മൂന്നാര്‍: ദേവികുളം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എ കെ മണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി പി ഐ ലോക്കല്‍ കമ്മറ്റി അംഗത്തെയും കുടുംബാംഗങ്ങളെയും വീട്ടില്‍ കയറി അക്രമിച്ചു.
മൂന്നാറിനടുത്ത് ലക്ഷ്മി എസ്‌റ്റേറ്റിലെ കോളനിയില്‍ താമസിക്കുന്ന സി പി ഐ ലോക്കല്‍ കമ്മറ്റിയംഗം രാജേന്ദ്രന്‍ (52), ഭാര്യ കനിയമ്മ (48), മകന്‍ രാജു (30), ഭാര്യ സുധ (28), രാജുവിന്റെ മക്കളായ ശിവമണികണ്ഠന്‍ (3), തരന്‍ (ഒന്ന്) എന്നിവര്‍ക്കും അയല്‍വാസിയായ രാസയ്യ (70) യ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ആക്രമണമുണ്ടായത്.
എ കെ മണിയുടെയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എസ് കെ വിജയന്റെയും നേതൃത്വത്തില്‍ അമ്പതോളം പേരടങ്ങുന്ന സ്ഥലമാണ് ആക്രമണം നടത്തിയതെന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന രാജേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലക്ഷ്മി എസ്‌റ്റേറ്റ് ഉള്‍പ്പെടുന്ന വാര്‍ഡില്‍ മല്‍സരിച്ചു തോറ്റയാളാണ് വിജയന്‍. രാജേന്ദ്രന്റെ വീട് കേന്ദ്രീകരിച്ചാണ് അന്ന് എല്‍ ഡി എഫിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇപ്പോഴും എസ്‌റ്റേറ്റിലെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഒത്തുകൂടുന്നത് രാജേന്ദ്രന്റെ വീട്ടിലാണ്. ഇതില്‍ കലിപൂണ്ട വിജയന്‍ സ്ഥാനാര്‍ഥി മണിയടക്കമുള്ളവരുമായി നാലു ജീപ്പുകളില്‍ കോളനിയിലെത്തി ആക്രമണമഴിച്ചുവിടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന പഞ്ചായത്തംഗം ബെന്നി ഫിലിപ്പ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സെല്‍വരാജ്, പിച്ചയ്യ, ധനുകോടി, മണി, ശരവണന്‍, പോളയ്യ തുടങ്ങിയവരെ രാജേന്ദ്രന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
രാജേന്ദ്രന്റെ തലയ്ക്ക് ചുറ്റികകൊണ്ട് അടിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് അയല്‍വാസിയായ രാസയ്യക്ക് മര്‍ദ്ദനമേറ്റത്. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് തടസം പിടിക്കാന്‍ ചെന്ന സ്ത്രീകളെ തള്ളി താഴെയിട്ട ആക്രമികള്‍ കുട്ടികളെയും വെറുതെ വിട്ടില്ല. വെള്ളത്തൂവല്‍ പൊലീസ് കേസെടുത്തു.
ജനയുഗം 040411
No comments:
Post a Comment