Friday, April 1, 2011

ഈ അരി നിഷേധത്തിനെതിരെ കൂടിയാവണം കേരളത്തിന്റെ വോട്ട്

രാജ്യം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ നയം നടപ്പാക്കാനുള്ള സംവിധാനമായി പരമോന്നത നീതിപീഠം മാറുന്നത് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനസാമാന്യത്തെയും ഉത്ക്കണ്ഠപ്പെടുത്തുന്നതാണ്. സംസ്ഥാനത്ത് രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്യുന്ന പദ്ധതി വിപുലീകരിക്കാനുള്ള നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുന്നു. രാജ്യത്ത് സാര്‍വത്രിക റേഷനിംഗ് സമ്പ്രദായം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം രണ്ട് പതിറ്റാണ്ടായി നടപ്പിലാക്കിവരുകയാണ്. അതിന്റെ അവസാന ഘട്ടമാണ് 2011-12 ലെ കേന്ദ്ര ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെട്ടത്. സബ്‌സിഡികള്‍ പിന്‍വലിക്കപ്പെടുന്നതിന്റെ ഭാഗമായി രാസവളത്തിനും മണ്ണെണ്ണയ്ക്കുമുള്ള സബ്‌സിഡികള്‍ പണമായി ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. 2012 മാര്‍ച്ച് മാസത്തോടെ പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

തൊള്ളായിരത്തി തൊണ്ണൂറുകള്‍ മുതല്‍ രാജ്യത്ത് നടപ്പിലാക്കിവരുന്ന പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് സബ്‌സിഡികള്‍ പിന്‍വലിക്കുന്നത്. ഈ നയം രാജ്യത്തിന്റെ സാമൂഹ്യ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന തിരിച്ചറിവ് കേന്ദ്ര ഭരണാധികാരികള്‍ക്ക് ഇല്ലാതെപോയി. നിത്യവൃത്തിക്ക് ശേഷിയില്ലാത്ത 77 ശതമാനം ജനങ്ങള്‍ വസിക്കുന്ന ഒരു രാജ്യത്ത് ഈ നയത്തിന് ഒരു ബദല്‍ എന്ന നിലയിലാണ് ജനങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തെ കാണുന്നത്. ആ ബദല്‍ നയത്തിന്റെ നേട്ടമാണ് കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന ശക്തമായ പൊതുവിതരണ സമ്പ്രദായവും പൊതുമേഖലയും. അതിനെ തകര്‍ക്കുന്ന കേന്ദ്ര ഭരണാധികാരികള്‍ക്ക് നീതിന്യായ വ്യവസ്ഥകൂടി പിന്തുണ പ്രഖ്യാപിച്ചാല്‍ രാജ്യത്തെ സാധാരണക്കാരന്‍ നീതിലഭിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ട. രാജ്യത്ത് നിലവിലുള്ള സംവിധാനത്തില്‍ ജനങ്ങളുടെ പക്കലുള്ള ഏറ്റവും വലിയ ആയുധമാണ് സമ്മതിദാനാവകാശം. അതവര്‍ വിവേകപൂര്‍വ്വം വിനിയോഗിക്കും തീര്‍ച്ച.

''ആരും രാഷ്ട്രീയ ലാഭം ഉണ്ടാക്കാതിരിക്കാനും എല്ലാവര്‍ക്കും സമാന മത്സര സാഹചര്യം നിലനിര്‍ത്താനും ലക്ഷ്യമിടുന്നു സ്റ്റേ'' എന്നാണ് സുപ്രിംകോടതി പറയുന്നത്. പുത്തന്‍ സാമ്പത്തിക നയത്തിന്റെ കാതലും ഇതുതന്നെ. ആഗോള മത്സരത്തിലൂടെ ജീവിക്കണം. സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ക്ക് യാതൊരു വിലയുമില്ല.

സംസ്ഥാനത്ത് രണ്ട് രൂപയ്ക്ക് അരി വിതരണ പദ്ധതി ആരംഭിച്ചത് 2009 മെയ് 22 മുതലാണ്. 2009-10 വര്‍ഷത്തില്‍ ഈ പദ്ധതിക്കായി 195.95 കോടി രൂപ ചെലവഴിച്ചു. 2010-11 വര്‍ഷത്തില്‍ ഇതിനായി നീക്കിവച്ചത് 245 കോടി രൂപയാണ്. 2010 ഡിസംബര്‍ വരെ 182.74 കോടി ചെലവഴിക്കുകയും ചെയ്തു. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള 19.43 ലക്ഷം കുടുംബങ്ങള്‍ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 14.61  ലക്ഷം കുടുംബങ്ങള്‍ക്കും ഈ രണ്ട് വിഭാഗങ്ങളിലും പെടാത്ത പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍വചനത്തില്‍പ്പെടുന്ന അന്ത്യോദയ അന്നയോജന പദ്ധതിയില്‍പ്പെടുന്ന 5.96 ലക്ഷം കുടുംബങ്ങള്‍ക്കുമായാണ് ഈ പദ്ധതി നടപ്പിലാക്കിവന്നിരുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 11 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമായി റേഷന്‍ സബ്‌സിഡി പരിമിതപ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുള്ളപ്പോഴാണ് സംസ്ഥാനം ഈ 40 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപ അരി പദ്ധതി നടപ്പിലാക്കിയത്. പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ബാധകമാക്കാന്‍ 2011 ഫെബ്രുവരി 23 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ആറ് ദിവസം കഴിഞ്ഞ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. യു ഡി എഫ് നേതാക്കള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ പരാതി നല്‍കി. അത് സ്വാഭാവികമെന്ന് വേണമെങ്കില്‍ പറയാം. കാരണം സാര്‍വത്രിക റേഷന്‍ സമ്പ്രദായത്തിനെതിരായ രാഷ്ട്രീയ നയത്തിന്റെ പോരാട്ടത്തിലാണ് അവര്‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്ന ഒരു സംവിധാനമായി മാറിനിന്ന് ഈ പദ്ധതി വിപുലീകരിക്കുന്നത് വിലക്കി. അതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് രാജാജി മാത്യു തോമസ് എം എല്‍ എ ഹൈക്കോടതിയെ സമീപിച്ചു. പദ്ധതി തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍ പ്രതികാര ബുദ്ധിയോടെയാണ് ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് സ്വീകരിച്ചത്. രാജ്യത്ത് ഒരു ബദല്‍ നയം നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്ന വാശിയോടെ കമ്മിഷന്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി. ആ അപ്പീലിന്‍മേലാണ് പുത്തന്‍ സാമ്പത്തിക നയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സുപ്രിംകോടതി പദ്ധതി വിപുലീകരണത്തിന് വിലക്കേര്‍പ്പെടുത്തിയത്.

രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ഈ നടപടിയിലെ ഉല്‍ക്കണ്ഠ സാധാരണക്കാരന്റെ മനസില്‍ പുകയുകയാണ്. നമ്മുടെ സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാത്ത യാഥാസ്ഥിതിക സംവിധാനങ്ങള്‍ക്കെതിരെ ശക്തിയായി പ്രതികരിക്കാന്‍ കേരള ജനതയ്ക്കാവണം. അതിനുള്ള ഏറ്റവും വലിയ മാര്‍ഗം സമ്മതിദാനാവകാശം ബുദ്ധിപൂര്‍വം വിനിയോഗിക്കുകതന്നെ. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത ഉയര്‍ത്തിപ്പിടിച്ച് പ്രതികരിക്കാന്‍ കേരള ജനതയ്ക്കു കഴിയണം.

ജനയുഗം മുഖപ്രസംഗം 010411

2 comments:

  1. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ നയം നടപ്പാക്കാനുള്ള സംവിധാനമായി പരമോന്നത നീതിപീഠം മാറുന്നത് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനസാമാന്യത്തെയും ഉത്ക്കണ്ഠപ്പെടുത്തുന്നതാണ്. സംസ്ഥാനത്ത് രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്യുന്ന പദ്ധതി വിപുലീകരിക്കാനുള്ള നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുന്നു. രാജ്യത്ത് സാര്‍വത്രിക റേഷനിംഗ് സമ്പ്രദായം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം രണ്ട് പതിറ്റാണ്ടായി നടപ്പിലാക്കിവരുകയാണ്. അതിന്റെ അവസാന ഘട്ടമാണ് 2011-12 ലെ കേന്ദ്ര ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെട്ടത്. സബ്‌സിഡികള്‍ പിന്‍വലിക്കപ്പെടുന്നതിന്റെ ഭാഗമായി രാസവളത്തിനും മണ്ണെണ്ണയ്ക്കുമുള്ള സബ്‌സിഡികള്‍ പണമായി ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. 2012 മാര്‍ച്ച് മാസത്തോടെ പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

    ReplyDelete
  2. സംസ്ഥാനത്ത് രണ്ടു രൂപയ്ക്ക് അരി വിതരണത്തിനുള്ള നിരോധനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കി. നാളെ മുതല്‍ അരി വിതരണം തുടരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

    തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്നാണ് 2 രൂപയ്ക്ക് അരി വിതരണം ചെയ്യുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ 2 രൂപയ്ക്ക് അരി വിതരണം നടത്തുന്നത് ജനങ്ങളെ സ്വാധീനിക്കുമെന്ന് കാണിച്ചായിരുന്നു നിരോധനം. നാളെ മുതല്‍ അരി വിതരണം പുനരാരംഭിക്കുമെന്ന് മന്ത്രി സി ദിവാകരന്‍ അറിയിച്ചു.

    ReplyDelete