Monday, April 4, 2011

കെ എസ് ആര്‍ ടി സിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് എല്‍ ഡി എഫ് സര്‍ക്കാര്‍

കെ എസ് ആര്‍ ടി സിയെ തകര്‍ച്ചയുടെ കയത്തില്‍ ആഴ്ത്തിയാണ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ 2006 ല്‍ പടിയിറങ്ങിയത്. സ്ഥാപനം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയായിരുന്നു. എണ്ണകമ്പനികള്‍ക്ക് 155 കോടി രൂപയോളം ബാധ്യതയും മറ്റെല്ലാ മേഖലകളിലും വന്‍ സാമ്പത്തിക നഷ്ടവും വരുത്തിവച്ചു. ഏറ്റവും ആധുനികമായ സജ്ജീകരണങ്ങള്‍ ഉള്ള സെന്‍ട്രല്‍ വര്‍ക്‌സ് ഉള്‍പ്പടെയുള്ള അഞ്ച് മേജര്‍ വര്‍ക്ക് ഷോപ്പുകളിലും ബോഡിബില്‍ഡിംഗ് പ്രവര്‍ത്തനവും പൂര്‍ണമായും അവസാനിപ്പിച്ചു. കെ എസ് ആര്‍ ടി സി അഴിമതിയുടെ കൂത്തരങ്ങായി.
തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന കോര്‍പ്പറേഷനെ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ പുനരുദ്ധരിച്ചു. ദീര്‍ഘവീക്ഷണത്തോടെയുളള വിപുലീകരണം ലക്ഷ്യമിട്ട് നടത്തിയ വികസനപ്രവര്‍ത്തനങ്ങളിലൂടെ ഗതാഗത മേഖലയിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പങ്ക് 12.76 ശതമാനത്തില്‍ നിന്നും 29.50 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് ചരിത്ര സംഭവമാണ്. 2150 പുതിയ ബസുകള്‍ നിരത്തിലിറക്കുവാനും 11.62 ലക്ഷം കിലോ മീറ്റര്‍ സര്‍വീസ് നടത്തിയിരുന്നത് 362 മലബാര്‍ സര്‍വീസുകള്‍ ഉള്‍പ്പടെ 1986 പുതിയ ഷെഡ്യൂള്‍ ആരംഭിച്ച് കൊണ്ട് 16.24 ലക്ഷം കിലോമീറ്ററായി വര്‍ധിപ്പിക്കാനും കഴിഞ്ഞു.

ടിക്കറ്റിതരവരുമാനം വര്‍ധിപ്പിക്കുവാന്‍ വേണ്ടി പ്രധാനപ്പെട്ട എല്ലാ ബസ് സ്റ്റേഷനുകളിലും വ്യാപാരസമുച്ചയങ്ങള്‍ നിര്‍മിക്കുവാന്‍ പദ്ധതികള്‍ക്ക് രൂപം നല്‍കി. ചില ബസ് സ്റ്റേഷനുകളില്‍ അത് പൂര്‍ത്തീകരിക്കുകയും ചെയ്തു. അടൂര്‍, പത്തനാപുരം, പുതുക്കാട്, കാസര്‍കോട്, കണ്ണൂര്‍, അങ്കമാലി, കാട്ടാക്കട, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് എന്നുമെന്നും മുതല്‍കൂട്ടാണ്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ കെട്ടിടസമുച്ചയം ഏതാനും മാസങ്ങള്‍ക്കകം പൂര്‍ത്തീകരിക്കപ്പെടും. കോഴിക്കോട്, തൊടുപുഴ, തിരുവല്ല, ഈഞ്ചയ്ക്കല്‍, കിളിമാനൂര്‍, പയ്യന്നൂര്‍, നെടുമങ്ങാട് തുടങ്ങിയവയ്ക്ക് ഭരണാനുമതി ലഭിച്ചുകഴിഞ്ഞു.

ഇന്ധനക്ഷമതയില്‍ 2006 ജനുവരിയില്‍ 3.84 കിലോമീറ്ററായിരുന്നത് ഘട്ടംഘട്ടമായി വര്‍ധിപ്പിച്ച് 4.29 വരെ എത്തി. ഗുണനിലവാരമുള്ള സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങിയതു കാരണം ജീവനക്കാരുടെ ഉല്‍പാദനക്ഷമത 15 ശതമാനം മുതല്‍ 21 ശതമാനം വരെ വര്‍ധിക്കുകയും ചെയ്തു. തന്‍മൂലം 5.48 കോടി രൂപ പ്രതിമാസം ചെലവ് ചുരുക്കുവാനും കഴിഞ്ഞു.
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി അന്തര്‍ സംസ്ഥാന കരാര്‍ അംഗീകരിച്ച് നടപ്പിലാക്കി. തിരുവനന്തപുരം നഗരത്തില്‍ സമാന്തര സര്‍വീസുകള്‍ നിയന്ത്രിച്ചുകൊണ്ട് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. മലബാര്‍ മേഖലയില്‍ സര്‍വീസുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചുകൊണ്ടും സംസ്ഥാനത്ത് ഉടനീളം ചെയിന്‍ സര്‍വീസുകളും ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ നടപ്പിലാക്കികൊണ്ടും വികസനത്തിന് പുത്തന്‍ മാതൃകതന്നെ സൃഷ്ടിച്ചു. 2006 ഏപ്രിലില്‍ പ്രതിദിനവരുമാനം 2.36 കോടി ആയിരുന്നത് 2011 മാര്‍ച്ചില്‍ മൂന്ന് കോടി രൂപയായി വര്‍ധിച്ചു. ഇപ്പോള്‍ 5429 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുവാന്‍ 5711 ബസുകള്‍ സ്ഥാപനത്തിനുണ്ട്. ജന്റോം പദ്ധതിപ്രകാരം ശരാശരി 28580 കിലോമീറ്റര്‍ സര്‍വീസ് നടത്തുകയും ശരാശരി പ്രതിദിനം 20 ലക്ഷം രൂപ വരുമാനം ഉണ്ടാവുകയും ചെയ്യുന്നു.

യു ഡി എഫ് സര്‍ക്കാര്‍ വാങ്ങി കൂട്ടിയ മിനിബസുകള്‍ വന്‍ നഷ്ടത്തിലാണ് സര്‍വീസ് നടത്തിവന്നിരുന്നത്. തന്‍മൂലം നഷ്ടത്തിന്റെ തോത് വര്‍ധിപ്പിക്കുന്നത് കണ്ട് അത്തരത്തിലുള്ള മിനി ബസുകള്‍ ലേലം ചെയ്ത് വല്‍ക്കുവാന്‍ മുന്‍കൈ എടുത്തു. എല്ലാവിഭാഗം ജീവനക്കാര്‍ക്കും ട്രെയിനിംഗ് നല്‍കുകയും എല്ലാ ഡ്രൈവര്‍മാര്‍ക്കും പരിശീലനം നിര്‍ബന്ധമാക്കുകയും ചെയ്തതോടുകൂടി അപകടനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറയ്ക്കുവാന്‍ കഴിഞ്ഞു. തന്‍മൂലം ഇന്ധനക്ഷമത മെച്ചപ്പെടുത്തുവാനും കഴിഞ്ഞു. മെച്ചപ്പെട്ട ഇന്ധനക്ഷമത കൈവരിച്ചതിന് സ്റ്റേറ്റ് എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ഉപഹാരം കഴിഞ്ഞ രണ്ട് വര്‍ഷവും കെ എസ് ആര്‍ ടി സിക്ക് ലഭിച്ചു.

പുതുതായി നിര്‍ത്തിലിറക്കുന്ന എല്ലാ ബസുകളും തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് സ്‌കീമില്‍പ്പെടുത്തി. ഫാസ്റ്റ് പാസഞ്ചര്‍ ബസ് മുതലുള്ള എല്ലാ അപ്പര്‍ ക്ലാസ് സര്‍വീസുകളും ഇന്‍ഷ്വര്‍ ചെയ്യുവാനും നടപടികള്‍ എടുത്തു. പുതിയതായി തിരുവനന്തപുരം സിറ്റിയിലും എറണാകുളത്തുമായി മൂന്ന് ഡബിള്‍ ഡക്കര്‍, പുഷ്ബുള്‍ ബസുകള്‍ നിരത്തിലിറക്കി വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തി.

2006 ഏപ്രില്‍ മുതല്‍ 474.83 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ലോണായും മൂലധനമായും ധനസഹായം നല്‍കി 2006 മെയ് മാസം ഐ ഒ സിക്ക് നല്‍കാനുണ്ടായിരുന്ന ബാധ്യത 133.29 കോടിയില്‍ 125 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കി അടച്ചുതീര്‍ത്തു. 1070.6 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ എഴുതിതള്ളി. ഇതില്‍ 251 കോടി ഇക്യുറ്റി ഷെയറായും 197.39 കോടി രൂപ പലിശയും പിഴപ്പലിശയും 2008 മാര്‍ച്ച് 31 വരെയുള്ള 622.83 കോടി രകൂപ വാഹനനികുതിയും എഴുതിത്തള്ളി. 2011 ല്‍ സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ ബാധ്യത കണക്കിലെടുത്ത് 100 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

2002 മാര്‍ച്ച് മാസം കാലാവധി അവസാനിച്ച ശമ്പള പരിഷ്‌കരണകരാര്‍ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കി. എം പാനല്‍, എംപ്ലോയ്‌മെന്റ് ജീവനക്കാരുടെ വേതനവും എല്ലാ അലവന്‍സുകളും ഗണ്യമായി വര്‍ധിപ്പിച്ചു. 2011 ഫെബ്രുവരിയില്‍ പുതിയ ശമ്പള പരിഷ്‌കരണത്തിന്റെ ചര്‍ച്ചകള്‍ അംഗീകൃത സംഘടനകളുമായി നടത്തുകയും ശമ്പളഘടനയില്‍ ധാരണ ഉണ്ടാക്കുവാനും കഴിഞ്ഞിട്ടുണ്ട്. ക്ഷാമബത്ത കുടിശിക 49 ശതമാനം എന്നതില്‍ നിന്നും 2011 മാര്‍ച്ച് മുതല്‍ 19 ശതമാനം ക്ഷാമബത്ത അനുവദിക്കുകയും ചെയ്തു. പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത ജീവനക്കാരോടൊപ്പം നല്‍കി. നിലവില്‍ 94 ശതമാനം ക്ഷാമബത്ത സര്‍ക്കാരിന് ലഭിക്കുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ക്ക് 64 ശതമാനം ക്ഷാമബത്ത അനുവദിച്ചു കഴിഞ്ഞു. ഇനി നല്‍കുവാനുള്ളത് 30 ശതമാനം മാത്രമാണ്. അത് നല്‍കുവാനുള്ള നടപടികള്‍ പുരോഗമിച്ചുവന്നപ്പോഴാണ് ഇലക്ഷന്‍ പ്രഖ്യാപനം വന്നത്. പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന പ്രധാനപ്പെട്ട ആവശ്യം മാത്രമാണ് പല കാരണങ്ങളാല്‍ നടപ്പിലാക്കാന്‍ കഴിയാതെ പോയത്. എന്നാല്‍ പെന്‍ഷന്‍ വിതരണം ചെയ്യുവാന്‍ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ വന്‍സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.

ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പടെ 80,000 ല്‍പരം കുടുംബങ്ങള്‍ കെ എസ് ആര്‍ ടി സിയെ ആശ്രയിച്ചാണ് കഴിയുന്നത്. ദിനംപ്രതി 35 മുതല്‍ 37 ലക്ഷം വരെ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രാ സംവിധാനം ഒരുക്കുന്ന കെ എസ് ആര്‍ ടി സിക്ക് കേരളത്തിലെ സാധാരണ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിച്ചുയരുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതിന് ശേഷം 22,000 പേര്‍ക്ക് പുതിയതായി കോര്‍പ്പറേഷനില്‍ നിയമനം നല്‍കി.

ഇതില്‍ 15,000 ല്‍പരം പേര്‍ക്ക് പി എസ് സി വഴിയാണ് നിയമനം നല്‍കിയിട്ടുള്ളത്. തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തില്‍ ഏറ്റവും വലിയ തൊഴില്‍ദായക സ്ഥാപനം എന്ന നിലയില്‍ വന്‍ ഖ്യാതി കെ എസ് ആര്‍ ടി സിക്കുണ്ട്. നിയമന നിരോധനവും ഡിപ്പോകള്‍ അടച്ചുപൂട്ടലുകളും യു ഡി എഫ് സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നുവെങ്കില്‍ അതിനെല്ലാം തടയിട്ട സ്ഥാപനത്തെ കരകയറ്റിയത് എല്‍ ഡി എഫ് സര്‍ക്കാരാണ്.

എല്‍ ഡി എഫ് അധികാരത്തില്‍ തുടരേണ്ടത് കെ എസ് ആര്‍ ടി സിയുടേയും ജീവനക്കാരുടേയും താല്‍പര്യമാണ്.

എം രാധാകൃഷ്ണന്‍ നായര്‍ ജനയുഗം 040411

2 comments:

  1. കെ എസ് ആര്‍ ടി സിയെ തകര്‍ച്ചയുടെ കയത്തില്‍ ആഴ്ത്തിയാണ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ 2006 ല്‍ പടിയിറങ്ങിയത്. സ്ഥാപനം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയായിരുന്നു. എണ്ണകമ്പനികള്‍ക്ക് 155 കോടി രൂപയോളം ബാധ്യതയും മറ്റെല്ലാ മേഖലകളിലും വന്‍ സാമ്പത്തിക നഷ്ടവും വരുത്തിവച്ചു. ഏറ്റവും ആധുനികമായ സജ്ജീകരണങ്ങള്‍ ഉള്ള സെന്‍ട്രല്‍ വര്‍ക്‌സ് ഉള്‍പ്പടെയുള്ള അഞ്ച് മേജര്‍ വര്‍ക്ക് ഷോപ്പുകളിലും ബോഡിബില്‍ഡിംഗ് പ്രവര്‍ത്തനവും പൂര്‍ണമായും അവസാനിപ്പിച്ചു. കെ എസ് ആര്‍ ടി സി അഴിമതിയുടെ കൂത്തരങ്ങായി.
    തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന കോര്‍പ്പറേഷനെ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ പുനരുദ്ധരിച്ചു. ദീര്‍ഘവീക്ഷണത്തോടെയുളള വിപുലീകരണം ലക്ഷ്യമിട്ട് നടത്തിയ വികസനപ്രവര്‍ത്തനങ്ങളിലൂടെ ഗതാഗത മേഖലയിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പങ്ക് 12.76 ശതമാനത്തില്‍ നിന്നും 29.50 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് ചരിത്ര സംഭവമാണ്. 2150 പുതിയ ബസുകള്‍ നിരത്തിലിറക്കുവാനും 11.62 ലക്ഷം കിലോ മീറ്റര്‍ സര്‍വീസ് നടത്തിയിരുന്നത് 362 മലബാര്‍ സര്‍വീസുകള്‍ ഉള്‍പ്പടെ 1986 പുതിയ ഷെഡ്യൂള്‍ ആരംഭിച്ച് കൊണ്ട് 16.24 ലക്ഷം കിലോമീറ്ററായി വര്‍ധിപ്പിക്കാനും കഴിഞ്ഞു.

    ReplyDelete
  2. ഇതില്‍ 15,000 ല്‍പരം പേര്‍ക്ക് പി എസ് സി വഴിയാണ് നിയമനം നല്‍കിയിട്ടുള്ളത്. ..

    hahaha.. how much is the fee to get pass this exam? 'am not Arun Kumar.. nor did not get third class in PUC exam...

    ReplyDelete