Monday, April 4, 2011

ഇന്ത്യാവിഷനില്‍ മുനീറിന്റെ സമാന്തര കമ്പനിക്ക് 8.2 കോടിരൂപ

ഇന്ത്യാവിഷന്‍ ചാനലില്‍ നിന്ന് 8.2 കോടി രൂപയുടെ ഓഹരി, കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ എം കെ മുനീര്‍, താനും ഭാര്യയും ചേര്‍ന്നുണ്ടാക്കിയ സ്വകാര്യ കമ്പനിയിലേക്ക് മാറ്റി. ടി വി ചാനല്‍ നടത്തുന്ന ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സില്‍ തനിക്ക് നാമമാത്ര ഓഹരിയേയുള്ളുവെന്നും ചെയര്‍മാന്‍ പദവി ആലങ്കാരികമാണെന്നും മുനീര്‍ അവകാശപ്പെടുമ്പോഴാണ് അദ്ദേഹത്തിന് ഇന്ത്യാവിഷന്‍ എട്ടുകോടി ഇരുപത് ലക്ഷത്തിന്റെ ഓഹരി കൈമാറുന്നത്.

2008 ജൂണിലാണ് മുനീര്‍ സമാന്തരമായി മറ്റൊരു കമ്പനി റജിസ്റ്റര്‍ ചെയ്തത്. മുനീര്‍ ചെയര്‍മാനായുള്ള പബ്ളിക് ലിമിറ്റഡ് കമ്പനിയുടെ പേര് ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് ആണെങ്കില്‍ മുനീറും ഭാര്യയും ചേര്‍ന്ന് ഉണ്ടാക്കിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേര് 'ഇന്ത്യാവിഷന്‍ ടെലികാസ്റ്റിങ് എന്റര്‍പ്രൈസസ്' എന്നാണ്. മുനീര്‍, ഭാര്യ നഫീസ തോട്ടത്തില്‍, ജമാലുദ്ദീന്‍ ഫാറൂഖി എന്നിവരാണ് കമ്പനിയുടെ ഡയരക്ടര്‍മാര്‍. ഇതില്‍ മുനീറിന് 75 ശതമാനവും നഫീസക്ക് 20 ശതമാനവും മുനീറിന്റെ പാര്‍ശ്വവര്‍ത്തിയും ഇന്ത്യാവിഷന്റെ റസിഡന്റ് ഡയരക്ടറുമായ ജമാലുദ്ദീന്‍ ഫാറൂഖിക്ക് 5 ശതമാനവും ഓഹരി.

ഇന്ത്യാവിഷന്‍ 2000-ത്തില്‍ രൂപീകരിക്കുമ്പോള്‍ മുനീറിന് 6.1 ലക്ഷത്തിന്റെ ഓഹരിയാണുണ്ടായിരുന്നത്. 10 രൂപ മുഖവിലയുള്ള 6,100 ഓഹരികകള്‍. അതിന് ശേഷം മുനീറിന് ഇന്ത്യാവിഷനില്‍ എങ്ങനെ ഇത്രയധികം ഓഹരി ഉണ്ടായി എന്നതാണ് ദുരൂഹം. ഇന്ത്യാവിഷന്റെ രേഖകള്‍ പ്രകാരം, 2010 മാര്‍ച്ച് 30ന് മൂന്ന് തവണയായി 55 ലക്ഷം ഓഹരിയാണ് മുനീറിന്റെ പുതിയ കമ്പനിയിലേക്ക് മാറ്റിയത്. പിറ്റേ ദിവസം 27,04,195 ഓഹരി കൂടി മാറ്റി. മൊത്തം 82.04 ലക്ഷം ഓഹരികള്‍. 10 രൂപ മുഖവിലയനുസരിച്ച് 8.2 കോടി രൂപയുടെ നിക്ഷേപം. ഇത്രയും തുക മുനീറിന് എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമല്ല. 2010 മാര്‍ച്ചിന് ശേഷം മുനീര്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാനും എംഡിയും മാത്രമല്ല, വലിയ ഓഹരിയുള്ള രണ്ടോ മൂന്നോ പേരില്‍ ഒരാളാണ്. ഇത്രയും ഓഹരി കൈവശമുള്ളതുകൊണ്ട് ഇന്ത്യാവിഷനെ ഏതുനിലയിലും കൈകാര്യം ചെയ്യാന്‍ മുനീറിന് കഴിയും.

യുഡിഎഫ് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു കാലത്താണ് മുനീര്‍ ഇന്ത്യാവിഷനില്‍ വലിയ തുക നിക്ഷേപിക്കുന്നത്. അതിന് കണക്ക് സൂക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് പിന്നീട് വിയര്‍പ്പ് ഓഹരി എന്ന നിലയില്‍ എട്ടുകോടിയോളം രൂപയുടെ ഓഹരി മുനീറിന് കൈമാറാന്‍ ഏതാനും വര്‍ഷം മുമ്പ് ഡയരക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്. ഗള്‍ഫില്‍ നിന്നും നാട്ടില്‍ നിന്നും പിരിച്ചുണ്ടാക്കിയ ചെറിയ നിക്ഷേപം കൊണ്ടാണ് ഇന്ത്യാവിഷന്റെ തുടക്കം. മുവായിരം ചെറുകിട നിക്ഷേപകരുണ്ടെന്നാണ് കണക്ക്. അവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് മുനീര്‍ 8.2 കോടി രൂപയുടെ ഓഹരി കൈവശപ്പെടുത്തിയത്. ഇന്ത്യാവിഷന്‍ നിലവിലുള്ളപ്പോള്‍, സാമ്യമുള്ള പേരില്‍ മറ്റൊരു സ്വന്തം കമ്പനി രൂപീകരിച്ചതിന്റെ അധാര്‍മികതയും ചോദ്യമായി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യാവിഷന്‍ എന്ന ബ്രാന്‍ഡ് പത്തുവര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്തതാണെന്ന് അവകാശപ്പെടുന്നവര്‍ തന്നെ, ആ പേരില്‍ സ്വന്തം കമ്പനിയുണ്ടാക്കിയതിന്റെ പിന്നിലെ ലക്ഷ്യമാണ് ചെറുകിട ഓഹരി ഉടമകള്‍ക്ക് പിടികിട്ടാത്തത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് മുനീറിന്റെ ദുരൂഹ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഇത്രയും നിക്ഷേപം നടത്താന്‍ എവിടെ നിന്ന് പണം കിട്ടിയെന്ന് മുനീര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മുനീര്‍ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുനീര്‍ തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ ആസ്തിയുടെ കണക്കില്‍ പുതിയ കമ്പനിയിലുള്ള ഓഹരി പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥ നിക്ഷേപം അദ്ദേഹം മറച്ചുവച്ചു. മുനീറിനും ഭാര്യക്കും കൂടി ഏഴര കോടിയിലധികം രൂപയുടെ (ജമാലുദ്ദീന്‍ ഫാറൂഖിയുടെ 5 ശതമാനം കിഴിച്ചാല്‍) ഓഹരിയുണ്ടെങ്കിലും 45 ലക്ഷം രൂപയുടെ ഓഹരി മാത്രമാണ് കാണിച്ചത്. വന്‍നഷ്ടത്തിലാണെങ്കിലും 10 രൂപ മുഖവിലയുള്ള ഇന്ത്യാവിഷന്റെ ഓഹരിക്ക് ഇപ്പോള്‍ 100 രൂപയുടെ മൂല്യമുണ്ടെന്ന ചാനല്‍ അധികൃതര്‍ അവകാശപ്പെടുന്നു. അത് ശരിയാണെങ്കില്‍ 10 രൂപ മുഖവിലയ്ക്ക് മുനീറും ഭാര്യയും ഓഹരികള്‍ കൈയടക്കിയതെങ്ങനെയെന്ന് വ്യക്തമല്ല. കമ്പനി റജിസ്ട്രാര്‍ക്ക് നല്‍കിയ രേഖകളില്‍ മുനീറിന്റെ ഭാര്യ നഫീസയുടെ വിലാസം തിരുവനന്തപുരത്ത് മന്ത്രിമന്ദിരത്തിന്റേതാണ്. എന്നാല്‍, കമ്പനി രജിസ്റ്റര്‍ ചെയ്ത 2008 ല്‍ മുനീര്‍ മന്ത്രിയല്ല.

ദേശാഭിമാനി 040411

മറ്റൊരു പോസ്റ്റ്


മുനീറിന്റെ വരുമാന സ്രോതസ് വെളിപ്പെടുത്തണം

1 comment:

  1. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് മുനീറിന്റെ ദുരൂഹ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഇത്രയും നിക്ഷേപം നടത്താന്‍ എവിടെ നിന്ന് പണം കിട്ടിയെന്ന് മുനീര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മുനീര്‍ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുനീര്‍ തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ ആസ്തിയുടെ കണക്കില്‍ പുതിയ കമ്പനിയിലുള്ള ഓഹരി പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥ നിക്ഷേപം അദ്ദേഹം മറച്ചുവച്ചു. മുനീറിനും ഭാര്യക്കും കൂടി ഏഴര കോടിയിലധികം രൂപയുടെ (ജമാലുദ്ദീന്‍ ഫാറൂഖിയുടെ 5 ശതമാനം കിഴിച്ചാല്‍) ഓഹരിയുണ്ടെങ്കിലും 45 ലക്ഷം രൂപയുടെ ഓഹരി മാത്രമാണ് കാണിച്ചത്. വന്‍നഷ്ടത്തിലാണെങ്കിലും 10 രൂപ മുഖവിലയുള്ള ഇന്ത്യാവിഷന്റെ ഓഹരിക്ക് ഇപ്പോള്‍ 100 രൂപയുടെ മൂല്യമുണ്ടെന്ന ചാനല്‍ അധികൃതര്‍ അവകാശപ്പെടുന്നു. അത് ശരിയാണെങ്കില്‍ 10 രൂപ മുഖവിലയ്ക്ക് മുനീറും ഭാര്യയും ഓഹരികള്‍ കൈയടക്കിയതെങ്ങനെയെന്ന് വ്യക്തമല്ല. കമ്പനി റജിസ്ട്രാര്‍ക്ക് നല്‍കിയ രേഖകളില്‍ മുനീറിന്റെ ഭാര്യ നഫീസയുടെ വിലാസം തിരുവനന്തപുരത്ത് മന്ത്രിമന്ദിരത്തിന്റേതാണ്. എന്നാല്‍, കമ്പനി രജിസ്റ്റര്‍ ചെയ്ത 2008 ല്‍ മുനീര്‍ മന്ത്രിയല്ല.

    ReplyDelete