Saturday, April 9, 2011

ഖുറൈഷിമാരുടെ പിന്മുറക്കാരനെ ജനം തിരിച്ചറിയുന്നു

സ്ത്രീകളെ പച്ചയായി കുഴിച്ചുമൂടിയിരുന്ന കാലഘട്ടത്തില്‍ ദുഷ്‌ചെയ്തികള്‍ക്കെതിരെ സമൂഹമനസ്സാക്ഷിയെ ഉണര്‍ത്താനാണ് പ്രവാചകന്‍ അവതരിച്ചത്. മനുഷ്യമോചനത്തിന്റെ മാര്‍ഗമാണ് ഇസ്‌ലാം. അന്ന് പ്രവാചകനെ ഖുറൈഷിമാര്‍ കല്ലെറിഞ്ഞു. ഇന്ന് ആ ഖുറൈഷിമാരുടെ പിന്മുറക്കാര്‍ പ്രവാചകന്റെ വേഷം കെട്ടുകയാണ്. കുറ്റിപ്പുറത്തെ ജനങ്ങള്‍ അവരെ തിരിച്ചറിഞ്ഞു. നിങ്ങളും ഇത്തരം വേഷംകെട്ടുകാരെ തിരിച്ചറിയണം കല്ലെറിയണം. നിലയ്ക്കു നിറുത്തണം. വേങ്ങരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ പി ഇസ്മയിലിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍  മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ നാട്ടുകാരുടെ കാതുകളില്‍ വീണ്ടും വീണ്ടും മുഴങ്ങുകയാണ്.

2006-ല്‍ കുറ്റിപ്പുറത്തുകാര്‍ രാഷ്ട്രീയ സദാചാരത്തിനു നല്‍കിയ അംഗീകാരത്തിന്റെ തുടര്‍ച്ച മലപ്പുറം ജില്ലയിലെ നാല് പുതിയ മണ്ഡലങ്ങളിലൊന്നായ വേങ്ങരയിലുണ്ടാകുമോ എന്നാണ് സര്‍വരും ഉറ്റുനോക്കുന്നത്.

കടലുണ്ടിപുഴയും ഊരകംമലയും ഒരുക്കുന്ന ഗ്രാമഭംഗിയുടെ നേര്‍ക്കാഴ്ചകള്‍ തുടിക്കുന്ന വേങ്ങര അക്ഷരാര്‍ഥത്തില്‍ ചുട്ടുപൊളളുന്ന തിരഞ്ഞെടുപ്പ് ചൂടിലാണ്. എളുപ്പത്തില്‍ ജയിച്ചുകയറാമെന്ന് സ്വപ്നം കണ്ട് ഈ പച്ചത്തുരുത്തില്‍ പോരിനിറങ്ങിയ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി  കടലുണ്ടിപുഴതന്നെ കുടിച്ചുവറ്റിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഉരുക്കുകോട്ടയെന്ന് കരുതിയ പല തട്ടകങ്ങളില്‍നിന്നും മണ്ണ് കൂട്ടത്തോടെ ഒഴുകിപ്പോകുന്നതിന് തടയിടയിടുന്നതിനുള്ള അവസാനവട്ട കുതന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് ചീഞ്ഞുനാറിയ വിവാദങ്ങളുടെ സ്വന്തക്കാരന്‍. പരമ്പരാഗത മുസ്‌ലിംലീഗ് തറവാടുകളില്‍നിന്നു പോലും എന്തിനാണ് കുഞ്ഞാലിക്കുട്ടിയെ ഞങ്ങളുടെ തലയില്‍ കെട്ടിവെക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. സ്ത്രീവോട്ടര്‍മാര്‍ കടുത്തഭാഷയിലാണ് പ്രതികരിക്കുന്നത്. വോട്ട് ചോദിച്ച് വീടുകളിലെത്തുന്ന മുസ്‌ലിംലീഗുകാര്‍ വോട്ടര്‍മാരുടെ അതൃപ്തിക്കുമുന്നില്‍ വാക്കുകളില്ലാതെ പതറുന്നു. കുത്തകയെന്ന് വീമ്പടിച്ചവര്‍ വാദമുഖങ്ങളില്‍ നിന്ന് പിന്‍തിരിയുന്നു വെന്ന് മാത്രമല്ല അഹങ്കാരത്തിന് ഒരു ചികിത്സ വേണമെന്ന് അടക്കം പറഞ്ഞുതുടങ്ങി. ചുരുക്കത്തില്‍ വേങ്ങരയുടെ മനസ്സ് പ്രവചിക്കുന്നത് ഓരോദിനം കഴിയുംതോറും ഏറെ പ്രയാസകരമാകുന്ന സ്ഥിതി വിശേഷമാണ് ഉരുത്തിരിയുന്നത്.

പഴയ മലപ്പുറം മണ്ഡലത്തിലെ കണ്ണമംഗലം, ഒതുക്കുങ്ങല്‍, ഊരകം, വേങ്ങര പഞ്ചായത്തുകളും താനൂര്‍ മണ്ഡലത്തിലെ പറപ്പൂര്‍ പഞ്ചായത്തും തിരൂരങ്ങാടി മണ്ഡലത്തിലെ എ ആര്‍ നഗര്‍ പഞ്ചായത്തും ചേര്‍ത്താണ് പുതിയ വേങ്ങര മണ്ഡലം. എല്ലാപഞ്ചായത്തുകളും ഭരിക്കുന്നത് ഏറെക്കുറെ ലീഗ് ഒറ്റക്കാണ്. കഴിഞ്ഞ ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളുടെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാല്‍ ലീഗിന്റെ ഭൂരിപക്ഷം 20000 കവിയും.

യു ഡി എഫ് സംവിധാനം ഫലപ്രദമല്ലാത്ത പഞ്ചായത്തുകളാണ് വേങ്ങരയില്‍ ഏറെയും. കോണ്‍ഗ്രസ്സിനെ ഒരുഘട്ടത്തിലും അംഗീകരിക്കുകയോ, പരിഗണിക്കുകയോ ചെയ്യാത്ത മുസ്‌ലിം ലീഗിന്റെ ഏകാധിപത്യഭരണം നില്‍ക്കുന്ന പഞ്ചായത്തുകള്‍. ലീഗുമായി പിണങ്ങുമ്പോഴും എല്‍ ഡി എഫിനോടൊപ്പം പരസ്യമായി ബന്ധം ഉണ്ടാക്കാന്‍ മടിക്കുന്ന കോണ്‍ഗ്രസുകാര്‍ തന്നെയാണ് കുഞ്ഞാലിക്കുട്ടി സില്‍ബന്തികളുടെ മസ്സില്‍പവറിന് വളം നല്‍കുന്നത്. പറപ്പൂര്‍, വേങ്ങര കണ്ണമംഗലം തുടങ്ങി മിക്കയിടങ്ങളിലും കോണ്‍ഗ്രസ്സും ലീഗും വെവ്വേറെയാണ് പൊറുതി. നല്ലൊരവസരത്തില്‍ മുസ്‌ലിംലീഗിനെ പാഠംപഠിപ്പിക്കണമെന്ന് നിനച്ചിരുന്ന കോണ്‍ഗ്രസ്സുകാരും ഇപ്പോള്‍ വര്‍ധിതവീര്യത്തിലാണ്. സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ തന്നെ ഇരയായി ലഭിച്ചതിന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ മണ്ഡലത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മടിക്കുന്നില്ല. അതുകൊണ്ട് തന്നെ മൊത്തത്തില്‍ കുറ്റിപ്പുറത്തേതുപോലെ വേങ്ങരയിലും ശക്തമായ കുഞ്ഞാലിക്കുട്ടി വിരോധം ആളിക്കത്തുകയാണ്. അടിയൊഴുക്കള്‍ അതിശക്തമാണെന്ന് പറഞ്ഞേമതിയാകൂ.

അസഹിഷ്ണുക്കളായ ലീഗ് പ്രവര്‍ത്തകരുടെ പെരുമാറ്റം തന്നെയാണ് ഈ വായനക്ക് അടിസ്ഥാനം. പലയിടങ്ങളിലും എതിര്‍സ്ഥാനാര്‍ഥി ഐ എന്‍ എല്ലിലെ കെ പി ഇസ്മയിലിന്റെ പ്രചാരണബോര്‍ഡുകളും ചിത്രങ്ങളും ഇവര്‍ നശിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലൂടെ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും ഇക്കാര്യം എളുപ്പത്തില്‍ ബോധ്യമാകും. 2006 ല്‍കുറ്റിപ്പുറത്തും പരാജയഭീതി മൂലം ലീഗുകാര്‍ നടത്തിയ അതേ തറവേലകള്‍ വേങ്ങരയിലും തുടരുന്നു. പക്ഷേ ഇപ്പോഴും കണക്കുകൂട്ടലുകള്‍ പിഴച്ചു. നാല് ലീഗ് ഗുണ്ടകള്‍ കണ്ണുരുട്ടിയാല്‍ വിറക്കുന്നവനല്ല എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ പി ഇസ്മയിലെന്ന് വേങ്ങരക്കാര്‍ക്ക് നന്നായി അറിയാം. മണ്ഡലത്തില്‍ ആഴത്തിലുള്ള കുടുംബബന്ധം ഇസ്മയിലിനുണ്ട്. ഒപ്പം സുഹൃത്ത് വലയവും. എക്കാലത്തും കുഞ്ഞാലിക്കുട്ടിയുടേയും കൂട്ടരുടേയും ബിസ്സിനസ്സ്-മുതലെടുപ്പ് രാഷ്ട്രീയത്തിനെതിരെ പൊരുതിയ നേതാവാണ് ഇസ്മയില്‍.

1921 ലെ മലബാര്‍ കലാപത്തിനിടെ മലപ്പുറം കോട്ടക്കുന്നില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ നിറതോക്കിനുമുന്നില്‍ നെഞ്ചുവരിച്ച് മരണം ഏറ്റുവാങ്ങിയ  മലപ്പുറം കിഴക്കേ പള്ളിക്കല്‍ ഉണ്ണീന്‍കുട്ടിമുസ്ല്യാരുടെ ചെറുമകന്‍ കെ പി ഇസ്മയിലിന് കരളുറപ്പ് പാരമ്പര്യമാണ്. അതുകൊണ്ടുതന്നെ പോരിന്റെ എല്ലാമുഖങ്ങളും കുഞ്ഞാലിക്കുട്ടിയുടെ നമ്പറുകളും നന്നായി അറിയുകയും സമര്‍ഥമായി പ്രതിരോധിക്കുകയും ചെയ്യുന്നു. പ്രവാചകന്റെ വേഷംകെട്ടിയാടുന്ന ഖുറൈഷിമാരുടെ തമ്പൂരാന് അനിവാര്യമായ പതനത്തിന്റെ സൂചനകള്‍ നല്‍കിയാണ് ഇസ്മയിലിന്റെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ പുരോഗമിക്കുന്നത്, വി എസിന്റെ സാന്നിധ്യം പകര്‍ന്ന ആത്മവിശ്വാസത്തിനൊപ്പം സി പി എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്,പൊതുപ്രവര്‍ത്തകയായ അജിത എന്നിവരും വേങ്ങരയില്‍ എത്തുന്നത് മുസ്‌ലിംലീഗിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് തീര്‍ച്ച.

എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍മജീദ് ഫൈസിയും   ബി ജെ പി സ്ഥാനാര്‍ഥിയായി പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് പി സുബ്രഹ്മണ്യനും വേങ്ങരയില്‍ രംഗത്തുണ്ട്. സമുദായത്തിന്റെ പേരില്‍ വോട്ടുതട്ടല്‍ പരിപാടിയാക്കിയ   കുഞ്ഞാലിക്കുട്ടിക്കെതിരെ സദാചാരപരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന എസ് ഡി പി ഐ പ്രചരണത്തില്‍ കാണിക്കുന്ന ആവേശം വോട്ടിംഗിലും തുടര്‍ന്നാല്‍  മുസ്‌ലിംലീഗിനത് ക്ഷീണമുണ്ടാക്കും. എന്നാല്‍ അബ്ദുള്‍മജീദ് ഫൈസിയുടേയും കൂട്ടരുടേയും കുഞ്ഞാലിക്കുട്ടി വരോധത്തിന്റെയും നിലപാടുകളുടേയും ആത്മാര്‍ഥത കണ്ടറിയുകതന്നെ വേണം.
 
സുരേഷ് എടപ്പാള്‍ ജനയുഗം 090411

2 comments:

  1. സ്ത്രീകളെ പച്ചയായി കുഴിച്ചുമൂടിയിരുന്ന കാലഘട്ടത്തില്‍ ദുഷ്‌ചെയ്തികള്‍ക്കെതിരെ സമൂഹമനസ്സാക്ഷിയെ ഉണര്‍ത്താനാണ് പ്രവാചകന്‍ അവതരിച്ചത്. മനുഷ്യമോചനത്തിന്റെ മാര്‍ഗമാണ് ഇസ്‌ലാം. അന്ന് പ്രവാചകനെ ഖുറൈഷിമാര്‍ കല്ലെറിഞ്ഞു. ഇന്ന് ആ ഖുറൈഷിമാരുടെ പിന്മുറക്കാര്‍ പ്രവാചകന്റെ വേഷം കെട്ടുകയാണ്. കുറ്റിപ്പുറത്തെ ജനങ്ങള്‍ അവരെ തിരിച്ചറിഞ്ഞു. നിങ്ങളും ഇത്തരം വേഷംകെട്ടുകാരെ തിരിച്ചറിയണം കല്ലെറിയണം. നിലയ്ക്കു നിറുത്തണം. വേങ്ങരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ പി ഇസ്മയിലിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ നാട്ടുകാരുടെ കാതുകളില്‍ വീണ്ടും വീണ്ടും മുഴങ്ങുകയാണ്.

    2006-ല്‍ കുറ്റിപ്പുറത്തുകാര്‍ രാഷ്ട്രീയ സദാചാരത്തിനു നല്‍കിയ അംഗീകാരത്തിന്റെ തുടര്‍ച്ച മലപ്പുറം ജില്ലയിലെ നാല് പുതിയ മണ്ഡലങ്ങളിലൊന്നായ വേങ്ങരയിലുണ്ടാകുമോ എന്നാണ് സര്‍വരും ഉറ്റുനോക്കുന്നത്.

    ReplyDelete
  2. അജിതയെ ഇവിടെ ലീഗുകാര്‍ പ്രതിരോധിച്ചത് സാംസ്‌കാരിക കേരളത്തിന്‌ ആകെ അപമാനമാണ്....
    ഇങ്ങനെ ആരോപണ വിധേയനായ ഒരാള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നില്ലേ അഭികാമ്യം?
    ഇനി അഥവാ മത്സരിപ്പിക്കണമെന്നു വാശിയുണ്ടെങ്കില്‍ നാട്ടുകാര്‍ പറയുന്നത് ലീഗുകാര്‍ കേട്ടെ പറ്റൂ...

    ReplyDelete