കൊച്ചി: വികസനകേരളത്തിന്റെ കവാടമായ എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഇടതുമുന്നണി ശക്തമായ മേല്‍ക്കൈ നേടിക്കഴിഞ്ഞു. യു ഡി എഫിന്റെ കുത്തകമണ്ഡലങ്ങള്‍ തകര്‍ത്ത് 2006-ല്‍ ഇടതുമുന്നണിക്കൊപ്പം അണിനിരന്ന ജില്ലയില്‍ വീണ്ടും വിജയം ആവര്‍ത്തിക്കപ്പെടുമെന്ന സൂചനകള്‍ ഉടനീളം പ്രകടമാണ്. 2006-ല്‍ ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളില്‍ പത്തിലും വിജയപതാക പാറിച്ച ഇടതുമുന്നണി കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് വ്യാവസായിക ജില്ലയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് ഈ പ്രതീക്ഷകളുടെയെല്ലാം അടിസ്ഥാനം. ജില്ലയിലുടനീളം വികസനം ചര്‍ച്ചയാക്കി ഇടതുമുന്നണി മുന്നേറുേമ്പാള്‍ യു ഡി എഫ് പ്രതിരോധിക്കാനാകാതെ വിഷമിക്കുകയാണ്. ജനങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത വിവാദങ്ങളുയര്‍ത്തിക്കൊണ്ടുവരാന്‍ യു ഡി എഫ് ശ്രമിക്കുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്താണ് ഇടതുമുന്നണി മുന്നേറുന്നത്. ഇടതുമുന്നണിയുടെ പ്രചാരണസമ്മേളനങ്ങള്‍ ജനകീയമായി മാറുന്നത് യു ഡി എഫ് കേന്ദ്രങ്ങളെ ഭീതിയിലാഴ്ത്തുന്നു.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് അനുകൂലമായി വിധിയെഴുതിയ ജനം യു ഡി എഫിനെ അപ്പാടെ തിരസ്‌കരിക്കുന്ന കാഴ്ചയായിരുന്നു 2006-ലെ തിരഞ്ഞെടുപ്പില്‍ കാണാന്‍കഴിഞ്ഞത്. ജില്ലയില്‍ മേധാവിത്വം വീണ്ടെടുത്ത ഇടതുമുന്നണിക്ക് അത് നിലനിര്‍ത്താന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനും കഴിഞ്ഞു. ഇത്തവണ നാല് നിയോജകമണ്ഡലങ്ങള്‍ മണ്ഡലപുനര്‍നിര്‍ണയത്തോടെ ഇല്ലാതായെങ്കിലും പുതുതായി നാലെണ്ണം രൂപീകരിക്കപ്പെട്ടേതാടെ ജില്ലയിലെ മണ്ഡലങ്ങളുടെ എണ്ണം പഴയപടി 14-ല്‍തന്നെയാണ്. പള്ളുരുത്തി, മട്ടാഞ്ചേരി, വടക്കേക്കര, ഞാറയ്ക്കല്‍ എന്നിവയാണ് ഇല്ലാതായ മണ്ഡലങ്ങള്‍. ഇവയ്ക്കുപകരം തൃക്കാക്കര, കളമശ്ശേരി, വൈപ്പിന്‍, കൊച്ചി എന്നീ പുതിയ മണ്ഡലങ്ങള്‍ രൂപീകരിക്കപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി 14 മണ്ഡലങ്ങളില്‍ അഞ്ചിടത്ത് പുരുഷവോട്ടര്‍മാരാണ് വനിതകളെക്കാള്‍ മുന്നില്‍.
ദേശീയനേതാക്കളുടെ സാന്നിധ്യംകൊണ്ട് ജില്ലാപ്രചാരണരംഗത്ത് വന്‍ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍, സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍, സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി പി ഐ നേതാക്കളായ കെ ഇ ഇസ്മയില്‍, കെ പി രാജേന്ദ്രന്‍, വി പി ഉണ്ണികൃഷ്ണന്‍, ടി പുരുഷോത്തമന്‍, സി പി എം ദേശീയനേതാക്കളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളെല്ലാം ജില്ലയില്‍ പര്യടനം നടത്തിക്കഴിഞ്ഞു. യു ഡി എഫിനുവേണ്ടി ദേശീയനേതാക്കളായ എ കെ ആന്റണിയും വയലാര്‍ രവിയും ജില്ലയില്‍ പര്യടനം നടത്തിയെങ്കിലും കാര്യമായ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കൊച്ചിയിലെത്തി ഒരു രാത്രി തങ്ങിയെങ്കിലും ജില്ലയില്‍ പ്രചാരണം നടത്താതെ രമേശ് ചെന്നിത്തല മത്‌സരിക്കുന്ന ഹരിപ്പാട് ഉള്‍പ്പെടെയുള്ള മറ്റുജില്ലകളിലേക്കാണ് പോയത്. ബി ജെ പി പ്രമുഖരായ ആരെയും ജില്ലയില്‍ സ്ഥാനാര്‍ഥിയാക്കിയിട്ടില്ല. ജില്ലയില്‍നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ മത്‌സരിക്കുന്നത് തൃശൂര്‍ ജില്ലയിലാണ്.
കഴിഞ്ഞ അഞ്ച്‌വര്‍ഷത്തിനിടയിലുണ്ടായ വികസനമുന്നേറ്റമാണ് ഇടതുമുന്നണിയുടെ പ്രചാരണായുധം. സ്മാര്‍ട്ട്‌സിറ്റിയും വല്ലാര്‍പാടം ടെര്‍മിനലും ഉള്‍പ്പെടെ വന്‍കിട വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ആരോഗ്യ-വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യവികസനങ്ങള്‍വരെയുള്ള നിരവധികാര്യങ്ങള്‍ ഇടതുസര്‍ക്കാരിന്റെ കിരീടത്തിലെ പൊന്‍തൂവലുകളാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ വികസനമുന്നേറ്റത്തിനൊപ്പം പോകാന്‍കഴിയാതിരുന്ന യു ഡി എഫ് എം എല്‍ എമാര്‍ക്ക് പ്രചാരണരംഗത്ത് ഉത്തരംമുട്ടുന്ന കാഴ്ചയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച 12 എം എല്‍ എമാരും ജനവിധി തേടുന്നുവെന്നതും പ്രത്യേകതയാണ്.
സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എം പിയുമായ പന്ന്യന്‍ രവീന്ദ്രന്റെ സ്ഥാനാര്‍ഥിത്വംകൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് പറവൂര്‍. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കായിരുന്നു പറവൂരില്‍ ഭൂരിപക്ഷം. ഇടതുചായ്‌വ് നഷ്ടപ്പെട്ടിട്ടില്ലാത്ത പറവൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പന്ന്യന്‍ രവീന്ദ്രന്‍ എത്തിയതോടെ സിറ്റിംഗ് എം എല്‍ എ വി ഡി സതീശന്റെ വിജയമോഹങ്ങള്‍ക്ക് മങ്ങലേറ്റു. പറവൂരിന് അന്യനല്ലെന്നും അഴിമതിക്കും സ്വജനപക്ഷപാതതിനും അന്യനായ വ്യക്തിയാണ് താനെന്നും വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ പന്ന്യന് കഴിഞ്ഞു. ലോട്ടറി കേസ് ഉയര്‍ത്തിപ്പിടിച്ചുനടന്ന വി ഡി സതീശന് അവസാനനിമിഷം പുറത്തുവന്ന വസ്തുതകളും കോടതി പരാമര്‍ശങ്ങളും വിനയായിത്തീര്‍ന്നിരിക്കുകയാണ്. പേര് നിലനിര്‍ത്തിയെങ്കിലും അതിരുകളില്‍ കാര്യമായ മാറ്റം വന്നിട്ടുള്ള പറവൂര്‍ മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ എം എല്‍ എമാര്‍ തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോഴുമുള്ളതെന്നും യു ഡി എഫിന് തലവേദന സൃഷ്ടിക്കുകയാണ്.
കേന്ദ്രമന്ത്രിസ്ഥാനം ലക്ഷ്യമാക്കി കെ വി തോമസ് രാജിവച്ച് ഒഴിഞ്ഞ എറണാകുളത്ത് പിന്‍ഗാമിയായി എത്തിയ ഡൊമിനിക് പ്രസന്റേഷന്‍ മണ്ഡലത്തില്‍ കാര്യമായി ഒന്നുംചെയ്യാന്‍ കഴിയാത്തതുതന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെയും പ്രശ്‌നം. എറണാകുളം നിവാസികള്‍ക്ക് പരിചിതനും വികസനരംഗത്ത് ദീര്‍ഘദൂര കാഴ്ചപ്പാടുമുള്ള മുന്‍ എം പി സെബാസ്റ്റിയന്‍പോളാണ് ഹൈബിയെ നേരിടുന്ന ഇടതുസാരഥി. മെട്രോ റയില്‍ പദ്ധതിക്കുവേണ്ടി നേതൃപരമായ പങ്ക്‌വഹിക്കാന്‍ കഴിയാതെപോയതും അടിസ്ഥാനസൗകര്യവികസനത്തില്‍ എറണാകുളത്തെ പിന്നോട്ടടിച്ചതിനും ഉത്തരംപറയേണ്ട ഗതികേടിലാണ് യു ഡി എഫ്. എറണാകുളം വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, ജനറല്‍ ആശുപത്രിയുള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഇടതുമുന്നണിയുടെ നേട്ടങ്ങളാണ്. യു ഡി എഫ് സ്ഥാനാര്‍ഥി ഹൈബിയുടെ യുവത്വത്തിനും പാരമ്പര്യത്തിനും മുന്നില്‍ സെബാസ്റ്റിയന്‍പോളിന്റെ പരിചയസമ്പന്നതയും വ്യക്തിത്വവും തന്നെ വിജയംനേടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ഗതാഗതരംഗത്ത് വന്‍മുന്നേറ്റം കുറഞ്ഞ കാലയളവില്‍ സൃഷ്ടിച്ച ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ മത്‌സരിക്കുന്ന അങ്കമാലി ഇക്കുറിയും ഇടതിനൊപ്പമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 6094 വോട്ടിന് സിറ്റിംഗ് എം എല്‍ എ പി ജെ ജോയിയെ തോല്‍പിച്ച ജോസ് തെറ്റയില്‍ മണ്ഡലത്തിലുടനീളം കാര്യമായ മാറ്റംതന്നെ സൃഷ്ടിച്ചു. ഒപ്പം രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നതിലെ ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ചുവെന്നത് തെറ്റയിലിന് അംഗീകാരം നേടിക്കൊടുത്തിരിക്കുകയാണ്. മൂവാറ്റുപുഴയ്ക്കുവേണ്ടി വാശിപിടിച്ച് നിന്ന് കേരള കോണ്‍ഗ്രസ് ജേക്കബ്‌വിഭാഗം നേതാവ് ജോണി നെല്ലൂര്‍ ഗത്യന്തരമില്ലാതെയാണ് അങ്കമാലിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരിക്കുന്നത്. കോണ്‍ഗ്രസുകാരുടെ അപ്രിയം തന്നെയാണ് ജോണി നെല്ലൂരിന് ഇവിടെ അസ്വസ്ഥത സൃഷ്ടിക്കുന്നതും.
ജോണി നെല്ലൂരിനെ 2006-ല്‍ 13225 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി നിയമസഭയിലെത്തിയ ഇടതുമുന്നണി സ്ഥാനാര്‍ഥി ബാബുപോളിനെ നേരിടാന്‍ ഇക്കുറി കോണ്‍ഗ്രസ്‌നേതാവ് ജോസഫ് വാഴയ്ക്കനാണ് മുവാറ്റുപുഴയില്‍ എത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി വോട്ട്‌ചോദിക്കുന്ന ബാബുപോളില്‍ ജനം നല്‍കുന്ന പ്രതീക്ഷ പ്രചാരണരംഗത്തും പ്രകടമാണ്. ഗ്രൂപ്പിന്റെ വക്താവായി എത്തിയതും കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാത്തതുമെല്ലാം പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളായി അവസാന നിമിഷവും ജോസഫ് വാഴയ്ക്കന് മുന്നിലുണ്ട്.
മത്‌സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമണ്ഡലമായ വൈപ്പിനില്‍ ജനവിധി തേടുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി തീരദേശത്തിന്റെ പ്രിയപ്പെട്ട മന്ത്രിയായ എസ് ശര്‍മയാണെന്നതാണ് യു ഡി എഫിന്റെ വേവലാതി. സ്ഥാനാര്‍ഥിക്കുപ്പായവും തയ്പ്പിച്ച് കാത്തുനിന്ന പലരെയും വെട്ടിമാറ്റിയാണ് വയലാര്‍ രവി ഗ്രൂപ്പുകാരനായ അജയ് തറയില്‍ ഇവിടെ സ്ഥാനാര്‍ഥിയായത്. അജയ് തറയിലിന് സ്ഥാനാര്‍ഥിത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിലെ ഇതരഗ്രൂപ്പുകാരും ഐ എന്‍ ടി യു സി പ്രവര്‍ത്തകരും തെരുവിലിറങ്ങിയതിന്റെ അലയടി ഇപ്പോഴും നിലച്ചിട്ടില്ല. ഇല്ലാതായ മണ്ഡലമായ വടക്കേക്കരയില്‍നിന്ന് 3074 വോട്ടിന്റെ ഭൂരിപക്ഷത്തിന് നിയമസഭയിലെത്തി മന്ത്രിയായ എസ് ശര്‍മ നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍തന്നെയാണ് അദ്ദേഹത്തിന് കൂടുതല്‍ കരുത്തേകുന്നത്.
പെരുമ്പാവൂരില്‍ രണ്ടുവട്ടം വിജയിച്ച ഇടതുമുന്നണി സ്ഥാനാര്‍ഥി സാജു പോളിനെ നേരിടാന്‍ കോണ്‍ഗ്രസ് ഏറെ വൈകി രംഗത്തുകൊണ്ടുവന്നത് പുതുമുഖമായ ജെയ്‌സണ്‍ ജോസഫിനെയാണ്. മണ്ഡലത്തിലെ സുപരിചിതനും വികസനത്തിന്റെ വക്താവുമായ സാജുപോള്‍ മൂന്നാംതവണയും പോരിനിറങ്ങുമ്പോള്‍ ഇടതുപാളയത്തില്‍ തെല്ലും ആശങ്കകള്‍ ഇല്ല. കഴിഞ്ഞതവണ 12461 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിയമസഭയിലെത്തിയ സാജുപോളിന്റെ ഭൂരിപക്ഷം ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് പ്രവര്‍ത്തകര്‍ പരിശ്രമിക്കുന്നത്.
കോണ്‍ഗ്രസ് കുത്തക അവകാശപ്പെട്ടിരുന്ന ആലുവയില്‍ കഴിഞ്ഞതവണ 4243 വോട്ടിന്റെ ഭൂരിപക്ഷത്തിന് അട്ടിമറിവിജയം നേടിയ എ എം യൂസഫിലൂടെതന്നെ വീണ്ടും വിജയം ആവര്‍ത്തിക്കാനാണ് ഇടതുമുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍. എം എം ഹസന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്ക് ആശകൊടുത്തശേഷം പുതുമുഖം അന്‍വര്‍ സാദത്തിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. മണ്ഡലത്തില്‍ വികസനമുരടിപ്പിന് അറുതിവരുത്താന്‍ തുടക്കംകുറിച്ച എ എം യൂസഫ് തന്റെ വികസനനേട്ടങ്ങള്‍തന്നെയാണ് ഇവിടെ പ്രചാരണായുധമാക്കുന്നത്.
വ്യവസായശാലകളുടെ ഭൂമിയില്‍ ഉദയംകൊണ്ട കളമശ്ശേരി മണ്ഡലത്തില്‍ പോരാട്ടം തൊഴിലാളികള്‍ക്ക് പ്രിയങ്കരനായ നേതാവും മുന്‍ എം പിയുമായ കെ ചന്ദ്രന്‍പിള്ളയും മുസ്‌ലിംലീഗ് എംഎല്‍എയും മുന്‍ വ്യവസായമന്ത്രിയുമായ ഇബ്രാഹിംകുഞ്ഞും തമ്മിലാണ്. തൊഴിലാളികള്‍ക്കിടയില്‍ എപ്പോഴും പ്രവര്‍ത്തിക്കുന്ന ചന്ദ്രന്‍പിള്ളയ്ക്കും രാജ്യസഭാംഗം എന്ന നിലയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും തുണയാവുകയാണ്. പരാജയഭീതികൊണ്ട് രണ്ടുതവണ വിജയിപ്പിച്ച പശ്ചിമകൊച്ചിയെ ഉപേക്ഷിച്ച് കളമശ്ശേരിയില്‍ ചേക്കേറിയ ഇബ്രാഹിംകുഞ്ഞിന്റെ മുന്നിലെ പ്രധാന വെല്ലുവിളി ലീഗിലെ ഗ്രൂപ്പ്‌പോരുതന്നെയാണ്.
സിറ്റിംഗ് എം എല്‍ എ ഇബ്രാഹിംകുഞ്ഞ് മണ്ഡലം കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ചുനില്‍ക്കുന്ന ലീഗുകാരെയും എറണാകുളം മതിയെന്ന് വാശിപിടിച്ചിരുന്ന ഡൊമിനിക് പ്രസന്റേഷനെ സ്ഥാനാര്‍ഥിയാക്കിയതിലും പ്രതിഷേധം അടങ്ങാത്ത കൊച്ചി മണ്ഡലത്തില്‍ കൊച്ചി വികസന അതോറിറ്റിയുടെ ചെയര്‍പേഴ്‌സന്‍കൂടിയായ ജോസഫൈനാണ് ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി. ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും ജി സി ഡി എ ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലെ പ്രവര്‍ത്തനങ്ങളുമാണ് ജോസഫൈന്റെ കരുത്ത്.
പഴയ തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ ഭാഗങ്ങളും പഴയ പള്ളുരുത്തി മണ്ഡലത്തിന്റെ ഭാഗങ്ങളും കൂട്ടിയോജിപ്പിച്ച് രൂപീകരിച്ച പുതിയ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ജനവിധിതേടുന്നത് രണ്ട് മണ്ഡലത്തിന്റെയും എം എല്‍ എമാര്‍തന്നെയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എം എല്‍ എ എന്ന നിലയിലെ പ്രവര്‍ത്തനവും കോര്‍പ്പറേഷന്‍ മേയര്‍ എന്ന നിലയില്‍ കാണിച്ച ഭരണപാടവവും കൈമുതലായുള്ള സി എം ദിനേശ്മണിക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ കെ ബാബുവിന് കാലിടറുന്ന കാഴ്ചയാണ് പ്രചാരണരംഗത്ത് കാണാന്‍കഴിയുന്നത്. 20 വര്‍ഷമായി എം എല്‍ എയായി തുടരുന്ന കെ ബാബുവിന് ഇപ്പോഴും അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതും സ്വന്തം പാര്‍ട്ടിയിലെ എതിര്‍പ്പുമാണ് വിനയായിരിക്കുന്നത്.
ഐ ടി ഹബ്ബായി മാറിക്കഴിഞ്ഞ തൃക്കാക്കര ഇടതുപക്ഷത്തിന്റെ വികസനമുന്നേറ്റത്തിന്റെ മകുടോദാഹരണമാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാസഹകരണബാങ്ക് മെമ്പര്‍ തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജനകീയനേതാവ് പരിവേഷം തന്നെയാണ് തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ഥി എം ഇ ഹസൈനാരുടെ നേട്ടം. യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നിബഹനാന് ഹസൈനാരുടെ ജനകീയതയ്ക്കുമുന്നില്‍ അടിയറവുപറയേണ്ട അവസ്ഥയാണ്.
കഴിഞ്ഞതവണ കേരള കോണ്‍ഗ്രസിലെ ടി എം ജേക്കബിന്റെ കുത്തക 5150 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തകര്‍ത്ത എം ജെ ജേക്കബ്തന്നെയാണ് പിറവം മണ്ഡലത്തില്‍ ഇടതുമുന്നേറ്റം സൃഷ്ടിക്കുന്നത്. കുത്തകമണ്ഡലത്തില്‍ വികസനമുന്നേറ്റം സൃഷ്ടിച്ചതിലൂടെ എം ജെ ജേക്കബ് നേടിയ വിശ്വാസ്യതയെ മറികടക്കാനാകാതെ വിഷമിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ടി എം ജേക്കബ്.
രാഷ്ട്രീയവഞ്ചനയുടെ പാപഭാരവും പേറി ജനങ്ങളെ സമീപിക്കുന്ന കേരളാ കോണ്‍ഗ്രസിന്റെ ടി യു കുരുവിള വീണ്ടും ജനവിധിതേടാന്‍ എത്തുന്ന കോതമംഗലം മണ്ഡലത്തില്‍ രാഷ്ട്രീയമൂല്യം കാത്തുസൂക്ഷിക്കാന്‍ ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം േനതാവ് സ്‌കറിയ തോമസാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി. ടി യു കുരുവിളയ്ക്കും പി ജെ ജോസഫിനുമെതിരെ അണിനിരന്ന കോണ്‍ഗ്രസ് യുവനിരതന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പേടിസ്വപ്‌നവും. കഴിഞ്ഞതവണ 2057 വോട്ടിലൂടെ ഇടതുമുന്നണിയിലെ എം എം മോനായി ആധിപത്യംനേടിയ കുന്നത്തുനാട് സംവരണമണ്ഡലമായി മാറിയിരിക്കുകയാണ്. ഇവിടെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി എം എ സുരേന്ദ്രന്‍ പ്രചാരണരംഗത്ത് ഏറെ മുന്നിലാണ്. വികസനതുടര്‍ച്ചതേടി ജനങ്ങള്‍ക്കിടയിലേക്കുവരുന്ന എം എ സുരേന്ദ്രനുമുന്നില്‍ യു ഡി എഫ് സ്ഥാനാര്‍ഥി വി പി സജീന്ദ്രന്‍ ഏറെ വിയര്‍ക്കുകയാണ്.
ജലീല്‍ അരൂക്കുറ്റി ജനയുഗം 090411
വികസനകേരളത്തിന്റെ കവാടമായ എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഇടതുമുന്നണി ശക്തമായ മേല്‍ക്കൈ നേടിക്കഴിഞ്ഞു. യു ഡി എഫിന്റെ കുത്തകമണ്ഡലങ്ങള്‍ തകര്‍ത്ത് 2006-ല്‍ ഇടതുമുന്നണിക്കൊപ്പം അണിനിരന്ന ജില്ലയില്‍ വീണ്ടും വിജയം ആവര്‍ത്തിക്കപ്പെടുമെന്ന സൂചനകള്‍ ഉടനീളം പ്രകടമാണ്. 2006-ല്‍ ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളില്‍ പത്തിലും വിജയപതാക പാറിച്ച ഇടതുമുന്നണി കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് വ്യാവസായിക ജില്ലയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് ഈ പ്രതീക്ഷകളുടെയെല്ലാം അടിസ്ഥാനം. ജില്ലയിലുടനീളം വികസനം ചര്‍ച്ചയാക്കി ഇടതുമുന്നണി മുന്നേറുേമ്പാള്‍ യു ഡി എഫ് പ്രതിരോധിക്കാനാകാതെ വിഷമിക്കുകയാണ്. ജനങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത വിവാദങ്ങളുയര്‍ത്തിക്കൊണ്ടുവരാന്‍ യു ഡി എഫ് ശ്രമിക്കുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്താണ് ഇടതുമുന്നണി മുന്നേറുന്നത്. ഇടതുമുന്നണിയുടെ പ്രചാരണസമ്മേളനങ്ങള്‍ ജനകീയമായി മാറുന്നത് യു ഡി എഫ് കേന്ദ്രങ്ങളെ ഭീതിയിലാഴ്ത്തുന്നു.
ReplyDelete