കോഴിക്കോട്: സ്ത്രീകളുടെ പൂര്‍ണ പിന്തുണ തനിക്കു ലഭിക്കുമെന്ന് മനസിലാക്കിയാണ് മലമ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആരോപണം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ ആളാണ് താന്‍. സ്ത്രീകളോട് താന്‍ മാന്യതയോടെയേ പെരുമാറിയിട്ടുള്ളൂ. അത് മലമ്പുഴയിലെ വോട്ടര്‍മാര്‍ക്കുമറിയാം. അവിടെയുള്ള സ്ത്രീകള്‍ അതിനാല്‍ തന്നെ പിന്തുണക്കുന്നവരാണ്. മലമ്പുഴയിലെ എതിര്‍സ്ഥാനാര്‍ഥി ലതികാ സുഭാഷ് മുമ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കെ പി സി സി അംഗവുമാണ്. ആ നിലയ്ക്ക് അവരുടെ പ്രശസ്തിയെക്കുറിച്ച് നിങ്ങള്‍ക്ക് അന്വേഷിച്ചാല്‍ അറിയാമെന്നാണ് പത്രക്കാരോട് പറഞ്ഞത്. ഇത് ലതികാ സുഭാഷ് കേട്ടുവോ എന്നറിയില്ല. ആരെങ്കിലും പറഞ്ഞു കേള്‍പ്പിച്ചോ എന്നറിയില്ല. അവരെ ചിലപ്പോള്‍ ഏതെങ്കിലും സമര്‍ഥരായ പത്രസുഹൃത്തുക്കള്‍ മറ്റെന്തെങ്കിലും പറഞ്ഞ് ധരിപ്പിച്ചിട്ടുണ്ടാവാം. കേസ് കോടതിയില്‍ വരുമ്പോള്‍ തനിക്ക് പറയാനുള്ളത് അവിടെ പറയുമെന്നും കോഴിക്കോട് പ്രസ്സ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ വി എസ് പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ നടത്തിയ പരമാര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. 2001 മുതല്‍ 2006 വരെ യു ഡി എഫ് ഭരിച്ച കാലത്ത് നടന്നതെല്ലാം ജനം കണ്ടതാണ്. സ്ത്രീകളെ പീഡിപ്പിക്കുന്നവരുടേയും ചന്ദനം കടത്തിയും മറ്റും കോടികള്‍ സമ്പാദിച്ചവരുടേയും ഹവാലാ പണക്കാരുടേയും കൂട്ടുകെട്ടിന്റെ ഒരു വ്യവസ്ഥിതി തന്നെ ഇവിടെ രൂപപ്പെട്ടിരുന്നു. ഈ സര്‍ക്കാര്‍ വന്ന ശേഷം അതില്‍ മാറ്റമുണ്ടായി. പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും പിന്നീട് സ്വയം രക്ഷപ്പെടാന്‍ അവര്‍ക്ക് പണം നല്‍കുകയും ചെയ്തവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. അതിന്റെ പേരില്‍ എല്‍ ഡി എഫിനെ താറടിക്കാനാണ് ചിലരുടെ ശ്രമം. അത് വിലപ്പോവില്ല. കോണ്‍ഗ്രസ് മുഖപത്രത്തേക്കാള്‍ വാശിയോടെയാണ് മറ്റു ചില പത്രങ്ങള്‍ എല്‍ ഡി എഫിനെതിരെ എഴുതുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുമ്പും അവര്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്. കര്‍ഷകരുടെ ആത്മഹത്യ ഇല്ലതാക്കിയത് ഈ സര്‍ക്കാരാണ്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. കര്‍ഷകരുടെ വായ്പക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചു. പലിശ രഹിത വ്യയ്പ ലഭ്യമാക്കി. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 7 രൂപയായിരുന്നു ഒരു കിലോ നെല്ലിന്റെ വില. ഇപ്പോഴത് 14 രൂപയാണ്. വ്യവസായം, ഐ ടി, ടൂറിസം എല്ലാ രംഗങ്ങളിലും ഏറെ വികസനമുണ്ടായി. എഫ് സി ഐ ഗോഡൗണുകള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ ഇവിടെ അന്യസംസ്ഥാനത്തുനിന്ന് അരി സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കഴിഞ്ഞ മൂന്നു നാലു ദിവസമായി കേരളത്തില്‍ പര്യടനം നടത്തുന്ന കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഡല്‍ഹിയില്‍ സ്വര്‍ഗമാണ് ഇവിടെയെന്തിന് ഈ അനാഥത്വത്തില്‍ കഴിയുന്നു എന്ന മട്ടില്‍ പ്രചാരണം നടത്തുകയാണ്. ഔചിത്യബോധത്തോടെ സംസാരിക്കാന്‍ ഈ നേതാക്കള്‍ തയ്യാറാവണം-വി എസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ ഗാന്ധിയന്‍മാര്‍ പോലും സമരരംഗത്താണെന്ന് അന്നാ ഹസാരെയുടെ സമരത്തെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് എതിര്‍ക്കുന്ന പ്രവണത കാണുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി എന്ന സ്ഥാനം ഉപയോഗിച്ച് താന്‍ മുന്‍കൈയെടുത്ത് പലതും ചെയ്തതിനാലാണ് ഇങ്ങനെ ഒറ്റ തിരിഞ്ഞ് എതിര്‍ക്കുന്നതെന്ന് വി എസ് മറുപടി പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ചട്ടവിരുദ്ധമായി താന്‍ ഒന്നു ചെയ്തിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള അധികാരവും അവകാശവും ഉപയോഗിച്ച് ശരിയായ വിധത്തിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ശാന്തിഭൂഷണെപ്പോലുള്ള മുതിര്‍ന്ന അഭിഭാഷകരോട് അഭിപ്രായം തേടിയിട്ടുണ്ട്. ഇതിന്റെ പേരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തും പോലെയോ താക്കീതിന്റെ രീതിയിലോ ആരെങ്കിലും എതിര്‍ക്കുന്നത് തനിക്ക് പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പി ശശിക്കെതിരായ കേസ് പൊലീസ് അന്വേഷിക്കുമോ എന്ന ചോദ്യത്തിന് പൊലീസ് അക്കാര്യം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ടെന്ന് വി എസ് മറുപടി നല്‍കി.
ആര്‍ എസ് എസിന്റെയും ജമാ അത്തെ ഇസ്ലാമിയുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നായിരുന്നു മറുപടി. ഈ സംഘടനകള്‍ വര്‍ഗീയ സംഘടനകളാണെന്നും ഇവര്‍ വര്‍ഗീയ സംഘട്ടനങ്ങള്‍ ഉണ്ടാക്കുന്നവരാണെന്നുമാണ് സി പി എമ്മിന്റെയും ഇടതുമുന്നണിയുടേയും നിലപാട്. അതു തന്നെയാണ് താനും തന്റെ പാര്‍ട്ടി സെക്രട്ടറിയും നേരത്തെ വ്യക്തമാക്കിയതെന്നും വി എസ് പറഞ്ഞു.
janayugom 070411
സ്ത്രീകളുടെ പൂര്‍ണ പിന്തുണ തനിക്കു ലഭിക്കുമെന്ന് മനസിലാക്കിയാണ് മലമ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആരോപണം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ ആളാണ് താന്‍. സ്ത്രീകളോട് താന്‍ മാന്യതയോടെയേ പെരുമാറിയിട്ടുള്ളൂ. അത് മലമ്പുഴയിലെ വോട്ടര്‍മാര്‍ക്കുമറിയാം. അവിടെയുള്ള സ്ത്രീകള്‍ അതിനാല്‍ തന്നെ പിന്തുണക്കുന്നവരാണ്.
ReplyDelete