Monday, April 11, 2011

യാഥാര്‍ഥ്യങ്ങള്‍ മറന്ന് അപവാദങ്ങളില്‍ അഭിരമിച്ച്

ഒരു മാസത്തിലധികം നീണ്ട തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കേ, സംസ്ഥാനമൊട്ടാകെ എല്‍ഡിഎഫ് അനുകൂല വികാരം അലയടിക്കുന്നു. അഞ്ചുവര്‍ഷത്തെ ഭരണമികവ് ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് പ്രചാരണം നടത്തിയപ്പോള്‍ രാഷ്ട്രീയം പറയാനാകാതെ വ്യക്തിപരമായ ആക്രമണത്തിലേക്കും അസംബന്ധപ്രചാരണത്തിലേക്കും തരംതാഴുകയായിരുന്നു യുഡിഎഫ്. പ്രകടനപത്രിക ഉയര്‍ത്തിപ്പിടിച്ച് ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങള്‍ അക്കമിട്ട് നിരത്തിയാണ് എല്‍ഡിഎഫ് പ്രചാരണം ആരംഭിച്ചത്. നാടിനെ പിന്നോട്ടടുപ്പിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും അഴിമതിയില്‍ മുങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ നടപടികളും അക്കമിട്ട് നിരത്തിയാണ് എല്‍ഡിഎഫ് മുന്നേറിയത്. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തിനെതിരെ ഒരാരോപണംപോലും ഉന്നയിക്കാനാകാതെ വ്യക്തിപരമായ ആക്രമണത്തിനും കള്ളപ്രചാരണങ്ങള്‍ക്കുമാണ് യുഡിഎഫ് തയ്യാറായത്. ഇതു അവരെ അപഹാസ്യരാക്കി. ആരോപണ വിധേയരായവരെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയതുവഴി എല്‍ഡിഎഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയാനുള്ള അവസരവും യുഡിഎഫിന് നഷ്ടപ്പെട്ടു. പേരിനൊരു പ്രകടനപത്രിക പുറത്തിറക്കിയെങ്കിലും അതു വാചക കസര്‍ത്തുമാത്രമാണെന്നും മുന്‍കാലങ്ങളില്‍ യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികകള്‍ പോലെയായിരുന്നെന്നും ജനം തിരിച്ചറിഞ്ഞു. പത്രികയിലെ ഒരു കാര്യംപോലും പ്രചാരണ വിഷയമാക്കാനോ അതു ഉയര്‍ത്തിക്കാട്ടി വോട്ടു ചോദിക്കാനോ യുഡിഎഫിനു കഴിഞ്ഞില്ല.

കേന്ദ്രമന്ത്രിമാരുടെ നിരതന്നെ യുഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങി. കേന്ദ്രം കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന് വാരിക്കോരി നല്‍കിയെന്നും പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാനത്തിനായില്ലെന്നും മന്ത്രിമാര്‍ തട്ടിവിട്ടു. എന്നാല്‍, നടപ്പാക്കിയ കേന്ദ്ര പദ്ധതികളും അതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ പശ്ചാത്തല വികസനപ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടി. ആന്റണി അടക്കമുള്ള കേന്ദ്ര നേതാക്കള്‍ പ്രചാരണത്തിനിറങ്ങിയെങ്കിലും അവരുടെ വാദങ്ങള്‍ യുഡിഎഫിനെ തിരിഞ്ഞു കൊത്തുകയായിരുന്നു. കേരളത്തിലെ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നടപടിമൂലമാണെന്ന് പറഞ്ഞ ആന്റണിക്ക് ഒറ്റദിവസം കൊണ്ടുതന്നെ പറഞ്ഞത് തിരുത്തേണ്ടിവന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്നാണ് കേരളത്തിലെത്തി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി തട്ടിവിട്ടത്. എന്നാല്‍, ഇതേ അവസരത്തില്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ കൊടിയ അഴിമതികള്‍ക്കെതിരെ അണ്ണ ഹസാരെ എന്ന ഗാന്ധിയന്‍ നടത്തിയ സമരം രാജ്യത്താകമാനം അലയടിച്ചു. എല്‍ഡിഎഫ് ഉയര്‍ത്തിയ പല ചോദ്യങ്ങള്‍ക്കും മറുപടി പറയാനാകാതെ പിന്തിരിഞ്ഞ് ഓടുന്ന കാഴ്ചയാണ് പ്രചാരണവേളയിലുടനീളം യുഡിഎഫ് ഭാഗത്തുണ്ടായത്. തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ പാചകവാതകത്തിന്റെ വിലവര്‍ധിപ്പിക്കാന്‍, യുപിഎ സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തകാര്യം എല്‍ഡിഎഫ് പ്രചാരണവിഷയമാക്കി. എന്നാല്‍, ഇതിന് മറുപടി പറയാന്‍ കേന്ദ്ര നേതാക്കള്‍ക്കടക്കം കഴിഞ്ഞില്ല.

എല്‍ഡിഎഫിന്റെയും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെയും ജനപ്രീതിയില്‍ ആശങ്കപൂണ്ട യുഡിഎഫുകാര്‍ അദ്ദേഹത്തിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും കള്ളക്കഥകളും ഉന്നയിക്കാന്‍ ഒരു മടിയും കാട്ടിയില്ല. വി എസിന്റെ പ്രസംഗത്തെ അഡല്‍ട്സ് ഒലി സിനിമയോടുവരെ താരതമ്യംചെയ്തു. വി എസിന്റെ മകനെതിരെയും വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ചു. വി എസിന്റെ വാക്കുകള്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ വളച്ചൊടിക്കാനും പ്രചാരണ വിഷയമാക്കാനുമുള്ള യുഡിഎഫ് കുതന്ത്രങ്ങള്‍ ജനം അവജ്ഞയോടെയാണ് തള്ളിക്കളഞ്ഞത്. രണ്ടുരൂപയ്ക്ക് അരി നല്‍കുന്നവരുടെ എണ്ണം പടിയായി ഉയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു മുമ്പുതന്നെ പദ്ധതി എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവരിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് പദ്ധതി വിലക്കുകയാണ് യുഡിഎഫ് ചെയ്തത്. പാവങ്ങളുടെ അന്നം മുടക്കുകയും അതു പ്രചാരണ വിഷയമാക്കുകയും ചെയ്യുക വഴി യുഡിഎഫിന്റെ ജീര്‍ണമുഖം ഒന്നുകൂടി പുറത്തുവരികയാണുണ്ടായത്.

ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് ഭാര്യാ സഹോദരീ ഭര്‍ത്താവ് റൌഫ് ഉയര്‍ത്തിയ ആരോപണങ്ങള്‍ നാടൊട്ടുക്ക് ചര്‍ച്ചയായി. പീഢനകേസ് തേച്ചുമാച്ചു കളയാന്‍ ജഡ്ജിമാരെ സ്വാധീനിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനം ഞെട്ടലോടെ കേട്ടപ്പോള്‍ കളങ്കിതനായ ആളെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു യുഡിഎഫ്. അഴിമതി കേസുകളില്‍ സംശയത്തിന്റെ നിഴലിലുള്ളവരും അന്വേഷണം നേരിടുന്ന ഒട്ടുമിക്ക പേരെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുഡിഎഫ് ഉള്‍പ്പെടുത്തി. . കിളിരൂരില്‍ പീഢനത്തിനിരയായ ശാരിയുടെ മാതാപിതാക്കള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ലതിക സുഭാഷിന് കെട്ടിവയ്ക്കാനുള്ള കാശ് നല്‍കി എന്ന് കൊട്ടിഘോഷിച്ച് അതു വി എസ് അച്യുതാനന്ദനെതിരെ പ്രചാരണായുധമാക്കി. എന്നാല്‍, സത്യം പുറത്തു വന്നു. തങ്ങളെ യുഡിഎഫുകാര്‍ രാഷ്ട്രീയമായി മുതലെടുക്കുകയായിരുന്നുവെന്ന് ശാരിയുടെ അച്ഛന്‍ വെളിപ്പെടുത്തി. വി എസിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരാണ് തങ്ങളെ സഹായിച്ചതെന്നും കേസന്വേഷണം മുന്നോട്ടുപോകണമെങ്കില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വീണ്ടും അധികാരത്തില്‍ വരണമെന്നും ശാരിയുടെ അച്ഛന്‍ പറഞ്ഞത് യുഡിഎഫിനേറ്റ കനത്ത തിരിച്ചടിയായി. ലതികാ സുഭാഷിനെ ആക്ഷേപിച്ചുവെന്ന പ്രചാരണം വി എസിന്റെ വിശദീകരണത്തോടെ കാറ്റുപോയി. ലതികയുടെ പരാതി തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളുകയും ചെയ്തതോടെ വിഎസിനെതിരെ യുഡിഎഫ് ഉയര്‍ത്തി ആരോപണം പച്ചക്കള്ളമാണെന്ന് വ്യക്തമാവുകയും ചെയ്തു.

പൊതുമുതല്‍ കവര്‍ന്നതിന് യുഡിഎഫ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള ജയിലിലായ സംഭവം സഹതാപതരംഗമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. സ്ഥാനാര്‍ഥി കുപ്പായമിട്ട പിള്ളയെ തിരിച്ചടി ഭയന്നാണ് ഒടുവില്‍ മത്സരരംഗത്തുനിന്ന് പിന്തിരിപ്പിച്ചത്. പരമോന്നത നീതിപീഠമായ സുപ്രീംകോടതി അഴിമതിക്കേസില്‍ ശിക്ഷിച്ച ബാലകൃഷ്ണപിള്ളയെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജയിലിലടച്ചു എന്നായിരുന്നു യുഡിഎഫിന്റെ പ്രചാരണം. . ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അഴിമതിക്കാരാണെന്ന് കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്റര്‍ വിളിച്ചു പറഞ്ഞത് തെരഞ്ഞെടുപ്പു പ്രചാരണ വേളയിലായിരുന്നു. ഈ സംഭവങ്ങളൊക്കെ യുഡിഎഫിന്റെയും അതിന്റെ നേതാക്കളുടെയും തനിനിറമാണ് വെളിച്ചത്തുകൊണ്ടുവന്നത്. .

തദ്ദേശ തെരഞ്ഞെടുപ്പുവേളയില്‍ യുഡിഎഫ് ഉയര്‍ത്തിയ ദുരാരോപണമായിരുന്നു ലോട്ടറി കേസ്. ലോട്ടറി നിരോധിക്കാനുള്ള പൂര്‍ണ അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് പകല്‍പോലെ വ്യക്തമായിട്ടും വിഡി സതീശനെപ്പോലുള്ളവര്‍ അടങ്ങിയിരുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരവും ഭാര്യ നളിനി ചിദംബരവും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയും ലോട്ടറി മാഫിയക്കുവേണ്ടി കേസ് വാദിക്കാനെത്തിയതോടെ കോണ്‍ഗ്രസ് ആരോപണങ്ങളുടെ മുനയൊടിഞ്ഞു. കഴിഞ്ഞയാഴ്ച ലോട്ടറി കേസില്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം സ്വീകരിച്ച നിലപാട് അന്യസംസ്ഥാന ലോട്ടറി പ്രശ്നത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ പൂര്‍ണമായും അംഗീകരിക്കുന്നതായിരുന്നു. അങ്ങനെ ബൂമറാങ് പോലെ ലോട്ടറി കേസ് കോണ്‍ഗ്രസിനു മേല്‍ തന്നെ പതിച്ചു. ഇപ്പോള്‍ വിഡി സതീശനും കൂട്ടരും ലോട്ടറിയെക്കുറിച്ച് മിണ്ടുന്നില്ല.

പെട്രോള്‍ വിലനിര്‍ണയാധികാരം ജൂണ്‍വരെ കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. അത് അപ്പാടെ എണ്ണക്കമ്പനികള്‍ക്ക് കൈമാറിയ കേന്ദ്ര നടപടിയും ചോദ്യം ചെയ്യപ്പെട്ടു. ജനങ്ങളെ നേരിട്ട് ബാധിച്ച ഈ വിഷയം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാ വിഷയമായി. . യുഡിഎഫ് ഉയര്‍ത്തിയ പ്രചാരണായുധമായിരുന്നു ഏഷ്യാനെറ്റ് ലേഖകനായ ഷാജഹാനെ പി ജയരാജന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കൈയ്യേറ്റം ചെയ്തു എന്ന്. എന്നാല്‍, ജനങ്ങള്‍ ലേഖകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവരില്‍നിന്ന് രക്ഷിക്കാനാണ് എംഎല്‍എ ശ്രമിച്ചത്. ഏഷ്യാനെറ്റിന്റെ ദൃശ്യങ്ങളില്‍ നിന്നുതന്നെ സത്യം ജനം മനസ്സിലാക്കിയതോടെ അതുകെട്ടടങ്ങി. വോട്ടുനല്‍കില്ലെന്നുപറഞ്ഞ യുവാവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍ മര്‍ദിച്ചുവെന്നും യുഡിഎഫുകാര്‍ പ്രചരിപ്പിച്ചു. ഇത് പച്ചക്കളളമാണെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ഹിന്ദു ദിനപത്രമാണ്.

ദേശാഭിമാനി 110411

1 comment:

  1. ഒരു മാസത്തിലധികം നീണ്ട തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കേ, സംസ്ഥാനമൊട്ടാകെ എല്‍ഡിഎഫ് അനുകൂല വികാരം അലയടിക്കുന്നു. അഞ്ചുവര്‍ഷത്തെ ഭരണമികവ് ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് പ്രചാരണം നടത്തിയപ്പോള്‍ രാഷ്ട്രീയം പറയാനാകാതെ വ്യക്തിപരമായ ആക്രമണത്തിലേക്കും അസംബന്ധപ്രചാരണത്തിലേക്കും തരംതാഴുകയായിരുന്നു യുഡിഎഫ്. പ്രകടനപത്രിക ഉയര്‍ത്തിപ്പിടിച്ച് ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങള്‍ അക്കമിട്ട് നിരത്തിയാണ് എല്‍ഡിഎഫ് പ്രചാരണം ആരംഭിച്ചത്. നാടിനെ പിന്നോട്ടടുപ്പിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും അഴിമതിയില്‍ മുങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ നടപടികളും അക്കമിട്ട് നിരത്തിയാണ് എല്‍ഡിഎഫ് മുന്നേറിയത്. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തിനെതിരെ ഒരാരോപണംപോലും ഉന്നയിക്കാനാകാതെ വ്യക്തിപരമായ ആക്രമണത്തിനും കള്ളപ്രചാരണങ്ങള്‍ക്കുമാണ് യുഡിഎഫ് തയ്യാറായത്. ഇതു അവരെ അപഹാസ്യരാക്കി.

    ReplyDelete