Monday, April 4, 2011

കേരളത്തിനുവേണ്ടതും ജനങ്ങള്‍ ആഗ്രഹിക്കുന്നതും ഭരണ തുടര്‍ച്ച

ഭരണവിരുദ്ധ വികാരത്തിന്റെ ലാഞ്ഛന ഇല്ലാത്ത തിരഞ്ഞെടുപ്പ്‍ ഭാഗം 2

ഒന്നാം ഭാഗം ഇവിടെ

ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ല് നമ്മുടെ പൊതുമേഖലയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇന്ത്യയെ കാത്തുരക്ഷിച്ചത് പൊതുമേഖലയാണെന്ന് സര്‍വരും അംഗീകരിക്കുന്നുമുണ്ട്. എന്നാല്‍ ആ പൊതുമേഖലയെ തകര്‍ക്കുന്ന നയമാണ് കോണ്‍ഗ്രസ് നേതൃത്വം അനുവര്‍ത്തിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും നയം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ സംരംഭങ്ങളുടെ നിയന്ത്രണം ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള മുതലാളിമാര്‍ക്ക് കൈമാറാനാണ് കോണ്‍ഗ്രസ് നടപടികളെടുക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒറ്റയടിക്ക് സ്വകാര്യവല്‍ക്കരിക്കുന്നത് അതിശക്തമായ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുമെന്നറിയാവുന്നതുകൊണ്ട് പിന്‍വാതിലിലൂടെ സ്വകാര്യവല്‍ക്കരണം നടപ്പാക്കുകയാണ് പരിപാടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുകയാണ് ഇതിന് അവലംബിക്കുന്ന മാര്‍ഗം. കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷത്തോളം കോടി രൂപ ഓഹരി വില്‍പനയിലൂടെ നേടി. ഈ വര്‍ഷം നാല്‍പതിനായിരം കോടി രൂപയാണ് ഓഹരി വില്‍പനയിലൂടെ ലഭിക്കുകയെന്നാണ് 2011-12 ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞത്.

പൊതുമേഖലയെ തകര്‍ക്കുന്ന കോണ്‍ഗ്രസിന്റെ നയം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയത് കേരളത്തിലെ മുന്‍ യു ഡി എഫ് സര്‍ക്കാരായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാക്കി അവ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ യു ഡി എഫ് സര്‍ക്കാര്‍ പരിപാടിയിട്ടു. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിലപിടിപ്പുള്ള ഭൂമിയും മറ്റ് ആസ്തികളും ചുളുവിലയ്ക്ക് മുതലാളിമാര്‍ക്ക് നല്‍കുകയായിരുന്നു ലക്ഷ്യം. യു ഡി എഫ് ഭരണകാലത്ത് പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ കേരളത്തില്‍ പുതിയ വ്യവസായശാലകളൊന്നും തുടങ്ങിയില്ല. കൊട്ടിഘോഷിച്ചു നടത്തിയ 'ജിം' വഴി അമ്പതിനായിരം കോടി രൂപയുടെ പുതിയ നിക്ഷേപം വരുമെന്നായിരുന്നു എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും പ്രചരിപ്പിച്ചത്.

വ്യവസായങ്ങളുടെ ശവപറമ്പാക്കി കേരളത്തെ മാറ്റിയ യു ഡി എഫിന്റെ ഭരണകാലവും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എല്‍ ഡി എഫിന്റെ ഭരണവും താരതമ്യപ്പെടുത്താന്‍ ലഭിക്കുന്ന അവസരമാണ് ഈ തിരഞ്ഞെടുപ്പ്. നഷ്ടത്തിലായിരുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കാന്‍ ഇടതുജനാധിപത്യ മുന്നണി സര്‍ക്കാരിന് കഴിഞ്ഞു. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടക്കുയായിരുന്ന കോഴിക്കോട്ടെ സോപ്പ് ഫാക്ടറി പുനലൂരിലെ പേപ്പര്‍ മില്‍, ബാലരാമപുരത്തെ സ്പിന്നിംഗ് മില്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാന്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭത്തില്‍ ഒരു പങ്ക് ഉപയോഗിച്ച് എട്ട് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്തു.

യു ഡി എഫ് നേതാക്കന്മാര്‍ ഒഴിച്ച് കേരളത്തിലെ ജനങ്ങളെല്ലാം അംഗീകരിക്കുന്ന നേട്ടമാണിത്. ഈ നയം മുന്നോട്ടു കൊണ്ടുപോകേണ്ടത് കേരളത്തിന്റെ വ്യവസായ പുരോഗതിക്ക് അനിവാര്യമാണ്. യു ഡി എഫിന് അധികാരം ലഭിക്കുകയാണെങ്കില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വീണ്ടും നഷ്ടത്തിലാവുകയും നഷ്ടത്തിന്റെ പേരു പറഞ്ഞ് അവയെ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്.

ലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന കയര്‍, കശുഅണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിന് ഫലപ്രദമായ നടപടികളെടുത്തതും ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരാണ്. കശുഅണ്ടി തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ നാല്‍പ്പതുദിവസം പോലും തൊഴില്‍ കൊടുക്കാന്‍ യു ഡി എഫ് ഭരണത്തിന് കഴിഞ്ഞിരുന്നില്ല. കൈത്തറി-കയര്‍ വ്യവസായങ്ങള്‍ ആ ഭരണത്തില്‍ തകര്‍ന്നുതരിപ്പണമായി. കശുഅണ്ടി തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് ഇരുന്നൂറുദിവസം തൊഴിലുറപ്പുവരുത്താന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു. കൈത്തറിക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം പോലും വിനിയോഗിക്കാന്‍ യു ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.

ഇതുവരെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ക്രമസമാധാനനിലയാണ് പ്രധാന ചര്‍ച്ചാവിഷയമാകാറ്. മുമ്പ് ഇടതു ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുമ്പോള്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ മുഖ്യ ആയുധം ക്രമസമാധാനം തകര്‍ന്നെന്ന പ്രചാരണമായിരുന്നു. എന്നാല്‍ ഇത്തവണ, ക്രമസമാധാനം തകര്‍ന്നെന്ന് ആരോപിക്കാന്‍ പോലും യു ഡി എഫിന് കഴിയുന്നില്ല. ക്രമസമാധാന പാലനത്തിലും വര്‍ഗീയശക്തികള്‍ക്ക് കടിഞ്ഞാണിടുന്നതിലും ജനങ്ങള്‍ക്ക് സമാധാനപരമായ ജീവിതം ഉറപ്പാക്കുന്നതിലും എല്‍ ഡി എഫ് സര്‍ക്കാര്‍ കൈവരിച്ച നേട്ടം രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്നതിന്റെ തെളിവാണിത്.

യു ഡി എഫ് ഭരണകാലത്ത് കേരളത്തിലെ ക്രമസമാധാനനില എന്തായിരുന്നുവെന്ന് ജനങ്ങള്‍ മറന്നിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങളിലൊന്ന് ക്രമസമാധാന തകര്‍ച്ചയായിരുന്നു. മാഫിയാസംഘങ്ങളുടെ പിടിയില്‍ കേരളം അമര്‍ന്ന സ്ഥിതിയായിരുന്നു. മദ്യമാഫിയ, ചന്ദനമാഫിയ, ബ്ലേഡ് മാഫിയ തുടങ്ങിയ സംഘങ്ങള്‍ പട്ടണങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും അഴിഞ്ഞാടുകയായിരുന്നു. പൊലീസിലെ ഒരു വിഭാഗവും ഭരണകക്ഷികളുടെ നേതാക്കന്മാരും അധോലോക സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ സഖ്യം ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തി. കൊള്ളക്കാരെയും മാഫിയാസംഘങ്ങളെയും നേരിടാന്‍ ജനങ്ങള്‍ സ്വയം സംഘടിച്ചു ചെറുത്തുനില്‍പ്പ് നടത്തേണ്ട സ്ഥിതി സംജാതമായി. വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുന്ന യു ഡി എഫിന്റെ നയവും സമീപനവും വര്‍ഗീയസംഘട്ടനങ്ങള്‍ക്കും കലാപങ്ങള്‍ക്കും വഴി തുറന്നു. മാറാട്, തൈക്കല്‍ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ വര്‍ഗീയ സംഘട്ടനങ്ങളും അക്രമങ്ങളും നടന്നു. അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അത് ജനങ്ങളില്‍ അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചത്. യു ഡി എഫ് ഭരണത്തിനെതിരെ വിധിയെഴുതാന്‍ ജനങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് ക്രമസമാധാനത്തകര്‍ച്ചയായിരുന്നു. അന്നത്തെ സ്ഥിതിയാകെ മാറ്റിയെടുക്കാന്‍ ഇടതുജനാധിപത്യ മുന്നണി സര്‍ക്കാരിന് കഴിഞ്ഞു. ക്രമസമാധാനനില ഏറ്റവും ഭദ്രമായ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നേടാന്‍ എല്‍ ഡി എഫ് ഭരണത്തില്‍ കേരളത്തിന് കഴിഞ്ഞു.

വിവിധ ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ മാതൃക സൃഷ്ടിക്കാനും എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ എന്നും കേരളം മുന്നിലായിരുന്നു. എന്നാല്‍ യു ഡി എഫ് ഭരണം ക്ഷേമപദ്ധതികളെല്ലാം തകര്‍ത്തു. രാജ്യത്തിന് ആകെ മാതൃകയായി കേരളത്തില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി രൂപീകരിക്കുകയും കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുകയും ചെയ്തത് മുന്‍ എല്‍ ഡി എഫ് സര്‍ക്കാരായിരുന്നു. ഈ പദ്ധതി യു ഡി എഫ് ഭരണം തകര്‍ത്തു.
കര്‍ഷകത്തൊഴിലാളികള്‍ക്ക് 110 രൂപയായിരുന്നു പെന്‍ഷന്‍. 28 മാസക്കാലത്തെ പെന്‍ഷന്‍ കുടിശിക ബാക്കിവച്ചാണ് യു ഡി എഫ് ഭരണത്തില്‍ നിന്ന് പടിയിറങ്ങിയത്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങളൊന്നും യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയില്ല. കയര്‍, കശുഅണ്ടി, കൈത്തറി തൊഴിലാളിക്ഷേമനിധികളുടെ സ്ഥിതിയും അതുതന്നെയായിരുന്നു. പണിയെടുക്കുന്നവരോടും സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന മറ്റ് അവശ ജനവിഭാഗങ്ങളോടും പ്രതിബദ്ധതയുള്ള എല്‍ ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ ക്ഷേമനിധികളുടെ പ്രവര്‍ത്തനം സജീവമാക്കി. ക്ഷേമനിധികള്‍ക്ക് ബജറ്റില്‍ കൂടുതല്‍ പണം വകയിരുത്തി. ക്ഷേമനിധികളില്‍ അംഗങ്ങളായവര്‍ക്കുള്ള പെന്‍ഷന്‍ 110 രൂപയില്‍ നിന്ന് 400 രൂപയായി ഉയര്‍ത്തി. ഇത് ആയിരം രൂപയാക്കുമെന്നാണ് ഇത്തവണ എല്‍ ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനം. സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികളില്‍ നിന്നുള്ള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത ഒരു കുടുംബവും ഫലത്തില്‍ ഇപ്പോള്‍ കേരളത്തിലില്ല.

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിലും വീട് നിര്‍മ്മിച്ചു നല്‍കുന്നതിലും വിദ്യാഭ്യാസ-ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും എല്ലാ വീടുകളിലും വൈദ്യുതിയും കുടിവെള്ളവും എത്തിക്കുന്നതിലുമെല്ലാം അഭിമാനകരമായ നേട്ടം കൈവരിച്ച സര്‍ക്കാരാണ് എല്‍ ഡി എഫിന്റേത്. ഈ നേട്ടങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഭരണ തുടര്‍ച്ച വേണം. അതിനു വേണ്ടിയായിരിക്കും ജനങ്ങള്‍ വോട്ടു ചെയ്യുക.

വെളിയം ഭാര്‍ഗവന്‍ ജനയുഗം 040411

1 comment:

  1. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ല് നമ്മുടെ പൊതുമേഖലയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇന്ത്യയെ കാത്തുരക്ഷിച്ചത് പൊതുമേഖലയാണെന്ന് സര്‍വരും അംഗീകരിക്കുന്നുമുണ്ട്. എന്നാല്‍ ആ പൊതുമേഖലയെ തകര്‍ക്കുന്ന നയമാണ് കോണ്‍ഗ്രസ് നേതൃത്വം അനുവര്‍ത്തിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും നയം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ സംരംഭങ്ങളുടെ നിയന്ത്രണം ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള മുതലാളിമാര്‍ക്ക് കൈമാറാനാണ് കോണ്‍ഗ്രസ് നടപടികളെടുക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒറ്റയടിക്ക് സ്വകാര്യവല്‍ക്കരിക്കുന്നത് അതിശക്തമായ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുമെന്നറിയാവുന്നതുകൊണ്ട് പിന്‍വാതിലിലൂടെ സ്വകാര്യവല്‍ക്കരണം നടപ്പാക്കുകയാണ് പരിപാടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുകയാണ് ഇതിന് അവലംബിക്കുന്ന മാര്‍ഗം. കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷത്തോളം കോടി രൂപ ഓഹരി വില്‍പനയിലൂടെ നേടി. ഈ വര്‍ഷം നാല്‍പതിനായിരം കോടി രൂപയാണ് ഓഹരി വില്‍പനയിലൂടെ ലഭിക്കുകയെന്നാണ് 2011-12 ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞത്.

    ReplyDelete