‍സാണ് വിവാദമായത്. ലൈസന്‍സ് നല്‍കിയതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അടുത്തമാസംതന്നെ ഈ ബാര്‍ ലൈസന്‍സുകള്‍ ഗവണ്‍മെന്റിന് റദ്ദാക്കേണ്ടിവന്നു. ഇതിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയെങ്കിലും അനുകൂലവിധി ലഭിച്ചില്ല. തുടര്‍ന്ന് അവര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കി. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി ബാറുടമകള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

deshabhimani 040411

1 comment:

  1. ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയതിന് താന്‍ ദൃക്സാക്ഷിയാണെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ജയിലിലടച്ച ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു വിവാദ പ്രസംഗം. അഴിമതി നിരോധന നിയമപ്രകാരം പ്രഥമദൃഷ്ട്യാ സുധാകരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2011 ഫെബ്രുവരി 12ന് ചെയ്ത പ്രസംഗമാണ് കേസിന് ആധാരം. ജഡ്ജിമാര്‍ കൈക്കൂലി വാങ്ങിയാണ് പല കേസുകളിലും വിധി പുറപ്പെടുവിക്കുന്നതെന്നും ഇതിന് താന്‍ ദൃക്സാക്ഷിയായിട്ടുണ്ടെന്നുമായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. 31 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയ ഹൈക്കോടതിവിധി അസാധുവാക്കുന്നതിന് 15 വര്‍ഷം മുമ്പ് ഡല്‍ഹി കേരള ഹൗസില്‍ സുപ്രീംകോടതി ജഡ്ജിക്ക് 36 ലക്ഷം രൂപ നല്‍കുന്നത് നേരില്‍ക്കണ്ടുവെന്നും സുധാകരന്‍ വെളിപ്പെടുത്തി. ഗുരുതരമായ ഈ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി സുധാകരന്‍ പിന്നീട് ആവര്‍ത്തിക്കുകയുംചെയ്തു.

    ReplyDelete