Monday, April 4, 2011

കാസര്‍കോടിന്റെ മനസ്സില്‍ ഇടതുപക്ഷം തന്നെ

കാസര്‍കോട്: മുന്നണികളുടെ വിജയത്തിനപ്പുറം രാഷ്ട്രീയ പ്രാധാന്യം കൈവന്ന തെരഞ്ഞെടുപ്പാണ് അത്യുത്തര കേരളത്തിലേത്.നാടിന്റെ മതേതര, സൌഹൃദഭാവം സംരക്ഷിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് ഭാഷാസംഗമ ഭൂമി. വര്‍ഗീയശക്തികള്‍ സ്വാധീനം ചെലുത്തുന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബിജെപിയുടെയും ലീഗിന്റെയും വിഷലിപ്ത വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് തിരിച്ചടിനല്‍കാനുള്ള തയ്യാറെടുപ്പിലാണ് ജനാധിപത്യ വിശ്വാസികള്‍. ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ഒഴികെ നാല് സീറ്റും നേടിയാണ് ഇടതുപക്ഷം വിജയക്കൊടി പാറിച്ചത്. അതാവര്‍ത്തിക്കുമെന്നാണ് പ്രചാരണരംഗം നല്‍കുന്ന വ്യക്തമായ സൂചന. പാര്‍ലമെന്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ ഫലം ഇതിന് അടിവരയിടുന്നു.

എല്‍ഡിഎഫില്‍ സിപിഐ എം മൂന്നു സീറ്റിലും സിപിഐയും ഐഎന്‍എല്ലും ഓരോ സീറ്റിലും മത്സരിക്കുന്നു. യുഡിഎഫില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിനും രണ്ട് ലീഗിനുമാണ്്. അഞ്ചിടത്തും ബിജെപി സ്ഥാനാര്‍ഥികളുണ്ട്. തൃക്കരിപ്പൂരിലും മഞ്ചേശ്വരത്തും സിറ്റിങ് എംഎല്‍എമാരും മറ്റു മൂന്നിടത്ത് പുതുമുഖങ്ങളുമാണ് എല്‍ഡിഎഫിനു വേണ്ടി അങ്കത്തട്ടില്‍. ലീഗിന്റെ പേമെന്റ് സീറ്റ് വിവാദവും കോണ്‍ഗ്രസിലെ അടിയും യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു.

ത്രികോണ മത്സരംകൊണ്ട് ശ്രദ്ധേയമാകുന്ന മഞ്ചേശ്വരത്ത് എല്‍ഡിഎഫിന്റെ സി എച്ച് കുഞ്ഞമ്പുവിന് വ്യക്തമായ മുന്‍തൂക്കം നേടാനായിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ വികസന നേട്ടങ്ങളും ജനങ്ങളുമായുള്ള അതിരറ്റ സൌഹൃദവും അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യുഡിഎഫ് രണ്ടാംസ്ഥാനത്തിനുള്ള ശ്രമത്തിലാണ്. ചന്ദനവ്യവസായി മുസ്ളിം ലീഗിലെ പി ബി അബ്ദുള്‍ റസാഖാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പേമെന്റ് സീറ്റെന്ന് സ്വന്തം പാര്‍ടിക്കാര്‍തന്നെ പറയുന്നു.വിജയപ്രതീക്ഷയുമായി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ ഇറക്കുമതിചെയ്ത ബിജെപിക്ക് പ്രചാരണം ആരംഭിച്ചതോടെ അത് നഷ്ടമായി. കര്‍ണാടകത്തില്‍നിന്ന് ആളെയിറക്കി വര്‍ഗീയ പ്രചാരണമാണ് ബിജെപി നടത്തുന്നത്.

യുഡിഎഫ് ജയിച്ച ഏക മണ്ഡലമായ കാസര്‍കോട്ട് ഇക്കുറി കടുത്ത പോരാട്ടമാണ്. അവസരവാദ രാഷ്ട്രീയത്തിനെതിരായ വികാരം ഇവിടെ ശക്തമാണ്. ഐഎന്‍എല്‍ ജില്ലാ ജനറല്‍സെക്രട്ടറി അസീസ് കടപ്പുറം എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുമ്പോള്‍ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും യുഡിഎഫിനെതിരെ മത്സരിച്ച എന്‍ എ നെല്ലിക്കുന്നാണ് ലീഗ് സ്ഥാനാര്‍ഥി. അണികളുടെ എതിര്‍പ്പും പേമെന്റ് വിവാദവും ഇവിടെയും ലീഗിനെ വേട്ടയാടുന്നു. സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ ബിജെപി കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി എന്‍ ഭട്ടിനെയാണ് രംഗത്തിറക്കിയത്.

നാലുതവണ തുടര്‍ച്ചയായി എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന ഉദുമ കൂടുതല്‍ ഇടത്തോട്ട് നീങ്ങുന്ന കാഴ്ചയാണ്. കര്‍ഷകനും പ്രമുഖ സഹകാരിയുമായ കെ കുഞ്ഞിരാമനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ അഡ്വ. സി കെ ശ്രീധരനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കോലം കത്തിച്ചാണ് കോണ്‍ഗ്രസുകാര്‍ അവരുടെ സ്ഥാനാര്‍ഥിയെ വരവേറ്റത്. ജില്ലാബാങ്ക് അഴിമതിക്കേസില്‍ പ്രതിയായ ആളെ  വേണ്ടെന്നാണ് അണികളുടെ നിലപാട്.

ഹോസ്ദുര്‍ഗ് പേരുമാറി കാഞ്ഞങ്ങാട് ആകുമ്പോഴും ഇടതുപക്ഷ മനസ്സിന് മാറ്റമില്ല. സിപിഐയിലെ ഇ ചന്ദ്രശേഖരന്‍ ഇതിനകം  പൊതുസമ്മതനായപ്പോള്‍ യുഡിഎഫിന്റെ അഡ്വ. എം സി ജോസിനെതിരെ ഐഎന്‍ടിയുസിക്കാര്‍ ചെന്നിത്തലയ്ക്ക് പരാതിയുമായി പോയി.

കയ്യൂരിന്റെ വിപ്ളവ സ്മരണകളിരമ്പുന്ന തൃക്കരിപ്പൂരില്‍ സിറ്റിങ് എംഎല്‍എ കെ കുഞ്ഞിരാമന് അഞ്ചുവര്‍ഷത്തെ വികസന നേട്ടങ്ങള്‍തന്നെയാണ് മുതല്‍ക്കൂട്ട്. നിരവധി തര്‍ക്കങ്ങള്‍ക്കൊടുവില്‍ സീറ്റ് ലഭിച്ച യുഡിഎഫിലെ കെ വി ഗംഗാധരന് ഡിസിസി പ്രസിഡന്റുള്‍പ്പെടെ ഭൂരിപക്ഷം കോണ്‍ഗ്രസുകാരും എതിരാണ്.
(എം ഒ വര്‍ഗീസ്)

ദേശാഭിമാനി

1 comment:

  1. മുന്നണികളുടെ വിജയത്തിനപ്പുറം രാഷ്ട്രീയ പ്രാധാന്യം കൈവന്ന തെരഞ്ഞെടുപ്പാണ് അത്യുത്തര കേരളത്തിലേത്.നാടിന്റെ മതേതര, സൌഹൃദഭാവം സംരക്ഷിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് ഭാഷാസംഗമ ഭൂമി. വര്‍ഗീയശക്തികള്‍ സ്വാധീനം ചെലുത്തുന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബിജെപിയുടെയും ലീഗിന്റെയും വിഷലിപ്ത വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് തിരിച്ചടിനല്‍കാനുള്ള തയ്യാറെടുപ്പിലാണ് ജനാധിപത്യ വിശ്വാസികള്‍. ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ഒഴികെ നാല് സീറ്റും നേടിയാണ് ഇടതുപക്ഷം വിജയക്കൊടി പാറിച്ചത്. അതാവര്‍ത്തിക്കുമെന്നാണ് പ്രചാരണരംഗം നല്‍കുന്ന വ്യക്തമായ സൂചന. പാര്‍ലമെന്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ ഫലം ഇതിന് അടിവരയിടുന്നു.

    ReplyDelete